മൂന്നംഗ കുടുംബത്തിലെ രണ്ട് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വൈപ്പിൻ: അമ്മയും മക്കളും ഉൾപ്പെടുന്ന മൂന്നംഗ കുടുംബത്തിലെ രണ്ട് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

എറണാകുളം ഞാറക്കൽ പള്ളിക്ക് കിഴക്ക് നാലാം വാർഡിൽ ന്യൂറോഡിൽ മൂക്കുങ്കൽ പരേതനായ വർഗീസിൻറെ മക്കളായ ഞാറക്കൽ സെൻറ് മേരീസ് സ്‌കൂൾ അധ്യാപിക ജെസി (49), സഹോദരൻ ജോസ് (51) എന്നിവരാണ് മരിച്ചത്. ഇവരുടെ അമ്മ ഞാറക്കൽ സെൻറ് മേരീസ് യു.പി സ്‌കൂൾ റിട്ട. അധ്യാപിക റീത്ത(80)യെ ഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മൂവരേയും കൈത്തണ്ട മുറിഞ്ഞ് രക്തം വാർന്ന് ഒഴുകുന്ന നിലയിലാണ് കണ്ടെത്തിയത്. രണ്ട് ദിവസമായി വീട്ടിൽ നിന്നും അനക്കമൊന്നും ഇല്ലാതിരുന്നതിനെ തുടർന്ന് വാർഡ് മെമ്ബർ എ.പി. ലാലു ഞാറക്കൽ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് എസ്.ഐ എ.കെ. സുധീറിൻറെ നേതൃത്വത്തിലുള്ള പൊലീസ് എത്തി വാതിൽ പൊളിച്ച്‌ അകത്ത് കയറി നോക്കിയപ്പോഴാണ് ജോസും ജെസിയും ഒരുമുറിയിലും അമ്മ റീത്ത മറ്റൊരു മുറിയിലും കിടക്കുന്നതായി കണ്ടത്. മുറികളിൽ രക്തം വാർന്ന് ഒഴുകുന്നത് കണ്ട് പരിശോധിച്ചപ്പോൾ റീത്തക്ക് ജീവനുണ്ടെന്ന് കണ്ടെത്തി. ഇതോടെ പൊലീസ് ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ജോസിൻറെയും ജെസിയുടേയും കഴുത്തുകളിൽ ചരടുകൊണ്ട് കുരുക്കുമിട്ടിരുന്നു. ഇവരുടെ മരണം സ്ഥിരീകരിച്ചെങ്കിലും മൃതദേഹം വീടിനുള്ളിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഫോറൻസിക് വിദഗ്ദരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ച്‌ ഇൻക്വസ്റ്റ് നടത്തിയ ശേഷമേ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റൂ. മൂവരും മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ നടത്തിയിരുന്നതായി പൊലീസ് അറിയിച്ചു.

Related posts

Leave a Comment