കുവൈറ്റിൽ ബിരുദ യോഗ്യത ഇല്ലാത്ത അറുപതു വയസ്സ് കഴിഞ്ഞവരുടെ താമസ രേഖ പുതുക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നീങ്ങുന്നു

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ബിരുദ യോഗ്യത ഇല്ലാത്ത അറുപതു വയസ്സ് കഴിഞ്ഞവരുടെ താമസ രേഖ പുതുക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നീങ്ങുന്നു. ഇത്തരക്കാരുടെ താമസ രേഖ പുതുക്കുന്നത് സംബന്ധിച്ച് നിലവിലുണ്ടായിരുന്ന മാൻ പവ്വർ അതോറിറ്റിയുടെ വിലക്ക് ഒരു മാസം മുൻപേ തന്നെ നിയമ കാര്യാ ഫത്വ കമ്മിറ്റി റദ്ദാക്കിയിരുന്നു. എങ്കിലും മറ്റു നടപടി ക്രമങ്ങൾ പൂർണ്ണമാവാത്തതിനാൽ താമസ രേഖ പുതുക്കൽ അനിശ്ചിതമായി നീണ്ടു പോവുകയായിരുന്നു. വിലക്ക് റദ്ദാക്കിയിട്ടും നടപടികൾ പ്രയോഗികമാവാത്തതിനെതിരെ നിരവധി എംപിമാർ വിമർശനം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ചേർന്ന ബോർഡ് യോഗം ആരോഗ്യ ഇൻഷുറൻസിന് പുറമെ അഞ്ഞൂറ് കുവൈറ്റി ദിനാർ ഫീസ് ഈടാക്കി കൊണ്ട് താമസ രേഖകൾ പുതുക്കി നൽകുന്നതിന് തീരുമാനം എടുത്തിരുന്നു.

എന്നാൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം ആയിരത്തി ഇരുന്നൂറു ദിനാർ വേണമെന്ന ചില ഇൻഷുറൻസ് കമ്പനികളുടെ നിലപാട് പ്രശ്‍നം നീണ്ടു പോവുമോ എന്ന ഭീതി പടർത്തിയിരുന്നു . ഇതിനിടെയാണ് ഏതാനും ഇൻഷുറൻസ് കമ്പനികൾ അഞ്ഞുറു ദിനാറിൽ വാർഷിക ഇൻഷുറൻസ് നൽകാമെന്ന ഓഫറുമായി മുന്നോട്ട് വന്നത്. ഇതോടെ ഇത്തരക്കാർക്ക് ആയിരം കുവൈത്തി ദിനാർ ചെലവിൽ താമസ രേഖ പുതുക്കാനാവുമെന്ന നില വന്നു.

പക്ഷെ ഉയർന്ന ഫീസ് ഈടാക്കി കൊണ്ട് താമസ രേഖ പുതുക്കുന്നതിനെതിരെ നിരവധി നിയമജ്ഞർ വീണ്ടും രംഗത്തെത്തിയിരിക്കയാണ്. ഇത് അന്താരാഷ്ട്ര ഉടമ്പടികളുടെ ലംഘനമാണെന്ന് ഇക്കൂട്ടർ അഭിപ്രായപ്പെടുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിയമത്തിനു മുൻപിൽ എല്ലാവരും തുല്യരാണ്, വിവേചനം പാടില്ല എന്നാണ് വാദം. താൽക്കാലിക താമസ രേഖകളുടെ ബലത്തിൽ ദിവസം തള്ളിയിരുന്നു. പലരും നടപടി ക്രമങ്ങളിൽ വ്യക്തത വരുന്നതിനായി കാത്തിരിക്കയാണ്. കുവൈറ്റിൽ തൊണ്ണൂറു ആയിരത്തിനു മുകളിൽ ഇത്തരക്കാർ അധിവസിക്കുന്നുണ്ടെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് .

അതിനിടെ മറ്റു വിഭാഗങ്ങളിൽ പെട്ട കുടുംബ വിസ, വിസിറ്റ് വിസ, തൊഴിൽ വിസ തുടങ്ങി എല്ലാ തരംവിസകളും അനുവദിക്കുന്നതിനുള്ള അപേക്ഷകൾ ഇപ്പോൾ ബന്ധപ്പെട്ട മന്ത്രാലയങ്ങൾ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്.

Related posts

Leave a Comment