പ്രഭാതനടത്തക്കാരെ കണ്ട് വോട്ടുതേടി ഉമ തോമസ്

കൊച്ചി : യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിൻ്റെ ഇന്നത്തെ പ്രഭാത നടത്തം കുടുംബവുമൊത്ത് സ്റ്റേഡിയം വഴിയായിരുന്നു. നടക്കുന്നതിനിടയിൽ ഹൈബി ഈഡൻ എം.പിയും ടി.ജെ വിനോദ് എംഎൽഎയും കൂടെ കൂടിയതോടെ പ്രഭാത നടത്തം വോട്ടുതേടിയുള്ള നടത്തം കൂടിയായി. സ്റ്റേഡിയത്തിൽ അധികവും പരിചിത മുഖങ്ങൾ ആയതോടെ കുശലം പറച്ചിലും തിരഞ്ഞെടുപ്പു വിശേഷങ്ങൾ തിരക്കിയും സ്ഥിരം നടത്തക്കാർ കൂടെ കൂടി. പിന്നെ സ്ഥാനാർഥിക്ക് വോട്ടുപിടിക്കുന്ന ചുമതല അവർ ഏറ്റെടുത്തു. നടക്കുന്നവരെ കൈ വീശി കാട്ടിയും കുശലം പറഞ്ഞും മുന്നോട്ട് നീങ്ങി. സ്റ്റേഡിയത്തിൻ്റെ നാലാം കവാടത്തിൽ എത്തിയപ്പോൾ ജി ഫോർ വാക്കിങ്ങ് ഗ്രൂപ്പിലെ അംഗം സാന്ദ്രയുടെ ജന്മദിന ആഘോഷം. ഉമതോമസിനെ കണ്ടതും പിന്നെ ഉമയായി ആഘോഷത്തിലെ വിശിഷ്ടാതിഥി. കേക്ക് മുറിച്ച് ജന്മദിനക്കാരിക്ക് ആശംസ നേർന്നു. ചലച്ചിത്ര താരം കെ.എസ് പ്രസാദ് ആഘോഷത്തിലുണ്ടായിരുന്നു. മഹാരാജാസിലെത്തിയ ഉമക്ക് താനാണ് കെ.എസ്.യു മെമ്പർഷിപ്പ് നൽകിയതെന്നും അതിന് ശേഷമാണ് ഉമ പി.ടി കണ്ടെതെന്നും അദ്ദേഹം പറഞ്ഞപ്പോൾ എല്ലാവരിലും പൊട്ടിച്ചിരിയായി. പ്രസാദ് തന്നെ കൊണ്ട് കോളേജിൽ പാട്ട് പാടിച്ച വിശേഷങ്ങൾ ഉമക്കുമുണ്ടായിരുന്നു പറയാൻ. സ്റ്റേഡിയത്തിൻ്റെ പുറകിലെത്തി ഒരു കെട്ട് ചീര വാങ്ങി പത്മാവതി ചേച്ചിയുടെ തട്ടുകടയിൽ നിന്ന് ഒരു ചായയും കുടിച്ചു. ചൂട് കൂടിയത് കൊണ്ട് തന്നെ ചായ ഒന്നാറ്റി പകുതി ഹൈബിക്കും നൽകി. വഴിയോരത്തെ പച്ചക്കറി തട്ടിലും വാങ്ങാനെത്തിയവരോടും വഴിയോര കച്ചവടക്കാരോടും വോട്ടു ചോദിച്ചാണ് ഉമ തോമസ് മടങ്ങിയത്. മക്കളായ വിഷ്ണുവും വിവേകും മരുമകൾ ബിന്ദുവും ഉമ തോമസിന് ഒപ്പമുണ്ടായിരുന്നു.

Related posts

Leave a Comment