കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ ജനകീയ സമരം ശക്തമാക്കുംഃ യുഡിഎഫ്

തിരുവനന്തപുരംഃ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന ജനവിരുദ്ധ ജനാധിപത്യ വിരുദ്ധ നിലപാടുകള്‍ക്കെതിരേ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യുഡിഎഫ് നേതൃയോഗത്തില്‍ തീരുമാ‌‌നമായി. അതിന്‍റെ ഭാഗമായി ഈ മാസം ഇരുപതിനു സംസ്ഥാന വ്യാപകമായി പ്രതിഷേധ ധര്‍ണ നടത്തും. ജനങ്ങളുടെ ആരോഗ്യ- സാമ്പത്തിക മേഖലകളിലെല്ലാം സര്‍ക്കാരുകള്‍ തികഞ്ഞ പരാജയമാണ്. കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിനു ഗുരുതരമായ വീഴ്ചകളാണു സംഭവിച്ചതെന്നു യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

പെട്രോളിനും ഡീസലിനും പാചക വാതകത്തിനും ഒരു നിയന്ത്രണവുമില്ലാതെയാണു കേന്ദ്ര സര്‍ക്കാര്‍ വില കൂട്ടുന്നത്. ‌ഇതു സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കന്നു. ഇന്ധനവില വര്‍ധനവിലും പാചക വാതക വിലവര്‍ധനവിലും പ്രതിഷേധിച്ചാണു കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിഷേധിക്കുന്നത്. പൊതുമുതല്‍ വിറ്റുതള്ളി രാജ്യത്തിന്‍റെ സാമ്പത്തികഭദ്രത തകര്‍ക്കുന്നതും എതിര്‍ക്കുമെന്ന് സതീശനും യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസനും ചൂണ്ടിക്കാട്ടി.

മുട്ടില്‍ മരം മുറികേസ് അട്ടിമറിക്കുകയും കുറ്റക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ പൊയ്മുഖവും സമൂഹമധ്യത്തില്‍ തുറന്നു കാട്ടും. ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്കെതിരേ കോടതിയില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടും മുഖ്യമന്ത്രി ഒളിച്ചുകളിക്കുകയാണെന്നു നേതാക്കള്‍ കുറ്റപ്പെടുത്തി.

സംസ്ഥാന സര്‍ക്കാര്‍ പോലീസിനെ കയറൂരി വിട്ടിരിക്കയാണ്. ജനങ്ങളെ ദ്രോഹിക്കുന്നതിലാണ് പോലീസിനു താത്പര്യം. പോലീസ് രാജാണ് ഇവിടെ നടക്കുന്നതെന്നും വി.‍ഡി. സതീശന്‍ കുറ്റപ്പെടുത്തി. ഡോളര്‍ കടത്ത് കേസില്‍ കോടതി വിമര്‍ശിച്ചിട്ടും മുഖ്യമന്ത്രി ഒളിച്ചു കളിക്കുകയാണ്. ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോഴിക്കോട്ട് റിപ്പോര്‍ട്ട് ചെയ്ത നിപ്പ നിയന്ത്രണത്തിനു സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പ്രതിപക്ഷം പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തതായി സതീശന്‍ വ്യക്തമാക്കി. ഇതേക്കുറിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജുമായി ടെലിഫോണില്‍ ബന്ധപ്പെട്ട് ആശയ വിനിമയം നടത്തി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലുണ്ടായ വീഴ്ച നിപ്പ നിയന്ത്രണത്തില്‍ സംഭവിക്കരുതെന്നും സതീശന്‍ ആവശ്യപ്പെട്ടു. കോണ്‍ടാക്റ്റ് ട്രെയ്സിംഗിലും ഹോം ക്വാറന്‍റൈനിലും സംഭവിച്ച വീഴ്ചകളാണ് രാജ്യത്ത് അകെയുള്ളതിന്‍റെ എഴുപതു ശതമാനം കോവിഡ് രോഗികളും കേരളത്തിലാകാന്‍ കാരണം. ഒരു രോഗിയുടെ കോണ്‍ടാക്റ്റ് ട്രെയ്സ് ഇരുപതു പേരിലേക്കു വരെ നീളണമെന്ന ഐസിഎംആര്‍ നിര്‍ദേശം കേരളത്തില്‍ പാലിക്കുന്നില്ല. കഷ്ടിച്ച് ഒന്നര ആളുകളിലേക്കാണ് ഇവിടെ കോണ്‍ടാക്റ്റ് ട്രെയ്സ് നടത്തുന്നത്.

കോണ്‍ഗ്രസിലുണ്ടായിട്ടുള്ള ചില അഭിപ്രായഭിന്നതകള്‍ വളരെ സുതാര്യവും കാര്യക്ഷമവുമായ ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെട്ടെന്ന് യുഡിഎഫ് ചെയര്‍മാന്‍ കൂടിയായ വി.ഡി. സതീശന്‍ പറഞ്ഞു. ചില തെറ്റിദ്ധാരണകളുണ്ടായിരുന്നു. അതെല്ലാ പരിഹരിച്ചു. എല്ലാവരെയും ഉള്‍‌ക്കൊണ്ടും എല്ലാവരുമായും ആലോചിച്ചും മാത്രമേ സുപ്രധാന തീരുമാനങ്ങളെടുക്കൂ. ഇതു സംബന്ധിച്ചു പാര്‍ട്ടിക്കുള്ളില്‍ വിശദമായ ആശയവിനിമയം നടന്നെന്നും ഇനിയും ചര്‍ച്ചകള്‍ തുടരുമെന്നും സതീശനും കണ്‍വീനര്‍ എം.എം. ഹസനും അറിയിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ സംബന്ധിച്ച് അഞ്ചു സമിതികള്‍ അന്വേഷിച്ചു കെപിസിസി പ്രസിഡന്‍റിനു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതില്‍ ഘടകകക്ഷികള്‍ക്കെതിരേ ഒരിടത്തും യാതൊരു പരാതിയും രേഖപ്പെടുത്തിയിട്ടില്ല. ആര്‍എസ്പി ഉന്നയിച്ച വിഷയങ്ങള്‍ വളരെ ഗൗരവത്തോടെയാണു കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച ചെയ്തത്. വളരെ ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ അവര്‍ മുന്നോട്ടു വച്ചു. അത്തരം നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളും. ഈ മാസം 22 ന് തെരഞ്ഞെടുപ്പ് അവലോകന യോഗം നടത്താനും തീരുമാനിച്ചു. അടുത്ത ജനുവരിയില്‍ സംസ്ഥാനതലത്തില്‍ യുഡിഎഫ് കണ്‍വന്‍ഷന്‍ നടത്തുമെന്നും ചെയര്‍മാരും കണ്‍വീനറും അറിയിച്ചു.

മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും താന്‍ സന്ദര്‍ശിച്ചതിനെ വിമര്‍ശിച്ച എ. വിജയരാഘവന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലവാരം കാക്കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു. അവര്‍ ഇരുവരും തന്‍റെ തലമുതിര്‍ന്ന നേതാക്കളാണ്. അവരെ വീട്ടില്‍ പോയി കാണുന്നതിന് എകെജി സെന്‍ററിന്‍റെ അനുവാദം വേണ്ടെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Comment