കലാപമൊഴിയാതെ ശ്രീലങ്ക: പ്രധാനമന്ത്രിയുടെ കസേരയിൽ പ്രക്ഷോഭകർ

കൊളംബോ: കലാപമൊഴിയാതെ ശ്രീലങ്ക. സുരക്ഷിതനായി രാജ്യം വിടാൻ സൗകര്യം തന്നാൽ രാജി വയ്ക്കാമെന്ന ഉറപ്പ് നൽകിയ പ്രസിഡന്റ് ഗോത്തബയ രജപക്സെ, രാജിക്കത്ത് കൈമാറാതെ രാജ്യം വിട്ടതിനെതിരേയാണ് ഇന്നലെ മുതൽ കലാപം രൂക്ഷമായത്. പ്രക്ഷോഭകർ പ്രധാനമന്ത്രിയുടെ ഔദ്യോ​ഗിക വസതി കൈയേറിയിരിക്കയാണ്. പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും പ്രക്ഷോഭകരെ നിയന്ത്രിക്കാൻ കഴിയുന്നില്ല. പൊലീസും സൈനികരും പ്രക്ഷോഭകരുടെ പക്ഷത്താണ്.പ്രധാനമന്ത്രിയുടെ ഔദ്യോ​ഗിക വസതിയിൽ ഔദ്യോ​ഗിക കസേരയിലിരുന്നാണ് പ്രക്ഷോഭകർ അദ്ദേഹത്തെ വെല്ലുവിളിക്കുന്നത്.
കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടു മണിക്ക് സൈനിക വിമാനത്തിൽ മാലിദ്വീപിലേക്ക് പറന്ന ഗോത്തബയ അവിടഡെ നിന്നു മറ്റൊരു സുരക്ഷിത താവളത്തിലേക്കു നീങ്ങാനാണു ശ്രമിക്കുന്നത്. ഒപ്പം ഭാര്യ യോമ രജപക്സെയുമുണ്ട്. മാലിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ തങ്ങുന്ന ഇവർ സിം​ഗപ്പുരിലേക്കു പോകുമെന്നാണ് റിപ്പോർട്ട്. ദുബായിയിലേക്കാണ് ആദ്യം ലക്ഷ്യം വച്ചതെങ്കിലും പിന്നീടത് മാറ്റി. സിംഗപ്പൂരിലേക്ക് കടക്കാനായി ഒരു സ്വകാര്യ വിമാനമൊപ്പിക്കാൻ ഗോത്തബയ മാലി സർക്കാരിന് മേൽ സമ്മർദം ചെലുത്തുന്നുണ്ട്. എന്നാൽ ഗോത്തബയ്ക്ക് അഭയം നൽകിയ മാലി ദ്വീപ് സർക്കാരിൻ്റെ നടപടിക്കെതിരെ അവിടുത്തെ പ്രതിപക്ഷ പാർട്ടികൾ രംഗത്തു വന്നതോടെ മാലി സർക്കാരും സമ്മദത്തിലാണ്.
ഗോത്തബയ രാജിവയ്ക്കാതെ രാജ്യം വിട്ടെന്ന വാർത്ത പരസ്യമായതോടെ കൊളംബോയിൽ ജനം പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഇരച്ചു കയറി. അടിയന്തരസാഹചര്യം നേരിടാൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്ച രാജിവയ്ക്കും എന്ന് അറിയിച്ച ഗോത്തബയ രജപക്സെ ഇതുവരെ തൻ്റെ രാജിക്കത്ത് കൈമാറിയിട്ടില്ല. രാജിക്കത്ത് കൈവശം വച്ചാണ് അദ്ദേഹം ശ്രീലങ്ക വിട്ടതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലങ്കയിൽ പുതിയ സർക്കാർ അധികാരത്തിൽ എത്തിയാൽ തനിക്ക് നേരെ തിരിയുമെന്ന് ഗോത്തബയ ആശങ്കപ്പെടുന്നുവെന്നും പ്രസിഡൻ്റ് എന്ന നിലയിലുള്ള അധികാരം ഉപയോഗിച്ച് വിദേശത്തെ ഏതെങ്കിലും ഒരു സുരക്ഷിത കേന്ദ്രത്തിൽ എത്തി ചേരാനുള്ള തിടുക്കത്തിലാണ് ഗോത്തബയ.
ഇന്നലെ, ലങ്കൻ രാഷ്ട്രീയ നേതാക്കൾ സർവകക്ഷി യോഗം ചേർന്നു, പാർലമെന്റ് സ്പീക്കറെ ആക്ടിംഗ് പ്രസിഡന്റായി ചുമതലപ്പെടുത്താൻ തീരുമാനിച്ചു. ഭരണപക്ഷവും പ്രതിപക്ഷവും ചേർന്ന് സർവകക്ഷി സർക്കാർ രൂപീകരിക്കണമെന്ന് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.

Related posts

Leave a Comment