ദാരിദ്ര്യസൂചികയിലെ ഒന്നാം ;സ്ഥാനംയുഡിഎഫ് സർക്കാരിന്റെ ദാരിദ്ര്യത്തിനെതിരേയുള്ള പോരാട്ടത്തിന്റെ വിജയം : ഉമ്മൻ ചാണ്ടി

തിരുവനന്തപുരം;നീതി ആയോഗ് 2015-16 അടിസ്ഥാനമാക്കി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കേരളം അന്ന് ദാരിദ്ര്യസൂചികയിൽ ഏറ്റവും പിന്നിലായിരുന്നു എന്നത് യുഡിഎഫ് സർക്കാർ പട്ടിണിക്കെതിരേ നടത്തിയ പോരാട്ടത്തിന്റെ വിജയമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.ദേശീയ ഫാമിലി ഹെൽത്ത് സർവെ 2015-16 ആസ്പദമാക്കിയാണ് ഈ കണ്ടെത്തൽ (അധ്യായം 4, 4.1.) 2019-20ലെ ഫാമിലി ഹെൽത്ത് സർവെ റിപ്പോർട്ട് പ്രകാരം നിലവിലുള്ള കണ്ടെത്തലുകൾ പുതുക്കുമെന്ന് നീതി ആയോഗ് വ്യക്തമാക്കുന്നു.മഹാമാരിയും പ്രകൃതി ദുരന്തങ്ങളുമുൾപ്പെടെ നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടും ജനക്ഷേമം ഉറപ്പുവരുത്താനായി ഇടതു സർക്കാർ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങൾ ഈ നേട്ടത്തിന്റെ അടിത്തറ പാകി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടത് തെറ്റിദ്ധാരണമൂലമാകാം. നേട്ടത്തിൽ മുഖ്യമന്ത്രി അഭിമാനം പ്രകടിപ്പിച്ചതിനെ സ്വാഗതം ചെയ്യുന്നു.2015-16ൽ ബീഹാറിൽ 51.91 ശതമാനം ജനങ്ങൾ പട്ടിണിയിലായിരുന്നപ്പോൾ കേരളത്തിലന്ന് 0.71 ശതമാനം ജനങ്ങൾ മാത്രമായിരുന്നു. പോഷകാഹാരം, ശിശു കൗമാര മരണനിരക്ക്, പ്രസാവനന്തര പരിപാലനം, സ്‌കൂൾ വിദ്യാഭ്യാസം, ഹാജർനില, പാചക ഇന്ധനലഭ്യത, ശുചിത്വം, കുടിവെള്ളലഭ്യത, വൈദ്യുതി, വീട്, ബാങ്ക് അക്കൗണ്ട് തുടങ്ങിയ 12 ഘടകങ്ങളെ ആശ്രയിച്ചാണ് ബഹുതല ദാരിദ്ര്യം നിർവചിച്ചത്. ഈ മേഖലകളിലെല്ലാം മികച്ച പ്രകടനം നടത്തിയാണ് കേരളം ദാരിദ്ര്യസൂചികയിൽ പിന്നിലെത്തിയത്.യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നല്കിയ സൗജന്യ റേഷൻ, കാരുണ്യ ചികിത്സാ സഹായം, അവശ്യമരുന്നുകളുടെ സൗജന്യ വിതരണം,നിത്യോപയോഗസാധനങ്ങളുടെ വില നിയന്ത്രിക്കാൻ ശക്തമായ ഇടപെടൽ, തൊഴിലുറപ്പ് പദ്ധതി വ്യാപകമാക്കൽ, സ്‌കൂൾ വിദ്യാർത്ഥികൾക്ക് മുട്ട ഉൾപ്പെടെ സൗജന്യ ഭക്ഷണം തുടങ്ങിയ നിരവധി പദ്ധതികളാണ് പട്ടിണിക്കെതിരേ കവചമൊരുക്കിയത്.നൂറു ശതമാനം സാക്ഷരത ആദ്യം കൈവരിച്ച കോട്ടയം ജില്ല, രാജ്യത്ത് ദരിദ്രരില്ലാത്ത ഏക ജില്ലയായി മാറിയതും അഭിമാനകരമാണെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.

Related posts

Leave a Comment