തനത് ഫണ്ട് മാറ്റം തദ്ദേശ സ്ഥാപനങ്ങൾക്കുള്ള മരണമണി ; എ.എം. ജാഫർ ഖാൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.ജി.ഒ. അസോസിയേഷൻ

കേരളത്തിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ തനത് ഫണ്ട് വരുമാനം ട്രഷറിയിൽ സൂക്ഷിക്കണമെന്ന ധനവകുപ്പിന്റെ പുതിയ നിർദ്ദേശം നടപ്പിലായാൽ അധികാര വികേന്ദ്രീകരണം അട്ടിമറിക്കപ്പെടുമെന്നുറപ്പാണ്.
1992 ലെ 73, 74 ഭരണഘടന ഭേദഗതി പ്രകാരം നിലവിൽ വന്ന ഗ്രാമ പഞ്ചായത്തുകളും നഗരസഭകളും ഭരണഘടന പദവിയുള്ള സ്ഥാപനങ്ങളായത് കൊണ്ടാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെന്ന് വിളിക്കുന്നത്.
ഭരണഘടനാ പ്രകാരം പ്രാദേശിക സർക്കാരുകളായ പഞ്ചായത്ത് കളേയും മുൻസിപ്പാലിറ്റികളേയും, അവയുടെ ഫണ്ട് വിനിയോഗത്തേയും ധനകാര്യ വകുപ്പിന്റെ നിയന്ത്രണത്തിൽ കൊണ്ട് വരുന്നത് നിയമവിരുദ്ധമായ കാര്യമാണ്.
കഴിഞ്ഞ ആഴ്ച ധനവകുപ്പ് പുറപ്പെടുവിച്ച സർക്കുലറിലാണ് നിലവിൽ ബാങ്ക് അക്കൗണ്ടുകളിൽ സൂക്ഷിക്കുന്ന തനത് ഫണ്ട് സ്പെഷ്യൽ ട്രഷറി സേവിംഗ്സ് ബാങ്ക് (STSB ) അക്കൗണ്ടിൽ സൂക്ഷിക്കണമെന്ന നിർദ്ദേശം ലഭിച്ചത്.
സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്ത്കൾ, 87 നഗരസഭകൾ, 6 കോർപ്പറേഷനുകൾ എന്നിവയുടെ വസ്തു നികുതി, തൊഴിൽ നികുതി, വാടക വരുമാനം തുടങ്ങിയവയാണ് പ്രധാനമായും തനത് ഫണ്ട് ഇനത്തിൽ ലഭ്യമാകുന്നത്.
തദ്ദേശസ്ഥാപനങ്ങൾക്ക് ലഭിക്കുന്ന വരുമാനം നിക്ഷേപിക്കുന്നതിനും ചെലവാക്കുന്നതിനും പഞ്ചായത്ത് കൾക്കും മുൻസിപ്പാലിറ്റികൾക്കും നിയമപരമായി അധികാരം നിലനിൽക്കുമ്പോൾ അതിൽ സംസ്ഥാന സർക്കാർ ഇടപെടുന്നത് അധികാര വികേന്ദ്രീകരണത്തെ ഇല്ലായ്മ ചെയ്യുന്നതിന് തുല്യമാണ്

തനത് വരുമാനം തടസ്സങ്ങളില്ലാതെ ചെലവഴിക്കാൻ അവസരമുള്ളപ്പോൾ പോലും നന്നേ ബുദ്ധിമുട്ടുന്ന തദ്ദേശസ്ഥാപനങ്ങൾ ഫണ്ട് ട്രഷറിയിൽ കൂടി നിക്ഷേപിക്കുന്ന സാഹചര്യത്തെ ഭയപ്പാടോട് കൂടിയേ കാണാൻ കഴിയൂ.

തനത് ഫണ്ടിലെ വരുമാന കുറവ് കൊണ്ട് ദൈനം ദിന ചെലവുകളും ജീവനക്കാരുടെ ശമ്പളവും തടസ്സപ്പെടുന്ന പഞ്ചായത്തുകൾ പോലും നിലവിലുള്ളപ്പോൾ ഫണ്ട് സമയത്ത് മാറാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്ന് ജീവനക്കാരും ആശങ്കയിലാണ്.

സംസ്ഥാന സർക്കാർ നേരിട്ട് നടത്തേണ്ട മിക്ക പ്രവർത്തനങ്ങളും പഞ്ചായത്ത് മുൻസിപ്പാലിറ്റി സ്ഥാപനങ്ങളെ കൊണ്ട് നടത്തിപ്പിക്കുന്ന ഉത്തരവുകളും നിർദ്ദേശങ്ങളുമാണ് സർക്കാർ പുറപ്പെടുവിക്കുന്നത്.
പ്രളയക്കാലത്തും ഇപ്പോൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ഫണ്ട് വിനിയോഗം ഏതാണ്ട് പൂർണ്ണമായും തദ്ദേശസ്ഥാപനങ്ങളെ കൊണ്ട് ചെലവാക്കുന്ന രീതിയാണ് സർക്കാർ അവലംബിക്കുന്നത്.
സാമൂഹ്യ അടുക്കളയും, CFLTC യും DCC യും അടക്കമുള്ള ട്രീറ്റ്മെന്റ് സെന്ററുകളും , പ്രതിരോധ സാമഗ്രികളുടെ പർച്ചേസിംഗും ഏതാണ്ട് എല്ലാ ചെലവുകളും തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ടിൽ നിന്നാണ് വിനിയോഗിച്ചത്.
മിക്ക തദ്ദേശസ്ഥാപനങ്ങളുടേയും ഫണ്ട് സർക്കാർ നിർദ്ദേശപ്രകാരം സർക്കാർ പരിപാടികൾക്കായി മാറ്റിവയ്ക്കപ്പെടുന്നത് തന്നെ ഫണ്ട് വിനിയോഗത്തിൽ സർക്കാരിന്റെ ഇടപെടൽ നിലവിലുള്ളതിന്റെ തെളിവാണ്.
ഇതിന്റെയൊക്കെ തുടർച്ചയായിട്ട് മാത്രമേ തനത് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണമെന്ന നിർദ്ദേശത്തെ കാണാൻ കഴിയുകയുള്ളൂ.

തദ്ദേശസ്ഥാപനങ്ങൾക്ക് ലഭ്യമാകുന്ന വികസന ഫണ്ടിൽ നിന്നും മെയിന്റനൻസ് ഫണ്ടിൽ നിന്നും എല്ലാ വർഷവും നിർബന്ധിത പ്രോജക്ടുകൾ സർക്കാർ ഉത്തരവുകൾ പ്രകാരം ചെലവാക്കേണ്ടി വരുന്നത് അധികാര വികേന്ദ്രീകരണത്തിൽ നേരത്തെ തന്നെ ഇടപ്പെട്ടതിന്റെ തെളിവാണ് .

തനത് ഫണ്ടിന്റെ വിനിയോഗം തടസ്സപ്പെടുന്ന ഏത് നീക്കത്തെയും കൂട്ടായി ചെറുത്ത് തോൽപ്പിച്ചില്ലെങ്കിൽ ഇന്ന് പ്രാദേശിക സർക്കാരുകളായി നാടിന് നാം നേടിയെടുത്ത വികസന പുരോഗതിയും പഞ്ചായത്ത് രാജ് സംവിധാനത്തേയും തകർക്കപ്പെടുമെന്നതിൽ സംശയം വേണ്ട.
ഗ്രാമ പഞ്ചായത്ത്, മുൻസിപാലിറ്റി, കോർപ്പറേഷൻ ഭരണത്തിന് മരണമണിയായി മാറാവുന്ന ഈ സർക്കുലറിനെതിരെ തദ്ദേശ ഭരണ ജനപ്രതിനിധികൾ തന്നെ മുന്നിട്ടിറങ്ങണം.

Related posts

Leave a Comment