വനംവകുപ്പിനെ കബളിപ്പിച്ച് വാച്ച് ടവറില്‍ താമസിച്ച നാലംഗ ആള്‍മാറാട്ട സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍

പുല്‍പ്പള്ളി: പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനംവകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ചെതലയം റേയ്ഞ്ചിലെ വെട്ടത്തൂര്‍ വനഗ്രാമത്തിലെ വാച്ച് ടവറില്‍ താമസിച്ച നാലംഗസംഘത്തിലെ രണ്ട് പേര്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശിയായ എ ആര്‍ രാജേഷ്, കൊല്ലം സ്വദേശിയായ പി പ്രവീണ്‍ എന്നിവരാണ് പിടിയിലായത്. ഇരുവരെയും അതാത് സ്ഥലത്തെ വീട്ടില്‍ നിന്നുമാണ് പുല്‍പ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തത്. നാലംഗസംഘത്തിലെ പ്രധാനികളായ രണ്ട് പേരെ ഉടന്‍ പിടികൂടുമെന്ന് പുല്‍പ്പള്ളി പൊലീസ് അറിയിച്ചു. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. നാല്‍വര്‍ സംഘത്തിലെ പട്ടാളത്തിലെ മേജര്‍ ആണെന്ന് പരിചയപ്പെടുത്തിയയാളുടെ ഡ്രൈവറും, കുക്കുമാണ് ഇപ്പോള്‍ പിടിയിലായത്. പിടിയിലാവരെ പുല്‍പ്പള്ളി പൊലീസ് ചോദ്യം ചെയ്തുവരികയാണ്. വയനാട്ടിലെ ചെതലയം റെയ്ഞ്ചില്‍പ്പെടുന്ന വെട്ടത്തൂര്‍ വനഗ്രാമത്തില്‍ ജുലൈ 26 മുതല്‍ നാല് ദിവസമാണ് സംഘം താമസിച്ചത്. ഇവരെ വെട്ടത്തൂരിലേക്ക് കൊണ്ടുവന്നതും, സംഘത്തിന് ഭക്ഷണമെത്തിച്ച് നല്‍കിയതും വനംവകുപ്പ് തന്നെയായിരുന്നു. വനംവകുപ്പിന്റെ വാഹനത്തില്‍ സംഘത്തെ ട്രക്കിംഗിനടക്കം കൊണ്ടുപോയിരുന്നുവെന്നും വെട്ടത്തൂര്‍ കോളനിവാസികള്‍ വ്യക്തമാക്കിയിരുന്നു. വനംവകുപ്പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചത്. ഇവരുടെ ആധാര്‍കാര്‍ഡ്, ഫോണ്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. വനംവകുപ്പിനാകെ നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ സംഘം വെട്ടത്തൂരില്‍ എത്തിയത് എന്തിനാണെന്നതടക്കമുള്ള കാര്യങ്ങള്‍ ഇനിയും പുറത്തുവരേണ്ടതുണ്ട്.

Related posts

Leave a Comment