യു.എ.ഇ. അവധി മാറ്റം കുവൈറ്റിൽ പരിഗണിച്ചേക്കില്ല

കൃഷ്ണൻ കടലുണ്ടി

കുവൈറ്റ് സിറ്റി: യു. എ. ഇ. പ്രഖ്യാപിച്ച വാരാന്ത്യ അവധി ദിന മാറ്റം പല കാരണങ്ങൾ കൊണ്ട് കുവൈറ്റിൽ നടപ്പിലാക്കാൻ ഇടയില്ലെന്നു വിലയിരുത്തപ്പെടുന്നു. ഉദ്ദേശം പതിനാല് വർഷങ്ങൾ മുൻപേ വാരാന്ത്യ അവധി വ്യാഴം – വെള്ളി ദിവസങ്ങളിൽ നിന്ന് വെള്ളി- ശനി ദിവസങ്ങളിലേക്ക് മാറ്റിയപ്പോൾ അതിന്റെ ചുവട് പിടിച്ച് കുവൈറ്റിലും അവധി മാറ്റം വരുത്തിയിരുന്നു. എന്നാൽ ഇപ്പോഴത്തെ മാറ്റം കുവൈറ്റിൽ സംഭവിക്കാനിടയില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങൾ പൊതുവെ വിലയിരുത്തുന്നു.

ഗൾഫ് മേഖലയിലെ നായകത്വം മുന്നിൽ കണ്ടും അവിടത്തെ സമ്മിശ്ര സമൂഹത്തിന്റെ അന്താരാഷ്ട്ര അവധി ദിനത്തോടൊപ്പം നിൽക്കാനുള്ള വ്യഗ്രതയും ടൂറിസം അടക്കമുള്ള മേഖലകളിലെ ഉണർവ്വും ആ രാജ്യത്തെ ഇങ്ങനെയൊരു അവധി മാറ്റത്തിനു പ്രേരിപ്പിച്ചിട്ടുണ്ടാകാം. ഒപ്പം അന്താരാഷ്ട്രമായി പ്രവർത്തി ദിവസങ്ങളിലെ ഏകോപനം വ്യാവസായിക സ്ഥാപനങ്ങൾക്ക് വളരെയേറെ പ്രയോജനപ്പെട്ടേക്കാം.

നിലവിൽ പ്രവൃത്തി ദിനമായ ഞായർ അന്താരാഷ്ട്ര പ്രവൃത്തി ദിനങ്ങൾക്ക് അനുസൃതമല്ലെന്ന ഒരു ന്യുനതയുണ്ട് . വാണിജ്യ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ആയി ഇടപാടുകൾ നടത്തുന്നതിന് ആ ദിവസം പ്രയോജനപ്രദമല്ല നിരവധിയുള്ള വാണിജ്യ അന്വേഷണങ്ങൾക്ക് ആ ദിവസം മറുപടി ലഭിക്കുന്നില്ല.

പക്ഷെ കുവൈറ്റിൽ സ്ഥിതി വ്യത്യസ്തമാണ്. പരമ്പരാഗതമായി ഇസ്ലാമിക അടിത്തറയിലാണ് ഇവിടത്തെ പൊതു ജീവിതം. ജുമാ നമസ്കാരവും അത് കഴിഞ്ഞുള്ള സൗഹൃദ സന്ദർശനങ്ങളും എല്ലാം അതിന്റെ ഭാഗമാണ്. അർദ്ധ ദിനം ജോലി ചെയ്ത ശേഷമുള്ള ജുമാ നമസ്കാരം ഒരിക്കലും പ്രായോഗികമല്ലെന്നാണ്‌ വിലയിരുത്തപ്പെടുന്നത്. പ്രാദേശിക പത്രങ്ങളും ആ ദിശയിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പാരമ്പര്യത്തെയും സംസ്കാരത്തെയും വിസ്മരിച്ചുകൊണ്ടുള്ള ഒരു മാറ്റം ഇവിടെ സ്വീകരിക്കപ്പെടാൻ ഇടയില്ല എന്നതാണ് നേര്.

‘ഈ മാറ്റം ഇവിടെ അത്ര പ്രധാനപ്പെട്ടതല്ല. കുവൈറ്റി സമൂഹം വെള്ളിയാഴ്ചകളിൽ കുടുംബ സന്ദർശനത്തിന് മുൻഗണന നൽകുന്നവരാണ് ‘ കുവൈറ്റ് സർവ്വകലാശാലയിലെ ഒരു സോഷിയോളജി വിദ്യാർത്ഥി അഭിപ്രായപ്പെട്ടു. കുവൈറ്റി സമൂഹത്തിന്റെ പൊതു അഭിപ്രായമാണ് ഇത് പ്രതിഫലിപ്പിക്കുന്നത് . അതുകൊണ്ടു തന്നെ വാരാന്ത്യ അവധി മാറ്റം കുവൈറ്റിൽ നടപ്പിലാക്കാൻ ഇടയില്ലെന്നു പ്രതീക്ഷിക്കപ്പെടുന്നത്.

Related posts

Leave a Comment