പിന്നാവാലയിൽ ഇരട്ട ആനക്കുട്ടികൾ പിറന്നു


കൊളമ്പോ : ശ്രീലങ്കയിലെ പിന്നാവാലാ ആന സംരക്ഷണകേന്ദ്രത്തിൽ ഇരട്ട ആനക്കുട്ടികൾ പിറന്നു. ആനപ്രസവത്തിലെ ഇരട്ടക്കുട്ടികൾ ഇപ്പോൾ ലോകത്തോട്ടാകെ വാർത്തകളിൽ നിറഞ്ഞിരിക്കയാണ്.25 വയസ്സുള്ള സുരാംഗി എന്ന പിടിയാനയാണ് ഓഗസ്റ്റ് 31 നു ഇരട്ടകുട്ടികൾക്ക് ജന്മമേകിയത്.രണ്ടും ആൺ ആനക്കുട്ടികൾ. ശ്രീലങ്കയിൽ 1941നു ശേഷം ആദ്യമായാണ് ഇത്തരം സംഭവമെന്നു ശ്രീലങ്കൻ ആന വിദഗ്ധനായ ജയന്ത ജയവർധന പറയുന്നു. ആനക്കുട്ടികൾ പൂർണ്ണ ആരോഗ്യവന്മാരാണ്.2009 ഇൽ ആണ് സുരാംഗി ആദ്യ ആനക്കുട്ടിക്ക് ജന്മം നൽകിയത്. പാണ്ഡു എന്ന 17 കാരനായ കൊമ്പൻ ആണ് കുട്ടികളുടെ പിതാവ്.

45 വർഷം മുമ്പ് ആനകൾക്കായുള്ള അനാഥയം ആയാണ് ശ്രീലങ്കയിൽ പിന്നാവാലാ എലിഫന്റ് ഓർഫനേജ് ആരംഭിച്ചത്. ലോകത്ത് ഏറ്റവും അധികം ആനകളെ പുനരധിവസിപ്പിച്ചിരിക്കുന്ന കേന്ദ്രം.ആനവിദഗ്ധരുടെ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളും സർക്കാർ ടൂറിസം മന്ത്രാലയത്തിന്റെ കാര്യക്ഷമമായ ഇടപെടലുകളും ഈ കേന്ദ്രത്തെ മികവുറ്റതാക്കുന്നു.1984 മുതൽ ശ്രീലങ്ക ടൂറിസം മന്ത്രാലയത്തിന്റെ കീഴിലെ നാഷണൽ സുവോളജിക്കൽ ഗാർഡൻ കൂടിയാണ് ഈ ഗജസംരക്ഷണകേന്ദ്രം.

തമിഴ്‌നാട്ടിൽ മുതുമല ആനക്യാമ്പിൽ ഇരട്ട ആനകളായി അജയും,സുജയും പിറന്നിരുന്നതായി ആനചികിത്സകനായ ഡോ. ജേക്കബ്.വി.ചീരൻ ഓർക്കുന്നു. ഇരട്ട പ്രസവം എൺപതിൽ ഒന്നു എന്ന തോതിൽ അപൂർവ്വം ആണെന്നും ഡോ: ജേക്കബ് ചീരൻ അഭിപ്രായപ്പെടുന്നു. ശ്രീലങ്കയിൽ ആനകളുടെ എണ്ണം ആശങ്കാജനകമായി കുറയാൻ തുടങ്ങിയപ്പോൾ ആണ് ആന സംരക്ഷണകേന്ദ്രം എന്ന ആശയം രൂപപ്പെട്ടത്.

IUCN ന്റെ (ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ) “ചുവന്ന പട്ടികയയിൽ” വംശനാശ ഭീഷണി നേരിടുന്ന ഗണത്തിലാണ് ആനകൾ.നാട്ടാനകൾ ആയാലും കാട്ടനകൾ ആയാലും സംരക്ഷിക്കപ്പെടേണ്ടതാണ്. ആനകളുടെ ശാസ്ത്രീയ പരിപാലനം, വംശവർധന, പ്രജനനം, ക്ഷേമപ്രവർത്തനങ്ങൾ എന്നിവയ്ക്ക് പിന്നാവാലാ മാതൃകപരമാണ്. ഇന്ത്യയിലും ആനകളുടെ പ്രജനനം, വംശവർധനവ്, സംരക്ഷണം എന്നിവയ്ക്കും പ്രത്യേകം കരുതൽ നൽകേണ്ടതും ആയതിനു പ്രത്യേകം കർമ്മപദ്ധതികൾ സർക്കാർ സഹായത്തോടെ രൂപം നൽകണമെന്നും ആനഗവേഷകൻ മാർഷൽ.സി.രാധാകൃഷ്ണൻ അഭിപ്രായപ്പെടുന്നു.

Related posts

Leave a Comment