ആലപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികൾ പിടിയിൽ

ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പ്രതികൾ പിടിയിൽ. കൊല്ലം കടയ്ക്കാവൂർ സ്വദേശി റോയി റോക്കിയും തിരുവനന്തപുരം കഠിനംകുളം സ്വദേശി നിഷാന്തുമാണ് പിടിയിലായത്. കൊല്ലത്ത് നിന്നാണ് ഇവരെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
സംഭവം നടന്ന ഒരാഴ്ച പിന്നിടുമ്പോഴാണ് പ്രതികൾ പിടിയിലാകുന്നത്. കഴിഞ്ഞ ഇരുപതാം തിയതി അർധരാത്രിയാണ് വണ്ടാനം മെഡിക്കൽ കോളേജിലെ നഴ്‌സിംഗ് അസിസ്റ്റന്റ് ആയ യുവതിയെ ബൈക്കിൽ എത്തിയ രണ്ടംഗ സംഘം ആക്രമിച്ച് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. കൊല്ലം നഗരത്തിലെ ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. തൃക്കുന്നപുഴയിൽ യുവതിയെ ആക്രമിച്ചതും ചോദ്യം ചെയ്യലിനിടെ ഇരുവരും സമ്മതിക്കുകയായിരുന്നു. മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന് മാലപൊട്ടിക്കൽ അടക്കം സ്ഥിരം മോഷണക്കേസിലെ പ്രതികളാണ് പിടിയിലായവർ. വിവിധ ജില്ലകളിൽ നിന്ന് അൻപതിലേറെ ബൈക്കുകൾ മാത്രം കവർന്നതായാണ് സൂചന.

Related posts

Leave a Comment