‘കരണത്തടി’ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി നാരായണ്‍ റാണെ മഹാരാഷ്ട്രയില്‍ അറസ്റ്റില്‍; ഒരു കേന്ദ്രമന്ത്രിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് 20 വര്‍ഷത്തിനിടെ ആദ്യം

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് എതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന കേസില്‍ കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ സംഗമേശ്വറില്‍ നിന്നാണ് നാസിക് സിറ്റി പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചു എന്ന് കാണിച്ച്‌ മൂന്നു കേസുകളാണ് റാണെയ്ക്ക് എതിരെ എടുത്തിരിക്കുന്നത്. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ തല്ലണം എന്നായിരുന്നു നാരായണ്‍ റാണെയുടെ ആഹ്വാനം.

സ്വാതന്ത്ര്യം കിട്ടിയ വര്‍ഷം ഏതാണെന്ന് മുഖ്യമന്ത്രിക്കറിയാത്തത് ലജ്ജാകരമാണ്. ഓഗസ്റ്റ് 15ന് സംസ്ഥാനത്തെ ജനങ്ങളെ അഭിസംബോധന ചെയ്യവെ സ്വാതന്ത്ര്യം കിട്ടിയ വര്‍ഷത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ അദ്ദേഹം പിന്നിലേക്ക് നോക്കി. ഞാന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെ അടിച്ചേനെ’- തിങ്കളാഴ്ച റായ്ഗഡ് ജില്ലയില്‍ നടന്ന ജന്‍ ആശീര്‍വാദ് യാത്രയ്ക്കിടെ റാണെ പറഞ്ഞു.

അതേസമയം, എഫ്‌ഐആറുകള്‍ക്ക് എതിരെ നാരായണ്‍ റാണെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ജസ്റ്റിസുമാരായ എസ് എസ് ഷിന്‍ഡെ, എന്‍ ജെ ജമാദര്‍ എന്നിവരടങ്ങിയ ബെഞ്ച് നിഷേധിച്ചു.

Related posts

Leave a Comment