സര്‍വകലാശാലകള്‍ എകെജി സെന്ററിലെ ഡിപ്പാര്‍ട്ട്‌മെന്റുകളല്ല: സതീശൻ

കൊല്ലം: എ.കെ.ജി സെന്ററിലെ ഡിപ്പാര്‍ട്ട്‌മെന്റുകളല്ല കേരളത്തിലെ സര്‍വകലാശാലകളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സര്‍വകലാശാലാ വിഷയത്തില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള തര്‍ക്കമല്ല പ്രതിപക്ഷത്തിന്റെ പ്രശ്‌നം. ഇരുവരും തമ്മിലുള്ള തര്‍ക്കം മുന്‍പും ഉണ്ടായിട്ടുണ്ട്. അത് ഒത്തുതീര്‍പ്പിലെത്തിക്കാന്‍ കേന്ദ്രത്തിലെ ബി.ജെ.പി നേതൃത്വത്തില്‍ ഇടനിലക്കാരുമുണ്ട്. നാളെ ഇവര്‍ വീണ്ടും സെറ്റിലാകുമോ എന്നൊന്നും ഞങ്ങള്‍ക്കറിയില്ല. ഞങ്ങളുടെ വിഷയം അതല്ല. സര്‍വകലാശാലകളുടെ അക്കാദമിക്- ഭരണപരമായ കാര്യങ്ങളില്‍ സി.പി.എം നിരന്തരമായി ഇടപെടുകയാണ്. നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം ഇക്കാര്യം ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയില്‍ യു.ജി.സി ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് നിയമനങ്ങള്‍ നടത്തിയത്. കണ്ണൂര്‍ വി.സിയുടെ പുനര്‍നിയമനം നിയമവിരുദ്ധമാണ്. നിയമവിരുദ്ധമായ സര്‍ക്കാരിന്റെ ശുപാര്‍ശയ്ക്ക് മേലൊപ്പ് ചാര്‍ത്തികൊടുക്കുകയാണ് ഗവര്‍ണര്‍ ചെയ്തത്. മുഖ്യമന്ത്രിക്ക് കൊടുത്ത കത്തില്‍ പ്രതിപക്ഷം പറഞ്ഞത് ശരിയാണെന്ന് ഗവര്‍ണര്‍ സമ്മതിച്ചിട്ടുണ്ട്. ഇനി അത് തിരുത്താനുള്ള നടപടികളിലേക്ക് ഗവര്‍ണര്‍ കടക്കണം.

കാലടി സര്‍വകലാശാല വി.സി നിയമനത്തില്‍ സെര്‍ച്ച് കമ്മിറ്റിയെ നോക്കുകുത്തിയാക്കി. അസിസ്റ്റന്റ്, അസോസിയേറ്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് പ്രതിഭാശാലികളായ ഉദ്യോഗാര്‍ഥികള്‍ പോലും അപേക്ഷിക്കുന്നില്ല. ഏത് ഒഴിവ് വന്നാലും സി.പി.എം നേതാവിന്റെ ബന്ധുവിന് റിസര്‍വ് ചെയ്തിട്ടുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. ആരോപണവിധേയമായ എല്ലാ നിയമനങ്ങളും റദ്ദാക്കി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം. സര്‍വകലാശാലകളെ എ.കെ.ജി സെ്ന്ററിന്റെ ഡിപ്പാര്‍ട്ട്‌മെന്റുകളാക്കാന്‍ അനുവദിക്കില്ല. അതിനെതിരെ സമരവുമായി യു.ഡി.എഫ് രംഗത്തിറങ്ങും. തെറ്റ് ചെയ്താല്‍ ഗവര്‍ണറെയും വിമര്‍ശിക്കും. ഗവര്‍ണറും വിമര്‍ശനത്തിന് അതീതനല്ല.

പിണറായിക്കും മോദിക്കും ഏകാധിപതികളുടെ പൊതുസ്വഭാവം; സംഘപരിവാര്‍ ശൈലി ഞങ്ങള്‍ക്കു നേരെ വേണ്ട

കൊല്ലം: ആലുവയില്‍ മൊഫിയ പര്‍വീണിന് നീതി തേടി സമരം ചെയ്തതിന് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ തീവ്രവാദ ബന്ധം ചാര്‍ത്തികൊടുത്തവരാണ് പിണറായി സര്‍ക്കാര്‍. മോദി സര്‍ക്കാരിന്റെ അതേ പകര്‍പ്പ് തന്നെയാണ് പിണറായിയും. തെറ്റുകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ദേശദ്രോഹികളാക്കി മാറ്റുകയാണ്. ഇത് ഏകാധിപതികളുടെ പൊതുസ്വഭാവമാണ്. കേരളത്തിലെ പൊലീസിനെ നിയന്ത്രിക്കുന്നത് സംഘപരിവാര്‍ ശക്തികളാണ്. പ്രതികളാക്കപ്പെട്ടവരുടെ പേര് നോക്കിയാണ് തീവ്രവാദബന്ധം ആരോപിക്കുന്നത്. സ്വന്തം പാര്‍ട്ടിയില്‍പ്പെട്ട രണ്ടു ചെറുപ്പക്കാരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി ജയിലിലിട്ടവര്‍ സംഘപരിവാര്‍ ശൈലി ഞങ്ങള്‍ക്കു നേരെ എടുക്കേണ്ട. ഇത് കേരളമാണ്. മുഖ്യമന്ത്രിക്കും സി.പി.എമ്മിനും സംഘപരിവാര്‍ മനസാണ്. ഇതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കും.

ഹിന്ദുവും ഹിന്ദുത്വയും രണ്ടാണെന്നാണ് ജയ്പുര്‍ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്. ഹിന്ദു എന്നത് ജീവിതക്രമവും മതവിശ്വാസവുമാണ്. ഹിത്വത്വ എന്നത് രാഷ്ട്രീയമാണ്. ഹിന്ദുമതത്തില്‍ വിശ്വസിക്കുമ്പോള്‍ തന്നെ മറ്റൊരു മതത്തില്‍ വിശ്വസിക്കാനുള്ള മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതിനെ ഞങ്ങള്‍ എതിര്‍ക്കും. അതു തന്നെയാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. അധികാരം പിടിച്ചെടുക്കാനുള്ള അജണ്ടയായാണ് ഹിന്ദുത്വത്തെ സംഘപരിവാര്‍ ഉപയോഗിക്കുന്നത്. കോണ്‍ഗ്രസിന്റെ നിലപാട് തന്നെയാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുന്നില്ല. 50 മുതല്‍ 150 ശതമാനം വരെയാണ് വിലക്കയറ്റമുണ്ടായിരിക്കുന്നത്. ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ഇതിനിടയിലാണ് വൈദ്യുത ചാര്‍ജ് വര്‍ധന കൂടി സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്.

Related posts

Leave a Comment