യു.എ.ഇയിലെ ആകാശം ഇന്ന് ഉൽക്കാവർഷം കൊണ്ട് തിളങ്ങും ; പ്രത്യേക പരിപാടികളൊരുക്കി ദുബായ് ജ്യോതിശാസ്ത്ര ഗ്രൂപ്പ്

 ഉൽക്കാവർഷം കൊണ്ട് യുഎഇ ആകാശം വ്യാഴാഴ്ച രാത്രിയിൽ തിളങ്ങും. വ്യാഴാഴ്ച രാത്രിക്കും വെള്ളിയാഴ്ച പുലർച്ചയ്ക്കും ഇടയിലാണ് 2021 പെർസിഡ് ഉൽക്കാവർഷം കാണപ്പെടുക. നഗ്നനേത്രങ്ങൾക്ക് ദൃശ്യമാകുന്നതിനാൽ ഇത് ആകാശക്കാഴ്ച്ചക്കാർക്ക് ഒരു വിരുന്നായിരിക്കും. വേനൽക്കാലത്ത് രാത്രി ആകാശത്ത് കാണാൻ കഴിയുന്ന ഏറ്റവും രസകരമായ ഒരു കാഴ്ച്ചയാണ് ഉൽക്കാവർഷം. ഈ സമയങ്ങളിൽ മണിക്കൂറിൽ 100 ​​ഉൽക്കകൾ വരെ കാണാൻ കഴിയും. 133 വർഷത്തിലൊരിക്കൽ സൂര്യനെ ചുറ്റുകയും പ്ലൂട്ടോയുടെ ഭ്രമണപഥത്തിലൂടെ കടന്നുപോകുകയും ചെയ്യുന്ന സ്വിഫ്റ്റ്-ടട്ടിൽ എന്ന ധൂമകേതുവിൻറെ ഭാഗങ്ങളാണ് പെർസിഡുകളെന്ന് – വിദഗ്ദ്ധർ പറഞ്ഞു.
പെർസ്യൂസ് നക്ഷത്രസമൂഹത്തിൽ നിന്നാണ് ഉൽക്കകൾ ഉത്ഭവിക്കുന്നതെന്ന് കരുതുന്നതിനാൽ ഇതിനെ പെർസിഡ് എന്ന് വിളിക്കുന്നു. ഉൽക്കാവർഷത്തോടനുബന്ധിച്ച് ദുബായ് ജ്യോതിശാസ്ത്ര ഗ്രൂപ്പ് ആഗസ്റ്റ് 12 മുതൽ ഓഗസ്റ്റ് 13 വരെ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും ഉയർന്ന കൊടുമുടിയായ റാസൽ ഖൈമയിലെ ജബൽ ജെയ്‌സിൽ ദുബായ് ജ്യോതിശാസ്ത്ര ഗ്രൂപ്പ് വ്യാഴാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച്ച രാവിലെവരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 
ഈ പരിപാടിയിലൂടെ എല്ലാവർക്കും ദൂരദർശിനി ഉപയോഗിച്ച് ആകാശ വസ്തുക്കൾ നോക്കാനുള്ള അവസരവും നൽകും. പരിപാടിയിൽ അവതരണങ്ങൾ, ആസ്ട്രോഫോട്ടോഗ്രാഫി, മൊബൈൽ ഫോട്ടോഗ്രാഫി പരിശീലനവും ചോദ്യോത്തര സെഷനുൾപ്പെടുന്ന ടോക്ക് ഷോയും അവതരിപ്പിക്കും.

Related posts

Leave a Comment