സിപിഎം ഏരിയ സമ്മേളനങ്ങളിൽ ട്വിസ്റ്റ് ; പ്രമുഖരെ വിദ​ഗ്ദമായി പരാജയപ്പെടുത്തി അം​ഗങ്ങൾ

കോഴിക്കോട്: കോഴിക്കോട്-പാലക്കാട് സിപിഎം ഏരിയാ സമ്മേളനങ്ങളിൽ വമ്പൻ ട്വിസ്റ്റ്. പേരാമ്പ്ര ഏരിയ സമ്മേളനത്തിൽ മത്സരിച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി കെ പ്രമോദ്, ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗം അജീഷ് കൈതയ്ക്കൽ, പി കെ എസ് ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ സി എം ബാബു എന്നിവർ തോറ്റു. പാലക്കാട് ജില്ലയിലെ കുഴൽമന്ദത്തും ചെർപ്പുളശേരിയിലും ഔദ്യോഗിക പാനലിൽ മത്സരിച്ചവർ‍ കൂട്ടത്തോടെ തോറ്റു. ചെർപ്പുളശ്ശേരിയിൽ ഔദ്യോഗിക പക്ഷത്തെ പതിമൂന്ന് പേരും തോറ്റു.

എസ്എഫ്ഐ നേതാവിനെ ഉപദ്രവിച്ചെന്ന പരാതിയിൽ പാർട്ടി നടപടി നേരിട്ട ഏരിയാ സെക്രട്ടറി അബ്ദുറഹ്മാൻ അനുകൂലികളാണ് നാടകീയ നീക്കത്തിലൂടെ കുഴൽ മന്ദം ഏരിയാ കമ്മിറ്റിയിൽ മേൽക്കൈ നേടിയത്. ഏരിയാ കമ്മിറ്റിയുടെ പാനലിൽ കോങ്ങാട് എംഎൽഎ കെ ശാന്തകുമാരിയെയും കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ദേവദാസ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി പൊന്മല എന്നിവരെയും ഉൾപ്പെടുത്തിയെങ്കിലും പരാജയപ്പെടുത്തി. വിജയിച്ച രാജാകൃഷ്ണൻ, രാമകൃഷ്ണൻ, ഷൈജു എന്നിവർ‍ അബ്ദുറഹ്മാൻ അനുകൂലികളാണ്.

ചെർപ്പുളശ്ശേരി ഏരിയാ സമ്മേളനത്തിൽ മുൻ എംഎൽഎ പി കെ ശശി പക്ഷം സർവാധിപത്യം നേടി. ഔദ്യോഗിക പാനലിൽ മത്സരിച്ച 13 പേരെയാണ് വെട്ടിനിരത്തിയത്. നിലവിലെ ഏരിയാ സെക്രട്ടറി കെ ബി സുഭാഷ്, ചളവറ പ‍ഞ്ചായത്ത് പ്രസിഡൻറ് ഇ ചന്ദ്രബാബു തുടങ്ങിയവർ കമ്മിറ്റിയിൽ നിന്നും പുറത്തായി. കെ നന്ദകുമാറാണ് പുതിയ ഏരിയാ സെക്രട്ടറി.

Related posts

Leave a Comment