കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണം ; പ്രതിപക്ഷ ഐക്യം വിളിച്ചോതി രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാരുടെ മാർച്ച്

ന്യൂഡൽഹി: പ്രതിപക്ഷ ഐക്യം വിളിച്ചോതി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ പ്രതിഷേധ മാർച്ച് നടത്തി. ‌‌ലഖിംപൂർ ഖേരിയിൽ കർഷകരെ കാർകയറ്റി കൊന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹ മന്ത്രി അജയ് മിശ്ര രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ പാർട്ടികൾ വിജയ് ചൗക്കിലേക്കു പ്രതിഷേധ മാർച്ച് നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ പാർലമെൻറിലെ ഗാന്ധി പ്രതിമക്കു സമീപത്തു നിന്നാണ് മാർച്ച് തുടങ്ങിയത്. തങ്ങൾ എല്ലാവരും ഒറ്റക്കെട്ടാണെന്നും കർഷകർക്കെതിരെ അതിക്രമം നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും റാലിക്ക് നേതൃത്വം നൽകിയ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കർഷക കൂട്ടക്കൊല കേസിലെ പ്രതി ആരുടെ മകനാണെന്ന് എല്ലാവർക്കും അറിയാം. പ്രതിരോധം മനസ്സിലാക്കാവുന്നതേയുള്ളൂ. പക്ഷേ കുറ്റക്കാരനെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും രാഹുൽ പറഞ്ഞു.
ലഖിംപൂർ ഖേരി പാർലമെൻറിൻറെ ഇരുസഭകളിലും പ്രതിപക്ഷം ഉന്നയിച്ചിരുന്നു. നിരപരാധികളായ കർഷകരെ കൊലപ്പെടുത്തിയ കേസിന്റെ സ്വതന്ത്രവും നീതിയുക്തവുമായ വിചാരണ ഉറപ്പാക്കാൻ, പ്രതിയുടെ പിതാവിനെ ഉടൻ മന്ത്രി സ്ഥാനത്തു നിന്ന് നീക്കണമെന്നാണ് പ്രതിപക്ഷം സഭയിൽ ആവശ്യപ്പെട്ടത്. 12 എംപിമാരുടെ സസ്പെൻഷൻ റദ്ദാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതുൾപ്പെടെയുള്ള പ്രതിപക്ഷ പ്രതിഷേധങ്ങളെ തുടർന്ന് ഇന്നലെ പാർലമെൻറിൻറെ ഇരുസഭകളും തടസ്സപ്പെട്ടിരുന്നു.
ലഖിംപൂരിലെ കർഷക കൂട്ടക്കൊല ആസൂത്രിതമായ ഗൂഢാലോചനയാണെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയതോടെയാണ് അജയ് മിശ്രയുടെ രാജിക്കായി പ്രതിപക്ഷം സമ്മർദം തുടങ്ങിയത്. ഒക്‌ടോബർ മൂന്നിനാണ് ലഖിംപൂർ ഖേരിയിൽ കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്രയുടെ നേതൃത്വത്തിൽ കാറിടിപ്പിച്ച് നാല് കർഷകരെ കൊന്നത്.

Related posts

Leave a Comment