വയനാട്ടില്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്


കേണിച്ചിറ/മീനങ്ങാടി: ജനവാസ കേന്ദ്രത്തിലിറങ്ങിയ ഒറ്റയാന്റെ ആക്രമണത്തില്‍ ജില്ലയില്‍ രണ്ട് പേര്‍ക്ക് പരിക്ക്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ ഒറ്റയാനെ വനത്തിലേക്ക് തുരത്തി. വന്യമൃഗ ശല്യത്താല്‍ പൊറുതി മുട്ടിയ മീനങ്ങാടി, പൂതാടി ഗ്രാമപഞ്ചായത്തുകളിലെ ജനവാസ മേഖലയിലാണ് കാടിറങ്ങി കൊമ്പനെത്തിയത്. അപ്പാട്, മൂന്നാനക്കുഴി, ചൂതുപാറ, സൊസൈറ്റിക്കവല, കോളേരി, കേളമംഗലം പ്രദേശങ്ങളിലാണ് കൊമ്പന്‍ ഭീതി പടര്‍ത്തിയത്. കഴിഞ്ഞ മാസം ജനവാസ കേന്ദ്രത്തില്‍ നിന്നും കടുവയെ കൂടു വെച്ച് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം രാത്രിയോടെ കാട്ടാന കൃഷിയിടത്തിലിറങ്ങിയ വിവരം ഏഴ് മണിയോടെ വനംവകുപ്പിനെ വിവരം അറിയിക്കുന്നത്. തുടര്‍ന്ന് ഇരുളം, പുല്‍പ്പള്ളി റേഞ്ച് ഓഫീസുകളില്‍ നിന്നെത്തിയ പ്രത്യേക വനപാലകസംഘം ആനയെ കാട്ടിലേക്ക് തുരത്താനുള്ള നടപടികള്‍ തുടരുന്നതിനിടെയാണ് രണ്ട് പേര്‍ അപകടത്തില്‍പ്പെടുന്നത്. മീനങ്ങാടി സൊസൈറ്റിക്കവല മുണ്ടിയാനിയില്‍ കരുണാകരന്‍ (75), കേണിച്ചിറ കേളമംഗലം പാലാറ്റില്‍ രാമചന്ദ്രന്‍ (76) എന്നിവരെയാണ് കാട്ടാന ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കരുണാകരനെ മീനങ്ങാടിയിലെ സ്വകാര്യ ക്ലിനിക്കിലും, പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ച് ചികില്‍സ തുടരുകയാണ്. അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. രോഗബാധിതനായ കരുണാകരന്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നടക്കാനിറങ്ങിയപ്പോഴാണ് ആനയുടെ മുന്നിലികപ്പെടുന്നത്. ആനയുടെ മുന്നില്‍ നിന്നും ആത്മരക്ഷാര്‍ത്ഥം സമീപത്തെ വീടിന് മുന്നിലേക്ക് മാറിയെങ്കിലും ആനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് മീനങ്ങാടി പൊലീസിന്റെ വാഹനത്തില്‍ മീനങ്ങാടിയിലെ ക്ലിനിക്കിലെത്തിക്കുകയായിരുന്നു. നിസാര പരിക്കേറ്റ കേളമംഗലം രാമചന്ദ്രന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടിയിട്ടുണ്ട്. കാട്ടാനയിറങ്ങിയതോടെ പൊതുജനങ്ങള്‍ റോഡുകളിലേക്ക് ഇറങ്ങരുതെന്നും വീടുകളില്‍ തന്നെ കഴിയണമെന്നുമുള്ള വനംവകുപ്പിന്റെ മുന്നറിയിപ്പാണ് കൂടുതല്‍ അപകടമില്ലാതെ ആനക്ക് കേളമംഗലം കാട്കയറാന്‍ വഴിയൊരുക്കിയത്.ഒന്നര വര്‍ഷം മുമ്പും പാമ്പ്രയില്‍ നിന്നും കാട്ടാനകള്‍ കോളേരി പ്രദേശത്ത് എത്തിയിരുന്നു. അന്ന് കേണിച്ചിറ, താഴമുണ്ട, അരിമുള, കാര്യമ്പാടി വഴി ആനക്കൂട്ടം നടവയലിലെ നെയ്കുപ്പ കാട്ടിലേക്ക് കയറുകയായിരുന്നു. അന്ന് ആരും ആക്രമിക്കപ്പെട്ടില്ല

Related posts

Leave a Comment