യൂനിസെഫിന്റെ കാരുണ്യ പ്രവർത്തനങ്ങൾ ; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം


ഇന്ന് യൂനിസെഫ് ദിനം. ഏഴര പതിറ്റാണ്ടുകളായി ലോകമെങ്ങുമുള്ള ശിശുക്കളുടെയും കുട്ടികളുടെയും ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഈ സംഘടന ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഏറ്റവും ബൃഹത്തായ പ്രസ്ഥാനമാണ്. യുദ്ധങ്ങളും കലാപങ്ങളും കോവിഡ് പോലുള്ള മഹാമാരിയും പ്രകൃതി ക്ഷോഭങ്ങളും നിറഞ്ഞ ഈ കാലഘട്ടത്തിൽ യൂനിസെഫിന്റെ പ്രവർത്തനങ്ങളുടെ ആവശ്യകതയും പ്രസക്തിയും ഏറെയാണ്. യു എൻ സഹായത്തോടെ 190 രാജ്യങ്ങളിൽ യൂനിസെഫിന്റെ പ്രവർത്തനങ്ങൾ വ്യാപിച്ചു കിടക്കുന്നു. യൂനിസെഫിന്റെ സഹായം കുഞ്ഞുങ്ങൾക്ക് മാത്രമല്ല, സ്ത്രീകൾക്കും ഗർഭിണികൾക്കും ലഭ്യമാണ്. വിവിധ ഭരണകൂടങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും സംഭാവനകൾ സ്വീകരിച്ചുകൊണ്ടാണ് അതിന്റെ പ്രവർത്തനങ്ങൾ നടത്തുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകമെങ്ങും പട്ടിണിയും ദാരിദ്ര്യവും ശിശുമരണങ്ങളും വ്യാപകമായ അവസ്ഥയിലാണ് 1946-ൽ യൂനിസെഫ് നിലവിൽ വന്നത്. സ്തുത്യർഹമായ സേവനങ്ങൾ ഈ സംഘടനയിൽ നിന്നുണ്ടായെങ്കിലും കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും അവസ്ഥക്ക് ഇന്നും വലിയ മാറ്റങ്ങൾ വന്നിട്ടില്ല. ഒരുകാലത്ത് ഒരുതരം രോഗമാണെങ്കിൽ മറ്റൊരു കാലത്ത് രൂപമാറ്റം വന്ന മറ്റൊരു രോഗമായിരിക്കും കുഞ്ഞുങ്ങളെ വേട്ടയാടുന്നത്. വിയറ്റ്‌നാം യുദ്ധകാലത്ത് അമേരിക്കയുടെ ബോംബിൽ നിന്ന് രക്ഷപ്പെടാൻ വിവസ്ത്രയായി ഓടുന്ന ഫാൻ തോകിം ഫൂക്കോ മുതൽ തുർക്കി തീരത്തെ സിറിയൻ അഭയാർത്ഥി ബാലൻ അലൻ കുർദ്ദിയുടെയും ചിത്രങ്ങൾ നമുക്ക് മറക്കാനാവില്ല. ഇന്നത്തെ സാഹചര്യത്തിൽ കുഞ്ഞുങ്ങളുടെ അവസ്ഥ എല്ലാ രാജ്യങ്ങളിലും ഒരുപോലെതന്നെയാണ്. കിടന്നുറങ്ങാൻ വീടോ വിശപ്പടക്കാൻ ആഹാരമോ രോഗനിവാരണത്തിന് മരുന്നോ ലഭിക്കാതെ ദശലക്ഷക്കണക്കിന് കുട്ടികളാണ് വർഷംതോറും മരിക്കുന്നത്. ഭക്ഷണമില്ലായ്മയും പോഷകാഹാരക്കുറവും നിമിത്തമുണ്ടാകുന്ന രോഗങ്ങളാണ് കുട്ടികളെ ജീവിതത്തിലേക്ക് കാലെടുത്തുവെയ്ക്കും മുൻപേ മരണത്തിലേക്ക് നയിക്കുന്നത്. ഇവരുടെ ഇടയിൽതന്നെയാണ് നിരക്ഷരതയും കുറ്റകൃത്യങ്ങളും കാട്ടുചെടികളെപ്പോലെ വളരുന്നത്. മരണപ്പെടുന്ന ദശലക്ഷക്കണക്കിന് കുട്ടികളെപ്പോലെ ശതകോടി കുട്ടികൾ നിരക്ഷരതയുടെ ഇരുളിലാണ് ഇന്നും. കാല-ദേശ-വർഗ-വർണ വ്യത്യാസമില്ലാതെ യൂനിസെഫിന്റെ സഹായഹസ്തങ്ങൾ എവിടെയും എപ്പോഴും എത്തുന്നു. ഭക്ഷണത്തിനും മരുന്നിനും മാത്രമല്ല, വിദ്യാഭ്യാസത്തിനും പഠന ഗവേഷണങ്ങൾക്കും ഈ സംഘടനയുടെ സഹായം ലഭ്യമാണ്. 2020-ലെ കണക്ക് പ്രകാരം സംഘടനയുടെ മൊത്തം വരുമാനം 7.2 ബില്യൺ ഡോളറാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ നൽകിയ സംഭാവന 5.45 ബില്യൺ ഡോളർ. സാധാരണഗതിയിലുള്ള സഹായങ്ങൾക്ക് മാത്രമല്ല ഈ തുക വിനിയോഗിക്കുന്നത്. യുദ്ധവും കലാപങ്ങളും കാരണം അഭയാർത്ഥികളായി കഴിയുന്ന കുഞ്ഞുങ്ങൾക്കും സ്ത്രീകൾക്കും യൂനിസെഫിന്റെ സഹായം ലഭിച്ചുകൊണ്ടിരിക്കുന്നു. കുട്ടികളുടെ ആരോഗ്യവും ഭക്ഷണവും യൂനിസെഫിന്റെ മുഖ്യ സഹായപദ്ധതിയിൽപ്പെടുന്നതാണ്.
70 വർഷങ്ങളായി ഇന്ത്യയിലും യൂനിസെഫിന്റെ പ്രവർത്തനങ്ങൾ സജീവമാണ് ഇന്ത്യയിൽ ജനിക്കുന്ന ഓരോ കുട്ടിക്കും ഏറ്റഴും മികച്ച തുടക്കം ശിശുനാളിൽതന്നെ ലഭ്യമാക്കാനും അഭിവൃദ്ധിപ്പെടുത്താനും അവരെ പൂർണ ശേഷിയിലേക്ക് വികസിപ്പിക്കാനും പ്രാപ്തരാക്കുക എന്നതാണ് ഇന്ത്യയിലെ യൂനിസെഫിന്റെ ലക്ഷ്യം. ഇത് കൈവരിക്കുന്നതിൽ നിരവധി ഘടനാപരമായ വെല്ലുവിളികൾ സംഘടന നേരിടുന്നു. 17 സംസ്ഥാനങ്ങളിലായി 450 ഓളം ജീവനക്കാർ ഈ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇന്ത്യയിലെ 90 ശതമാനം കുട്ടികളും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ യൂനിസെഫിന്റെ സഹായം ലഭിച്ചവരോ ലഭിച്ചുവരുന്നവരോ ആണ്. രാജ്യത്തെ ഏറ്റവും ദുർബലരായ കുട്ടികൾക്ക് ഇത് ലഭിക്കുന്നു എന്നത് ആശ്വാസകരമാണ്. ഇന്ത്യയിലെ എല്ലാ കുട്ടികൾക്കും ആരോഗ്യം, പോഷകാഹാരം, വെള്ളം, വിദ്യാഭ്യാസം, ശിശുസംരക്ഷണം സുസ്ഥിരമാക്കുന്നതിനും പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുന്നു. ഇന്ത്യയിൽ ബലഹീനരായ കുട്ടികളുടെ എണ്ണം കൂടിവരികയാണ്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരിക്കുന്ന പല സർക്കാരുകളും യൂനിസെഫിന്റെ സഹായങ്ങൾ അർഹിക്കുന്ന കുട്ടികൾക്ക് നൽകാതെ വകമാറ്റി ചെലവ് ചെയ്തുകൊണ്ടിരിക്കയാണ്. എല്ലാ കുട്ടികൾക്കും അതിജീവനത്തിനും അഭിവൃദ്ധിപ്പെടാനും അവരുടെ കഴിവുകൾ പുറത്തെടുത്ത് പ്രകടിപ്പിക്കാനും യൂനിസെഫിന്റെ പ്രവർത്തനങ്ങൾ ഏറെ സഹായിക്കുന്നു. വിദ്യാഭ്യാസത്തിലും ആരോഗ്യ പരിപാലനത്തിലും മുന്നിട്ടുനിൽക്കുന്ന സംസ്ഥാനമെന്ന് അവകാശപ്പെടുന്ന കേരളത്തിൽപോലും അട്ടപ്പാടികൾ സംഭവിക്കുന്നതും ആവർത്തിക്കുന്നതും വ്യക്തമാക്കുന്നത് യൂനിസെഫിന്റെ സഹായങ്ങൾ അർഹതപ്പെട്ടവരിൽ എത്തുന്നില്ല എന്നാണ്. ഭരണ-ഉദ്യോഗസ്ഥ വൃന്ദങ്ങൾ അത് അടിച്ചെടുക്കുന്നു എന്ന് പറയാൻ നാം ഒട്ടും മടിക്കേണ്ടതില്ല. പൊതുസമൂഹത്തിന്റെയും മാധ്യമങ്ങളുടെയും ജാഗ്രത ഏറെയുള്ള കേരളത്തിൽ സ്ഥിതി ഇതാണെങ്കിൽ മറ്റ് സംസ്ഥാനങ്ങളിലെ അവസ്ഥ എന്തായിരിക്കും.

Related posts

Leave a Comment