ഇന്ധന നികുതി കുറയ്ക്കാതെ പിന്നോട്ടില്ല; അതിശക്തമായ സമരവുമായി മുന്നിട്ടിറങ്ങുമെന്ന് പ്രതിപക്ഷം

കേരള സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കണമെന്ന ആവശ്യത്തിലുറച്ച് പ്രതിപക്ഷം. നിയമസഭ ബഹിഷ്കരിച്ച് പുറത്തിറങ്ങിയ പ്രതിപക്ഷം സഭയ്ക്ക് പുറത്ത് പ്രതിഷേധിക്കുകയാണ്. സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കാതെ പിന്നോട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ജനങ്ങൾക്ക് ആശ്വാസമാകുന്ന ഇടപെടൽ വേണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു.

പ്രതീകാത്മക സമരത്തെ ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് വി ഡി സതീശന്‍ മറുപടി നല്‍കി. കേന്ദ്ര സർക്കാരിനെതിരെ ദേശീയ വ്യാപക പ്രക്ഷോഭം സംഘടിപ്പിച്ചത് കോൺഗ്രസാണ്. അധിക വരുമാനത്തിന്‍റെ പുറത്തുകയറി ഇരിക്കാതെ ജനങ്ങൾക്ക് ആശ്വാസം നൽകുന്ന ഇടപെടൽ നടത്തുമോയെന്ന് സർക്കാർ വ്യക്തമാക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെന്‍റിലേക്ക് സൈക്കിളിൽ പോയിട്ടുണ്ടെന്ന് മന്ത്രിയുടെ പരിഹാസത്തിന് കെ ബാബു മറുപടി നല്‍കി. കേരളത്തിലെ 19 എംപിമാരും ഉണ്ടായിരുന്നു. സംസ്ഥാനം നികുതി കുറയ്ക്കില്ല എന്നത് മുട്ടാപ്പോക്ക് ന്യായമാണ്. ജനങ്ങൾ പ്രയാസത്തിലാണ്. ജനങ്ങളെ വെല്ലുവിളിക്കുകയാണ് സര്‍ക്കാര്‍. ചേട്ടൻ ബാവ – അനിയൻ ബാവ കളിക്കുകയാണ് കേന്ദ്രവും സംസ്ഥാനവും. നികുതി ഭീകരതക്ക് കേരളം കൂട്ടുനിൽക്കുകയാണെന്നും കെ ബാബു കുറ്റപ്പെടുത്തി.

Related posts

Leave a Comment