കെ റെയിലിനെതിരേ ശനിയാഴ്ച സംസ്ഥാനതല യുഡിഎഫ് പ്രതിഷേധം

തിരുവനന്തപുരം: കേരളത്തിന് പാരിസ്ഥിതികവും സാമൂഹ്യവും സാമ്പത്തികവുമായ ആഘാതം സൃഷ്ടിക്കുന്ന കെ-റെയിൽപദ്ധതി (സിൽവർലൈൻ) ക്കെതിരായ യുഡിഎഫിന്റെ ജനകീയ മാർച്ചും ധർണയും ഡിസംബർ 18ന് നടത്തും.സെക്രട്ടേറിയറ്റിനു മുന്നിലും സിൽവർ ലൈൻ കടന്നുപോകുന്ന പത്ത് ജില്ലാ കളക്ടറേറ്റുകൾക്ക് മുന്നിലും സിൽവർലൈൻ വിരുദ്ധ ജനകീയ മാർച്ച് സംഘടിപ്പിക്കുന്നത്.

സിൽവർ ലൈനിന്റെ അന്തിമ സാധ്യത റിപ്പോർട്ടും പദ്ധതി രേഖയും കെട്ടിചമച്ചതാണെന്ന സെമി ഹൈസ്പീഡ് റെയിൽ പദ്ധതിക്കു വേണ്ടി പ്രഥാമിക സാധ്യതാ പഠനം നടത്തിയ ഇന്ത്യൻ റെയിൽവെയുടെ ചീഫ് എഞ്ചിനിയർ ആയിരുന്ന അലോക് വർമ്മയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ യുഡിഎഫ് നടത്തുന്ന സമരത്തിന്റെ പ്രസക്തി വർധിപ്പിച്ചിരിക്കുകയാണെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ പറഞ്ഞു. മെട്രോമാൻ ഇ.ശ്രീധരനും പരിസ്ഥിതി പ്രവർത്തകനായ മാധവ് ഗാഡ്ഗിലും ഈ പദ്ധതിക്കെതിരെ ഉയർത്തിയ വിമർശനം യുഡിഎഫ് ഉയർത്തിയ വിമർശനങ്ങൾക്ക് സമാനമാണെന്നും ഹസൻ പറഞ്ഞു.

ജനകീയ മാർച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം കലക്ടറേറ്റിനു മുന്നിൽ പ്രതിപക്ഷനേതാവ് വിഡി സതീശൻ നിർവഹിക്കും. സെക്രട്ടേറിയറ്റിന് മുന്നിലെ ധർണ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി ഉദ്ഘാടനം ചെയ്യും.രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ജനകീയ മാർച്ചും ധർണയും നടത്തുന്നത്.

കോട്ടയം കളക്ടറേറ്റിന് മുന്നിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കോഴിക്കോട് പി കെ കുഞ്ഞാലിക്കുട്ടിയും പത്തനംതിട്ട പി ജെ ജോസഫും ഉദ്ഘാടനം ചെയ്യും. ആലപ്പുഴ യുഡിഎഫ് കൺവീനർ എംഎം ഹസനും കൊല്ലത്ത് ആർഎസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസും തൃശ്ശൂരിൽ ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽസെക്രട്ടറി ജി ദേവരാജനും മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീറും കണ്ണൂരിൽ കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി സിദ്ദീഖഎംഎൽഎയും കാസർഗോഡ് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമും ജനകീയ മാർച്ച് ഉദ്ഘാടനം ചെയ്യുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ പറഞ്ഞു.
യുഡിഎഫ് കക്ഷി നേതാക്കളായ അനൂപ് ജേക്കബ് എംഎൽഎ എറണാകുളത്തും സിഎംപി ജനറൽ സെക്രട്ടറി സി പി ജോൺ സെക്രട്ടറിയേറ്റിന് മുന്നിലും നാഷണൽ ജനതാദൾ പ്രസിഡന്റ് ജോൺ ജോൺ തിരുവനന്തപുരത്തും മാണി സി കാപ്പൻ എംഎൽഎ കോട്ടയത്തും അഡ്വക്കേറ്റ് രാജൻബാബു ആലപ്പുഴയിലും പങ്കെടുക്കുമെന്ന് യുഡിഎഫ് കൺവീനർ പറഞ്ഞു.

Related posts

Leave a Comment