യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് 30 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ യുക്രൈന്‍ ഭരണകൂടം

യുക്രൈന്‍ : യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് 30 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ യുക്രൈന്‍ ഭരണകൂടം. പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ റഷ്യ കൂടുതല്‍ സേനയെ വിന്യസിക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങളും പുറത്ത് വന്നു.റഷ്യന്‍ നടപടിയില്‍ കടുത്ത നിലപാടെടുക്കാനാണ് അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും തീരുമാനം. വിഷയത്തില്‍ റഷ്യയോട് വിട്ടുവീഴ്ചക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നു.

റഷ്യയുടെ 80 ശതമാനം സേനയും യുക്രൈന് ചുറ്റും ആക്രമണസ്ഥാനങ്ങളിലാണെന്നും യു.എസ് വ്യക്തമാക്കി. റഷ്യയുമായി യുദ്ധത്തിലേര്‍പ്പെടുകയോ യുദ്ധം ചെയ്യാന്‍ യു.എസ് സൈനികരെ അയക്കുകയോ ചെയ്യില്ലെന്നും കൂട്ടിച്ചേര്‍ത്തു. സൈബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൈബര്‍ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച്‌ അമേരിക്കയും യുക്രൈനും തമ്മില്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു.

ലോകം ഒരു നിമിഷം അപകടത്തെ അഭിമുഖീകരിക്കുകയാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസും വ്യക്തമാക്കി. കിഴക്കന്‍ യുക്രൈനിലെ വിമതര്‍ കൈവിനെതിരെ മോസ്കോയോട് സഹായം ആവശ്യപ്പെട്ടതായി ക്രെംലിന്‍ പറയുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ യു.എന്‍ രക്ഷാസമിതിയുടെ അടിയന്തരയോഗം വിളിക്കാന്‍ യുക്രൈനിയന്‍ വിദേശകാര്യമന്ത്രി ദിമിട്രോ കുലേബ പറഞ്ഞു.

അതേസമയം, നയതന്ത്ര ചര്‍ച്ചയ്ക്ക് റഷ്യ ഇപ്പോഴും തയ്യാറാണെന്നും എന്നാല്‍, റഷ്യയുടെ താത്പര്യങ്ങള്‍ ബലികഴിക്കുന്ന ഒരു ഒത്തുതീര്‍പ്പും സാധ്യമല്ലെന്നുമാണ് പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍റെ നിലപാട്. അതിനിടെ, യുക്രൈനിന്‍റെ പ്രാദേശിക അഖണ്ഡതയ്‌ക്കെതിരായ നടപടികള്‍ തുര്‍ക്കി അംഗീകരിക്കുന്നില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ പുടിനോട് പറഞ്ഞു. റഷ്യയുടെ സുരക്ഷാ ആവശ്യങ്ങള്‍ അവഗണിക്കാനാണ് നാറ്റോയും യു.എസും ശ്രമിച്ചതെന്ന് പുടിനും തിരിച്ചടിച്ചു.

പുടിനുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും കൂടിക്കാഴ്ച നടത്തും. 23 വര്‍ഷത്തിനിടെ റഷ്യ സന്ദര്‍ശിക്കുന്ന ആദ്യ പാകിസ്ഥാന്‍ പ്രധാനമന്ത്രിയാണ് ഇമ്രാന്‍ ഖാന്‍. യുക്രൈനിലെ പ്രതിസന്ധി രൂക്ഷമായാല്‍ റഷ്യയ്‌ക്കെതിരെ കടുത്ത ഉപരോധം പ്രതീക്ഷിക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കിയിരുന്നു. നോര്‍ഡ് സ്ട്രീം 2 പദ്ധതി മരവിപ്പിക്കുകയാണെന്ന് ജര്‍മനിയും അറിയിച്ചു.സൈബര്‍ ആക്രമണത്തെ ചെറുക്കാന്‍ രാജ്യം സജ്ജരാകണമെന്ന് ആസ്ത്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണും രാജ്യത്തോട് പറഞ്ഞു. പൗരന്മാരോട് എത്രയും പെട്ടെന്ന് തിരിച്ചുവരാന്‍ ഫ്രാന്‍സും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related posts

Leave a Comment