അർഹതയുള്ളവർക്കും ജോലിയില്ല; തൊഴിൽരഹിതർ സംഘടന രൂപീകരിച്ചു

തിരുവനന്തപുരം: വർഷങ്ങളോളം രാപ്പകൽ കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതി പി.എസ്.സി ലിസ്റ്റിൽ ഉന്നത റാങ്കിൽ എത്തുന്നവർക്ക് പോലും ജോലി നൽകാത്ത സർക്കാരിനെതിരെ തൊഴിൽരഹിതർ ചേർന്ന് സംസ്ഥാന പ്രക്ഷോഭ വേദി രൂപീകരിച്ചു. ഓൾ ഇന്ത്യാ അൺ എംപ്ലോയ്ഡ് യൂത്ത് സ്ട്രഗിൾ കമ്മിറ്റി (എ.ഐ.യു.വൈ.എസ്.സി) എന്ന പേരിലാണിത്.
സംസ്ഥാനത്തെ പി.എസ്.സി ഉദ്യോഗാർത്ഥികളക്കമുള്ള തൊഴിൽ രഹിതരായ യുവജനങ്ങൾക്ക് അവകാശങ്ങൾ ഉന്നയിച്ച് സമരം നടത്തുവാനുള്ള രാഷ്ട്രീയത്തിനതീതമായ സംഘടനയാണിത്.
ഓൺലൈനായി നടന്ന കൺവൻഷൻ സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. കാളീശ്വരം രാജ് ഉദ്ഘാടനം ചെയ്തു. മാന്യമായ തൊഴിൽ ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണെന്നും അത് നേടിയെടുക്കുവാൻ കൂട്ടായി പൊരുതേണ്ട ബാധ്യത യുവാക്കൾക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭരണകൂടം ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ ആയ ദാരിദ്ര്യം, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയവയിൽനിന്ന് ശ്രദ്ധ തിരിക്കാൻ കൃത്രിമമായ വിഷയങ്ങൾ ഉയർത്തിക്കൊണ്ടു വരികയാണ്. യുവാക്കളുടെ ഉൾപ്പെടെയുള്ളവരുടെ അടിസ്ഥാന പ്രശ്നങ്ങളിൽ ചർച്ചകൾ പൊതുസമൂഹത്തിൽ ഉയർന്നു വരേണ്ടതുണ്ട്. സർക്കാരുകൾ വൻകിട കുത്തകകളുടെ ആജ്ഞാനുവർത്തികളായി മാറിയിരിക്കുന്നു. മന്ത്രിമാർ സമ്പന്നരുടെ ലാഭവിഹിതം വർധിപ്പിക്കുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. കർഷകർ ഉൾപ്പെടെയുള്ളവരുടെ സമരം മാതൃകയാക്കി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യുവാക്കൾ ശക്തമായ ജനകീയ പ്രതിപക്ഷ നിര പടുത്തുയർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാഷണൽ മോണിറ്റർ സ്റ്റേഷൻ പൈപ്പ് ലൈൻ വഴി പൊതുമേഖല വിറ്റഴിക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ നീക്കം രാജ്യത്ത് തൊഴിലില്ലായ്മ അതി രൂക്ഷമാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എഐഡിവൈഒ സംസ്ഥാന പ്രസിഡന്റ് എൻ.കെ ബിജു അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഇ.വി പ്രകാശ് വിഷയാവതരണം നടത്തി.
എസ്. ജ്യോതിലക്ഷ്മി പ്രസിഡന്റും ഇ.വി. പ്രകാശ് സെക്രട്ടറിയുമായി 36 അംഗ കമ്മിറ്റിയെ കൺവൻഷൻ തെരഞ്ഞെടുത്തു. പ്രമോദ് കുന്നുംപുറത്ത് (കോട്ടയം), ഡോ. അരുണ എസ്. വേണു (തിരുവനന്തപുരം), വിഷ്ണു എസ്, (പത്തനംതിട്ട) കെ.ബിമൽജി (ആലപ്പുഴ) കെ.പി.സാൽവിൻ (എറണാകുളം), ടി. ഷിജിൻ (കോഴിക്കോട്), വിവേക് പി.സി (കണ്ണൂർ) എന്നിവർ വൈസ് പ്രസിഡണ്ടുമാരായും വിഷ്ണു എം (തിരുവനന്തപുരം), സനു എസ് (മലപ്പുറം), രതീഷ് ജയപാലൻ (തിരുവനന്തപുരം), രൂപേഷ് വർമ്മ (കോഴിക്കോട്), മൈനാ ഗോപിനാഥ് (ആലപ്പുഴ), രജിത ജയറാം (കോട്ടയം), സനൂപ് ഇ.(കണ്ണൂർ) എന്നിവർ അസിസ്റ്റൻറ് സെക്രട്ടറിമാരും അരവിന്ദ് വി (കോട്ടയം) ഓഫീസ് സെക്രട്ടറിയും വി. സുജിത്ത് (തിരുവനന്തപുരം) ട്രഷററുമാണ്.

Related posts

Leave a Comment