കുറ്റബോധത്തിന്റെ കനലണയാത്ത നാളുകൾ; ചെറിയാന്റേത് പെട്ടെന്നെടുത്ത തീരുമാനമല്ല

തിരുവനന്തപുരം: കോൺഗ്രസ് വിട്ട് ഇടതുപക്ഷ സഹയാത്രികനായി തുടർന്ന കാലത്ത് ചെറിയാൻ ഫിലിപ്പ് കുറ്റബോധത്തിന്റെ തടങ്കലിലായിരുന്നു. ഇതിനിടെ, പലവട്ടം കോൺഗ്രസിലേക്ക് മടങ്ങണമെന്ന് മനസ് ആഗ്രഹിച്ചിരുന്നു. പക്ഷെ, ബാല്യം മുതല്‍ ജീവിതത്തിന്റെ ഭാഗമായിരുന്ന എ.കെ ആന്റണിക്കും ഉമ്മന്‍ചാണ്ടിക്കുമെതിരെ ചില സന്ദർഭങ്ങളിൽ സമനില തെറ്റി വൈകാരികമായി പ്രതികരിക്കേണ്ടി വന്നതിന്റെ കുറ്റബോധം ചെറിയാന്റെ ഉള്ളുലച്ചുകൊണ്ടിരുന്നു. അത് തെറ്റായിരുന്നുവെന്ന് ബോധ്യപ്പെട്ടെങ്കിലും അവരോട് അത് തുറന്നുപറയാൻ ഏറെക്കാലം മടിച്ചു നടന്നു. കോൺഗ്രസ് വിട്ടതിന് ശേഷവും തമ്മിൽ കാണുമ്പോഴും മിണ്ടുമ്പോഴും അവർക്ക് തന്നോട് ദേഷ്യമോ പ്രതികാരമോ പിണക്കമോ ഇല്ലെന്ന് ബോധ്യപ്പെട്ടു. എങ്കിലും ചെറിയാന്റെയുള്ളിലെ കുറ്റബോധത്തിന്റെ കനലണഞ്ഞിരുന്നില്ല. ഇടതുപക്ഷ സഹയാത്രികനായിരിക്കെ അക്കാര്യം ഒരിക്കൽ ചെറിയാൻ ഫിലിപ്പ് സമൂഹ മാധ്യമത്തിലൂടെ തുറന്നു പറയുകയും ചെയ്തു.
കോൺഗ്രസിലേക്ക് മടങ്ങിവരുന്നതിന്റെ സൂചനകളും ആ കുറിപ്പിലൂടെ ചെറിയാൻ ഫിലിപ്പ് സമൂഹത്തോട് പങ്കുവെച്ചു.
അന്നത്തെ കുറിപ്പിൽ നിന്ന്:  ‘എ.കെ ആന്റണിയും ഉമ്മൻചാണ്ടിയും ആത്മബന്ധമുള്ള ജേഷ്ഠ സഹോദരന്‍മാരാണ്. ചില സന്ദർഭങ്ങളിൽ അവർക്കെതിരെ വൈകാരികമായി പ്രതികരിച്ചത് തെറ്റായിപ്പോയി. 1976 മുതല്‍ 1982 വരെ താന്‍ വീക്ഷണത്തിന്റെ രാഷ്ട്രീയ ലേഖകനായിരുന്നു. ഗോഹട്ടി എ.ഐസിസി സമ്മേളനത്തില്‍ അടിയന്തിരാവസ്ഥക്കെതിരായ എ.കെ ആന്റണിയുടെ പ്രസംഗം സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ ലംഘിച്ച് റിപ്പോര്‍ട്ട് ചെയ്തത് താനാണ്. വീക്ഷണത്തില്‍ ചില വേളകളില്‍ മുഖപ്രസംഗം എഴുതിയിട്ടുമുണ്ട്.
കോണ്‍ഗ്രസിനും തനിക്കും നല്‍കിയ സേവനങ്ങള്‍ക്ക് പ്രത്യുപകാരമായി ചെറിയാന്‍ ഫിലിപ്പിന് ഒരു സഹായവും ചെയ്യാന്‍ കഴിയാത്തതില്‍ തനിക്ക് തീവ്ര ദു:ഖമുണ്ടെന്ന് കേന്ദ്ര മന്ത്രിയായിരിക്കെ എ.കെ ആന്റണി 2010ല്‍ കെ.ടിഡി.സിയുടെ ഒരു ചടങ്ങില്‍ പറഞ്ഞത് ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ സാന്നിദ്ധ്യത്തിലാണ്. ചെറിയാന്‍ ഫിലിപ്പ് ആദര്‍ശവാനാണെന്നും പറയുന്നതില്‍ മാത്രമല്ല നടപ്പാക്കുന്നതില്‍ നിര്‍ബന്ധമുള്ളയാളാണെന്നും നിയമസഭാ സാമാജികത്വത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ ഒരു അഭിമുഖത്തില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു’.

Related posts

Leave a Comment