കണ്ണൂര്‍ സര്‍വകലാശാലയില്‍ സര്‍വത്ര ചട്ടലംഘനം; ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്ന് കെഎസ്‌യു

കണ്ണൂര്‍ സര്‍വകലാശാല വിവാദ സിലബസ് പൊളിറ്റിക്കല്‍ സയന്‍സ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരണത്തില്‍ ചട്ടലംഘനമെന്ന് കെഎസ്‌യു ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍പേഴ്സണ്‍ നിയമനം ഗവര്‍ണറുടെ അനുമതിയില്ലാതെയെന്നും കെഎസ്‌യു കണ്ണൂര്‍ ജില്ലാ കമ്മിറ്റി. വിവാദ കാവി സിലബസ് സമിതി ചെയര്‍മാന്‍ കെഎം സുധീഷിനെ പൊളിറ്റിക്കല്‍ സയന്‍സ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാനാക്കിയത് സര്‍വകലാശാല സ്റ്റാറ്റ്യൂട്ടിലെ ചട്ടങ്ങള്‍ മറികടന്നാണെന്നും ഇതിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് മുഹമ്മദ് ഷമ്മാസ്.

കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസിന് പിന്നില്‍ വിശാല കാഴ്ചപ്പാടല്ല ആസൂത്രിതമായി സംഘപരിവാര്‍ അജണ്ട നടത്താനുള്ള ശ്രമമാണ് നടന്നതെന്ന് കെഎസ്‌യു നേതാക്കള്‍ പറഞ്ഞു. പൊളിറ്റിക്കല്‍ സയന്‍സ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാനും വിവാദ സിലബസ് തയാറാക്കിയ സമിതിയുടെ കണ്‍വീനറും ഡോ. സുധീഷ് കെഎം ആയിരുന്നു. ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാനെ നിയമിക്കേണ്ടത് ചാന്‍സിലര്‍ ആണെന്നിരിക്കെ സിന്‍ഡിക്കേറ്റാണ് നിയമിച്ചതെന്നും കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് മുഹമ്മദ് ഷമ്മാസ് പറഞ്ഞു.

ഡോക്ടര്‍ സുധീഷ് കെഎമ്മിനെ പൊളിറ്റിക്കല്‍ സയന്‍സ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കും. വിവാദ സിലബസ് തയാറാക്കിയ അധ്യാപകനെ മുഴുവന്‍ ഉത്തരവാദിത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടു.

പയ്യന്നൂര്‍ കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന അധ്യാപകനാണ് പിജി വിദ്യാര്‍ത്ഥികള്‍ക്കുള്ള വിവാദ സിലബസ് തയാറാക്കിയത്. വരുംദിവസങ്ങളില്‍ കെഎസ്‌യു ശക്തമായ പ്രക്ഷോഭം നടത്തുമെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു. കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി അതുല്‍ വികെയും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Related posts

Leave a Comment