തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കേരള സർക്കാരും കേരള സർവകലാശാലയും തമ്മിലുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിൽ താൻ കടുത്ത മാനസിക സംഘർഷത്തിലാണെന്ന് വൈസ് ചാൻസിലർ വി.പി. മഹാദേവൻ പിള്ള. വൈസ് ചാൻസിലർ പദവിയിൽ തുടരാൻ കഴിയില്ലെന്നും താൻ രാജി വയ്ക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം സിൻഡിക്കറ്റിനെ അറിയിച്ചു. എന്നാൽ ഇടതുപക്ഷ നേതാക്കളായ സിൻഡിക്കറ്റ് അംഗങ്ങൾ അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ്. രാജിക്കത്ത് തയാറാക്കുന്നതിൽ നിന്ന് അദ്ദേഹത്തെ അവർ വിലക്കി നിർത്തിയിരിക്കയാണ്.
അപമാനിതനായി തുടരാൻ കഴിയില്ലെന്നാണ് മഹാദേവൻ പിള്ള വ്യക്തമാക്കിയത്. രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകണമെന്ന ഗവർണറുടെ ശുപാർശ കേരള സർവകലാശാല വൈസ് ചാൻസലർ തള്ളിയെന്ന വെളിപ്പെടുത്തൽ വലിയ വിവാദമാണ് സൃഷ്ടിച്ചത്. ഒരു വിസിക്കു ചേർന്ന ഭാഷയിലല്ല മഹാദേവൻ പിള്ള സംസാരിക്കുന്നതെന്ന് ഗവർണർ കുറ്റപ്പെടുത്തിയിരുന്നു. കൂടാതെ വി.സി നൽകിയ കത്തിനെ അതിരൂക്ഷമായി ഗവർണർ വിമർശിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഗവർണർക്ക് നൽകിയ കത്ത് സമ്മർദം കൊണ്ട് എഴുതിയെന്ന് സമ്മതിച്ച് കേരള വി.സി പ്രസ്താവനയും ഇറക്കിയതോടെ വിവാദം പുതിയ തലത്തിലേക്ക് കടന്നു.
മനസ് പതറുമ്പോൾ കൈവിറച്ച് പോകുന്ന സാധാരണത്വം ഒരു കുറവായി കാണുന്നില്ലെന്നാണ് മഹാദേവൻ പിള്ള പറഞ്ഞത്. ഗുരുഭൂതൻമാരുടെ നല്ല പാഠങ്ങൾ ഉൾക്കൊള്ളാൻ പരമാവധി ശ്രമിക്കുമെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജീവിതത്തിൻറെ ഗ്രാമറും സ്പെല്ലിംഗും തെറ്റാതിരിക്കാൻ പരമാവധി ജാഗരൂകനാണെന്നും വിസി വ്യക്തമാക്കിയിരുന്നു.
സർവകലാശാലകളുടെ വിശ്വാസ്യത നഷ്ടപ്പെടുന്ന നിലയിലേക്ക് കാര്യങ്ങൾ പോകുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല
ഡീ .ലിറ്റ് വിഷയം വഷളാക്കിയതിൽ വി.സി.യും ഗവർണ്ണറും സർക്കാരും കൂറ്റക്കാർ .അടിയന്തരമായി ഈ പ്രശ്നം പരിഹരിക്കുവാൻ മുഖ്യമന്ത്രി ഇടപെടണം. എന്തുകൊണ്ടാണു മുഖ്യമന്ത്രി ഇടപെടാത്തത്. ഈ പ്രശ്നം പരിഹരിക്കുവാൻ ഉള്ള ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് ഇല്ലേ? പതിമൂന്നു യൂണിവേഴ്സിറ്റികളിലെയും ഫയലുകൾ കെട്ടികിടക്കുന്നു. തീരുമാനങ്ങൾ ഇല്ല. ഈ നിലയിൽ മുന്നോട്ട് പോയാൽ യൂണിവേഴ്സിറ്റികളിൽ ഭരണസ്തംഭനം ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ട് അടിയന്തരമായി ഈ പ്രശ്നത്തിന് പരിഹാരം കണ്ട് ഉന്നതവിദ്യാഭ്യാസരംഗത്ത് നിലനിൽക്കുന്ന ഇപ്പോഴത്തെ ഗുരുതരാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കണമെന്നു ചെന്നിത്തല മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു.