യുദ്ധത്തിന്റെ കാലൊച്ചയുമായി ഉക്രൈന്‍ ; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം


കോവിഡ് മഹാമാരിക്കാലത്ത് ലോകം മറ്റൊരു യുദ്ധത്തിന്റെ ചുഴിയിലേക്ക് നീങ്ങുകയാണോ? റഷ്യ-ഉക്രൈന്‍ സംഘര്‍ഷം ശക്തമായപ്പോള്‍ റഷ്യക്കെതിരെ അമേരിക്ക നടത്തുന്ന പടനീക്കങ്ങള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നതിന് തുല്യമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ കിഴക്കന്‍ യൂറോപ്പിലേക്ക് കൂടുതല്‍ സൈനികരെ അയയ്ക്കാന്‍ അമേരിക്ക തയ്യാറെടുപ്പ് തുടങ്ങിയിരിക്കുന്നു. അമേരിക്കയും യൂറോപ്യന്‍ യൂണിയനും റഷ്യയെ യുദ്ധത്തിലേക്ക് തള്ളിവിടുകയാണെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്റെ പ്രസ്താവനക്ക് സൈനിക നീക്കങ്ങളിലൂടെയാണ് അമേരിക്ക മറുപടി നല്‍കുന്നത്. അമേരിക്കയുടെ നീക്കങ്ങള്‍ വിനാശകരമായിരിക്കുമെന്നാണ് പുടിന്റെ പ്രസ്താവന. യുദ്ധത്തെ എതിര്‍ക്കുമെന്ന് പറയുന്നവര്‍ സംഘര്‍ഷത്തിന് അയവുവരുത്താനല്ല ശ്രമിക്കുന്നത്. കൂടുതല്‍ രൂക്ഷമാക്കാനാണ്. റഷ്യ-ഉക്രൈന്‍ തര്‍ക്കത്തില്‍ സമാധാന ചര്‍ച്ചകള്‍ തുടരുമെന്ന പ്രത്യാശ നിലനില്‍ക്കുമ്പോഴാണ് റഷ്യ പടനീക്കങ്ങള്‍ ശക്തമാക്കിയത്. റഷ്യ ഏതുസമയത്തും ഉക്രൈനെ ആക്രമിച്ചേക്കുമെന്ന അഭ്യൂഹം ശക്തമാണ്. ഒരുലക്ഷത്തിലേറെ സൈനികരെയും അത്യാധുനിക ആയുധങ്ങളും വിന്യസിച്ച് വെടിപൊട്ടിക്കാന്‍ റഷ്യ കാത്തിരിക്കുകയാണ്. ഉക്രൈനെ ആക്രമിക്കാന്‍ പദ്ധതിയില്ലെന്ന് റഷ്യ ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും ആരും ഇത് വിശ്വസിക്കുന്നില്ല. കഴിഞ്ഞദിവസം ചൈനയിലെത്തിയ പുടിന്‍, ഉക്രൈന്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നു. രാജ്യാന്തര സമൂഹത്തിന്റെ പിന്തുണ കരസ്ഥമാക്കിയ ശേഷമാകാം ആക്രമണമെന്നതാണ് റഷ്യയുടെ നീക്കം. അമേരിക്ക അടക്കമുള്ള നാറ്റോകളും യുദ്ധസമാനമായ ഒരുക്കത്തിലാണ്. അവിഭക്ത സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉക്രൈന്‍ കമ്മ്യൂണിസ്റ്റ് ഭരണത്തകര്‍ച്ചക്ക് ശേഷം മറ്റ് സോവിയറ്റ് സംസ്ഥാനങ്ങളെപ്പോലെ സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയായിരുന്നു. ഉക്രൈന്‍ തങ്ങളുടെ ഭൂമി കൈവശപ്പെടുത്തിയെന്ന് ആരോപിച്ചുകൊണ്ട് 2014-ല്‍ റഷ്യ ഉക്രൈനെ ആക്രമിച്ചിരുന്നു. അമേരിക്ക ലോഭമില്ലാതെ ഉക്രൈന് ആയുധങ്ങള്‍ നല്‍കുന്നത് റഷ്യയെ പ്രകോപിപ്പിച്ചിരുന്നു. ഉക്രൈനെ ആയുധമണിയിച്ച് തങ്ങള്‍ക്കുനേരെ അഴിച്ചുവിട്ടാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പുടിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉക്രൈന്റെ അയല്‍രാജ്യമായ പോളണ്ട് കേന്ദ്രീകരിച്ചുകൊണ്ടാണ് അമേരിക്കയുടെ പടനീക്കങ്ങള്‍. സൈനിക നീക്കങ്ങളെക്കുറിച്ച് അമേരിക്ക മൗനം പാലിക്കുകയാണെങ്കിലും സൈനിക വിന്യാസത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ ഇത് ശരിവെയ്ക്കുന്നു. ഉക്രൈനെ ആക്രമിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും രഹസ്യമായി പടനീക്കം നടത്തുകയും ചെയ്യുന്നത് റഷ്യയുടെ തന്ത്രമാണെന്ന് സഖ്യകക്ഷികള്‍ വിശ്വസിക്കുന്നു. പതിനായിരത്തോളം സൈനികരെ യുദ്ധസജ്ജരാക്കി പോളണ്ടില്‍ താവളമടിക്കുകയാണ് സഖ്യകക്ഷികളുടെ നീക്കം. സൈനികരുടെ ആദ്യസംഘം പോളണ്ടില്‍ എത്തിക്കഴിഞ്ഞു. 2014-ലെ റഷ്യന്‍ ആക്രമണത്തിന് സമാനമായ സൈനിക നീക്കങ്ങളാണ് റഷ്യ സ്വീകരിച്ചിരിക്കുന്നത്. 2014-ല്‍ ഉക്രൈന്‍ പ്രസിഡന്റിനെതിരെ ഉയര്‍ന്നുവന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് രാജിവെക്കേണ്ടിവന്ന റഷ്യന്‍ പക്ഷക്കാരനായ വിക്ടര്‍ യാനുകോച്ചിനെ തിരികെ അധികാരത്തിലെത്തിക്കാന്‍ വേണ്ടിയായിരുന്നു റഷ്യ അന്ന് ഉക്രൈന്‍ ആക്രമണം നടത്തിയത്. ഉക്രൈനെ, റഷ്യ നേതൃത്വം നല്‍കുന്ന യൂറോപ്യന്‍ സാമ്പത്തിക കൂട്ടായ്മയില്‍ ചേര്‍ക്കാനുള്ള നീക്കത്തിനെതിരെയായിരുന്നു അന്നത്തെ ജനകീയ പ്രക്ഷോഭം. 2014-ലെ യുദ്ധത്തില്‍ ഉക്രൈനില്‍ നിന്ന് ക്രിമിയ പിടിച്ചെടുത്തിരുന്നു. ഈ കയ്യേറ്റത്തെ അന്താരാഷ്ട്ര സമൂഹം വേണ്ടവിധത്തില്‍ കൈകാര്യം ചെയ്തില്ല. ഇപ്പോള്‍ സംജാതമായ സംഘര്‍ഷങ്ങള്‍ക്ക് ഉത്തരവാദി റഷ്യയാണെന്ന് സഖ്യകക്ഷികള്‍ മാത്രമല്ല യൂറോപ്യന്‍ യൂണിയനും ജി 7 രാഷ്ട്രങ്ങളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റഷ്യ-ഉക്രൈന്‍ സംഘര്‍ഷം ഈ മേഖലയില്‍ മാത്രമല്ല ലോകമെമ്പാടും പ്രകമ്പനം സൃഷ്ടിക്കുന്ന രീതിയില്‍ വളരുകയാണ്. തങ്ങളുടെ അയല്‍പ്പക്കത്ത് തങ്ങള്‍ക്കിഷ്ടമില്ലാത്ത ഭരണകൂടങ്ങളെ പൊറുപ്പിക്കില്ലെന്ന ശീതയുദ്ധക്കാലത്തെ വിചാരങ്ങളാണ് റഷ്യയെ ഇപ്പോഴും നയിക്കുന്നത്. നാറ്റോ സഖ്യത്തില്‍ ചേരാനുള്ള ഉക്രൈന്‍ നീക്കങ്ങളെ തടയിടുകയാണ് യുദ്ധഭീഷണിയിലൂടെ റഷ്യ കൈക്കൊണ്ടിരിക്കുന്നത്. അമേരിക്കയും സഖ്യകക്ഷികളും റഷ്യന്‍ നടപടികളെ അതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. യുദ്ധം ഒഴിവാക്കിയുള്ള സമവായത്തിന് ഇരുകൂട്ടരും തയ്യാറായാലും ഉക്രൈന്‍ റഷ്യക്ക് എന്നും തലവേദനയായിരിക്കും.

Related posts

Leave a Comment