കൊച്ചി : തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. പി.ടി തോമസ് അമ്മയോടൊപ്പം അന്ത്യവിശ്രമം കൊള്ളുന്ന ഇടുക്കി ഉപ്പുതോട് പള്ളിയിലെ കല്ലറയിലെത്തി പ്രാർഥിച്ചശേഷമാണ് ഉമ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത് .പി ടിയുടെ അടുത്ത് നിന്ന് തുടങ്ങണമെന്നത് തന്റെ ആഗ്രഹമായിരുന്നെന്ന് ഉമ പറഞ്ഞു. ചൊവ്വാഴ്ച രാത്രിയിൽ ഉപ്പുതോട്ടിലെ പി.ടിയുടെ തറവാട്ട് വീട്ടിലെത്തിയ ഉമ രാവിലെ ഡിസിസി പ്രസിഡന്റ് സി പി മാത്യൂ, ഡീൻ കുര്യാക്കോസ് എംപി എന്നിവർക്കൊപ്പമാണ് പള്ളിയിലെത്തി പ്രാർത്ഥിച്ചത്. ഉപ്പുതോട് പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം ഉമ ഇടുക്കി ബിഷപ്പ് ഹൗസിലെത്തി ബിഷപ്പ് മാർജോർജ് നെല്ലിക്കുന്നേലിനെ നേരിൽകണ്ട് അനുഗ്രഹം തേടി. എല്ലാവിധ സഹകരണവും ഉണ്ടാകുമെന്ന് ബിഷപ്പ് പറഞ്ഞതായി ഉമതോമസ് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. ഇടുക്കിയിലെ കോൺഗ്രസ് നേതാക്കന്മാരെ നേരിൽ കണ്ടതിന് ശേഷമായിരുന്നു ഉമയുടെ മടക്കം. തുടർന്ന് എറണാകുളം ഡിസിസി ഓഫീസിൽ നടന്ന യുഡിഎഫ് നേതൃയോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു. പ്രതിപക്ഷ നേതാവും എംപിമാരും എംഎൽഎമാരും പങ്കെടുത്ത യോഗത്തിൽ ജില്ലയിലെ വിവിധ ഘടകകക്ഷി നേതാക്കളും ഉണ്ടായിരുന്നു. പിന്നാലെ അങ്കമാലി അതിരൂപത ആർച്ച് ബിഷപ്പ് ആന്റണി കരിയിലുമായി ഉമ കൂടിക്കാഴ്ച നടത്തി.
പി.ടി അന്ത്യവിശ്രമം കൊള്ളുന്ന ഉപ്പുതോട് പള്ളിയിൽ നിന്നും പ്രചാരണം തുടങ്ങി ഉമ തോമസ്
