പി.ടിയുടെ ആദര്‍ശത്തിന്റെ കൈപിടിച്ച് ഉമ അരങ്ങത്തേക്ക്

കെ. ജെ മനോജ്

കൊച്ചി: മുഖ്യാധാരാ രാഷ്ട്രീയത്തിന്റെ പിന്നണിയില്‍ നാല് പതിറ്റാണ്ടിലേറെക്കാലം സശ്രദ്ധം നിലയുറപ്പിച്ചിരുന്ന ഉമ തോമസ് അരങ്ങത്തേക്ക് ചുവടു വയ്ക്കുന്നത് പി.ടി തോമസിന്റെ ആദര്‍ശങ്ങളുടെ കൈ പിടിച്ച്. ആകസ്മികമായി കഴിഞ്ഞ ഡിസംബര്‍ 22ന് പി. ടി തോമസ് വിടപറയും വരെ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും നിഴലെന്നോണം ഉമ കൂടെയുണ്ടായിരുന്നു. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, പാരിസ്ഥിതിക മേഖലകളില്‍ പി. ടി തോമസ് ഉയര്‍ത്തിയ ശക്തമായ നിലപാടുകള്‍ അദ്ദേഹം കുടുംബത്തില്‍ പങ്കുവച്ചതും ചര്‍ച്ച ചെയ്തതും ഉമയിലെ പൊതുപ്രവര്‍ത്തകയെ മുഖ്യധാരാ പൊതുപ്രവര്‍ത്തനരംഗത്ത് ശക്തയായ വനിതയാക്കി രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.
എറണാകുളം മഹാരാജാസ് കോളജിലെ കെ.എസ്.യു പ്രവര്‍ത്തകയായി 1980ല്‍ പൊതുവേദിയിലെത്തിയ അന്നത്തെ കൗമാരക്കാരി പിന്നീട് പി. ടി തോമസിനൊപ്പമുള്ള ജീവിതത്തിലൂടെ സമൂഹത്തിന്റെ മനസ്സറിഞ്ഞ ദിശാബോധമുള്ള പൊതുപ്രവര്‍ത്തകയായി. പൊതുമണ്ഡലത്തെ ബാധിക്കുന്ന വിഷയങ്ങളിലൊക്കെ ഉമ തോമസിനും തന്റേതായ അഭിപ്രായങ്ങളും നിലപാടുകളുമുണ്ടെങ്കിലും പി.ടിയുടെ പിന്നില്‍ നിഴലായും അദ്ദേഹത്തിന്റെ ഊര്‍ജമായും നിലകൊള്ളാനാണ് താല്‍പര്യം കാണിച്ചത്. കേരളത്തിലുടനീളം പി.ടിക്കുണ്ടായിരുന്ന വ്യക്തിബന്ധങ്ങളെ സൗമനസ്യം നിറഞ്ഞ നിറപുഞ്ചിരിയോടെ കാത്തുസൂക്ഷിക്കുന്നതില്‍ ഉമ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.
നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ സംഘത്തലവനെ സ്ഥലം മാറ്റി കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നതിനെതിരേ ഫ്രണ്ട്‌സ് ഓഫ് പി.ടി ആന്‍ഡ് നേച്ചര്‍ കഴിഞ്ഞ ദിവസം ധര്‍ണ നടത്തിയപ്പോള്‍ സമരവേദിയിലെത്തി ഉമ തോമസ് പിന്തുണ അറിയിക്കുകയും പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതില്‍ പ്രതിഷേധമറിയിക്കുകയും ചെയ്തത് പി.ടിയുടെ അഭാവത്തിലും അദ്ദേഹത്തിലെ നിലപാടുകള്‍ യാഥാര്‍ഥ്യമാകുംവരെ അതിനായി യത്‌നിക്കുമെന്ന വെളിപ്പെടുത്തലായി. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റവാളിക്കെതിരേ ജനമനസാക്ഷി ഉണര്‍ത്താനും ക്രൂരതക്കെതിരേ പൊരുതാനും മരണംവരെ മുന്നില്‍ നിന്നത് പി.ടി തോമസായിരുന്നു.
ഇടുക്കി ജില്ലയിലെ വാത്തിക്കുടി ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ പി.ടി മത്സരിച്ചു വിജയിക്കുമ്പോള്‍ വീട് കയറിയും സൗഹൃദസദസ്സുകളില്‍ പങ്കെടുത്തും സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായും ഒപ്പമുണ്ടായിരുന്ന ഉമ, തൊടുപുഴ അസംബ്ലി നിയോജക മണ്ഡലത്തില്‍ നാല് തവണയും ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ ഒരു തവണയും തൃക്കാക്കര അസംബ്ലി മണ്ഡലത്തില്‍ രണ്ട് തവണയും പി. ടി മത്സരിച്ചപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഴുവന്‍ സമയവും ഉണ്ടായിരുന്നു. ഗായിക കൂടിയായ ഉമ പ്രചാരണവേളകളില്‍ വോട്ടര്‍മാരുടെ സ്‌നേഹപൂര്‍വമായ അഭ്യാര്‍ഥനകള്‍ക്ക് വഴങ്ങി പാട്ടു പാടി ഒപ്പം ചേര്‍ന്നതും ശ്രദ്ധേയമായിരുന്നു.

Related posts

Leave a Comment