മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണം: യുഡിഎഫ് സെക്രട്ടറിയേറ്റ് ജൂലൈ രണ്ടിന്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുന്നു. ഇതിന്റെ ആദ്യഘട്ടമായി ജൂലൈ രണ്ടിന് സെക്രട്ടറിയേറ്റ് പടിക്കലും 12 ജില്ലാ കളക്ട്രേറ്റുകളിലേക്കും മാർച്ച് നടത്തും. അന്നേദിവസം മലപ്പുറത്ത് രാഹുൽ​ഗാന്ധി പങ്കെടുക്കുന്ന പരിപാടി ഉള്ളതിനാൽ അവിടെ നാലാം തീയതിയാണ് മാർച്ച്.
സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ച് സ്വപ്നാ സുരേഷിന്റെ രഹസ്യമൊഴിക്ക് ശേഷവും തുടരന്വേഷണം വൈകുന്നത് സംശയകരമാണെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ ചൂണ്ടിക്കാട്ടി. രാജ്യദ്രോഹം, പണം വെളുപ്പിക്കൽ, കള്ളക്കടത്ത് എന്നിവയെല്ലാം കേന്ദ്ര വിഷയങ്ങളാണ്. ഇല്ലാത്ത കേസിൽ രാഹുൽ​ഗാന്ധിയെ 52 മണിക്കൂർ ചോദ്യം ചെയ്ത കേന്ദ്ര ഏജൻസികൾ പിണറായി വിജയനെ ഒരു മിനിട്ട് പോലും ചോദ്യം ചെയ്തിട്ടില്ലെന്നത് സിപിഎം -ബിജെപി രഹസ്യബാന്ധവത്തിന്റെ ഉത്തമ ഉദാഹരണമാണ്. സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. പത്രക്കാരെ കാണുന്നില്ല, ജനങ്ങളോട് പറയുന്നില്ല. അസുഖമെന്ന് പറഞ്ഞ് ക്ലിഫ് ഹൗസിൽ ഒളിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ഉറക്കത്തിൽ സ്വർണ സ്വപ്നങ്ങൾ കണ്ട് ഞെട്ടിയുണരുകയാണെന്നും ഹസൻ പരിഹസിച്ചു.
ജൂലൈ രണ്ടിന് സെക്രട്ടറിയേറ്റ് മാർച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. കണ്ണൂർ കളക്ട്രേറ്റ് മാർച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരനും എറണാകുളത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കൊല്ലത്ത് രമേശ് ചെന്നിത്തലയുമാണ് ഉദ്ഘാടകർ. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി, ഇടുക്കിയിൽ പിജെ ജോസഫ്, തൃശൂരിൽ എംഎം ഹസൻ, കോഴിക്കോട് ഡോ. എം.കെ മുനീർ, കാസർകോട് കെ മുരളീധരൻ എംപി, ആലപ്പുഴയിൽ കൊടിക്കുന്നിൽ സുരേഷ്, കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ, പാലക്കാട്ട് ബെന്നി ബെഹനാൻ, പത്തനംതിട്ടയിൽ സിപി ജോൺ, വയനാട്ടിൽ ജി ദേവരാജൻ എന്നിവരാണ് മാർച്ച് ഉദ്ഘാടനം ചെയ്യുന്നത്. യുഡിഎഫ് നേതാക്കളായ അനൂപ് ജേക്കബ് എംഎൽഎ എറണാകുളത്തും മാണി സി കാപ്പൻ കോട്ടയത്തും ജോൺ ജോൺ പാലക്കാട്ടും അഡ്വ. രാജൻബാബു എറണാകുളത്തും മാർച്ചിൽ പങ്കെടുക്കും.

Related posts

Leave a Comment