ശിവന്‍കുട്ടിയുടെ രാജിഃ 140 കേന്ദ്രങ്ങളില്‍ ബുധനാഴ്ച ധര്‍ണ

കൊല്ലംഃ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ ഈ മാസം നാലിനു സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും. അന്നു രാവിലെ പതിനൊന്നിന് 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ പ്രവര്‍ത്തകര്‍ ധര്‍ണ നടത്തും. രാവിലെ പതിനൊന്നുമുതലാണ് ധര്‍ണ. അതതു നിയോജകമണ്ഡലത്തിലെ മുഴുവന്‍ പ്രവര്‍ത്തകരും യുഡിഎഫ് നേതാക്കളും ധര്‍ണയില്‍ പങ്കെടുക്കണമെന്ന് കണ്‍വീവനര്‍ എം.എം. ഹസന്‍ അറിയിച്ചു.

ക്രിമിനല്‍ കുറ്റം ചെയ്ത മന്ത്രിയെ വിചാരണ ചെയ്യാമെന്നാണു പരമോന്നത നീതിപീഠം വിധിച്ചിരിക്കുന്നത്. ഇത്തരം സാഹചര്യത്തില്‍ അധികാരത്തിലിരുന്നുകൊണ്ടു വിചാരണ നേരിടുന്നത് ജനാധിപത്യത്തിനും നിയമവാഴ്ചയ്ക്കും കളങ്കമാണെന്നു ഹസന്‍ ചൂണ്ടിക്കാട്ടി. ഐഎന്‍എലിന്‍റെ ആഭ്യന്തര പ്രശ്നത്തിന്‍റെ ഭാഗമായി രണ്ടു വിഭാഗങ്ങള്‍ ഏറ്റുമുട്ടിയപ്പോള്‍ അവരുടെ പ്രതിനിധിയെ പിന്‍വലിക്കുമെന്നു ഭീഷണിപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍, ശിവന്‍കുട്ടിയുടെ കാര്യത്തില്‍ കണ്ണടയ്ക്കുകയാണ്. വൈകാതെ വരാനിരിക്കുന്ന ലാവ്‌ലിന്‍ കേസില്‍ വിധി എതിരാകുമെന്ന ആശങ്കയിലാണ് ശിവന്‍കുട്ടിയെ സംരക്ഷിക്കാന്‍ നോക്കുന്നതെന്നും കണ്‍വീനര്‍ കുറ്റപ്പെടുത്തി.

ശിവന്‍കുട്ടിയുടെ രാജിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. രാജി വയ്ക്കുന്നതു വരെ പ്രതിഷേധം തുടരുമെന്നും കണ്‍വീനര്‍ വ്യക്തമാക്കി.

Related posts

Leave a Comment