യു.എ.ഇയിലെ പുതിയ അധ്യായന വർഷം ; വിദ്യാർത്ഥികൾക്കും സ്‌കൂൾ ബസ് ജീവനക്കാർക്കുമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ ഇങ്ങനെ

 യു.എ.ഇയിലെ സ്‌കൂളുകളിൽ  ഓഗസ്റ്റ് 29 മുതൽ  ക്ലാസുകൾ  പുനരാരംഭിക്കുന്ന സാഹചര്യത്തിൽ   ഇതിനായുള്ള തയ്യാറെടുപ്പിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും. സ്കൂൾ ഗതാഗത സേവനങ്ങൾ നൽകുന്നവർ ഇതിനുവേണ്ട  എല്ലാ മുൻകരുതൽ നടപടികളും ഉറപ്പാക്കിയിട്ടുണ്ട്. ഇതിനായി ദുബായ് ടാക്സി കോർപ്പറേഷൻറെ  (D.T.C)  റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (R.T.A)  സ്കൂൾ ബസുകളുടെ എണ്ണം 440 ആയി ഉയർത്തിയിട്ടുണ്ട്. 
വിദ്യാർത്ഥികൾക്ക് സുരക്ഷിതവും സുഗമവുമായ സ്കൂൾ ഗതാഗത സേവനങ്ങൾ നൽകുകയും കുട്ടികളെ കൊണ്ടുപോകുന്നതിന് സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നതിനുപകരം സ്കൂൾ ബസുകളിലേക്ക് മാറാൻ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് ആർ.ടി.എ വിശദീകരിച്ചു. കൂടാതെ ബസുകളിൽ സുരക്ഷ ഉറപ്പാക്കാൻ വിപുലമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആർ.ടി.എ വ്യക്തമാക്കി.
കഴിഞ്ഞ അധ്യയന വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വരുന്ന അധ്യയന വർഷത്തിൽ ദുബായിലെ നിരത്തിൽ കൂടുതൽ സ്കൂൾ ബസുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ  ശാരീരിക അകലം പാലിക്കുന്നതിന് ബസുകൾ 50 ശതമാനം ശേഷിയിൽ  മാത്രമേ പ്രവർത്തിക്കുകയുള്ളൂവെന്ന്  ട്രാൻസ്പോർട്ട് ഓപ്പറേറ്റർമാർ വ്യക്തമാക്കിയിട്ടുണ്ട്.
ബസിൽ  വിദ്യാർത്ഥികൾ പോകുന്നതും തിരിച്ചു വരുന്നതുമായ സ്ഥലവും സമയവും മനസിലാക്കാൻ രക്ഷിതാക്കൾക്കു കഴിയും. ഈ സേവനങ്ങൾക്കും വിശദമായ വിവരങ്ങൾ ലഭിക്കുന്നതിനും രക്ഷിതാക്കൾക്ക്  ഡി.ടി.സി വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ബസ് സുരക്ഷയും സാനിറ്റൈസേഷൻ പ്രോട്ടോക്കോളും നടപ്പാക്കുമെന്ന് സ്വകാര്യ ഉടമസ്ഥതയിലുള്ള ഗതാഗത ദാതാക്കൾ ഉറപ്പ് നൽകിയിട്ടുണ്ട്. ഇരിപ്പിട നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതും അവർ സ്വാഗതം ചെയ്തിട്ടുണ്ട് .
വിദ്യാർത്ഥികൾക്കുള്ള സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ:-
* നിങ്ങളുടെ സ്കൂൾ ബസിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും സുരക്ഷിതമായി റോഡ് മുറിച്ചുകടക്കുക. ശ്രദ്ധയോടെ പതിയെ നടക്കുക.
* അപകടമേഖലയിൽ നിൽക്കരുത്.
* നിങ്ങളുടെ സീറ്റിൽ ഇരുന്ന ഉടൻ തന്നെ സുരക്ഷാ ബെൽറ്റ് ധരിച്ച്  മുന്നോട്ട് നോക്കിയിരിക്കുക.
* സീറ്റുകള്‍ക്കിടയിലെ വഴി എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. നിങ്ങളുടെ തല, കൈകാലുകൾ  എന്നിവ  ബസിന് പുറത്തിടാൻ പാടില്ല. ബസ് പൂർണ്ണമായും നിർത്തുന്നത് വരെ സീറ്റിൽ തന്നെ ഇരിക്കുക.
* സ്കൂൾ ബസ് ഡ്രൈവറുടെയും സ്കൂൾ ബസ് പരിചാരകരുടെയും നിർദ്ദേശങ്ങൾ എപ്പോഴും ശ്രദ്ധിക്കുക.   അവരുടെ വാക്കുകൾ അധ്യാപകരുടേത് പോലെ തന്നെ പിന്തുടരുക.
സ്കൂൾ ബസ് സുരക്ഷാ മാനദണ്ഡങ്ങൾ :-
* യാത്രയ്ക്ക് മുൻപ് ബസ് സാനിറ്റൈസേഷൻ ചെയ്യുക.
*  ബസുകളിൽ കയറുമ്പോൾ വിദ്യാർത്ഥികൾ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ്  വരുത്തുക.
* മാസ്ക് ധരിക്കൽ നിർബന്ധമാക്കുക.
* വ്യക്തി ശുചിത്വം പരിശീലിപ്പിക്കുക.
* വിദ്യാർത്ഥി ക്ഷേമം നിരീക്ഷിക്കുക.
* താപനില പരിശോധന നടത്തുക.
* സ്മാർട്ട് ബസ് ഐഡി കാർഡ് സ്കാനിംഗ് നടപ്പിലാക്കുക.
* സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക.
* സീറ്റ് ബെൽറ്റ് ധരിക്കുന്നത് നിർബന്ധമാക്കുക.
*  കുട്ടികളെ തിരിച്ച് ഇറക്കുന്ന സമയത്തും സാമൂഹിക അകലം പാലിപ്പിക്കുക.
* ട്രിപ്പിന് ശേഷവും  ബസ് സാനിറ്റൈസേഷൻ നടത്തുകചെയ്യുക.

Related posts

Leave a Comment