തൊഴുതില്ല, തീർഥം കുടിച്ചില്ല; ദേവസ്വം മന്ത്രിക്കെതിരേ പൊങ്കാല, രണ്ടും തന്റെ രീതിയല്ലെന്നു മന്ത്രി

കോട്ടയം: ശബരിമല ദർശനത്തിനെത്തിയ ദേവസ്വം മന്ത്രി ശ്രീകോവിലിനു മുന്നിൽ തൊഴുതില്ലെന്നും തീർഥം കുടിച്ചില്ലെന്നും കാണിച്ചു സമൂഹമാധ്യമങ്ങളിൽ പൊങ്കാല. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനെയാണ് ട്രോളർമാർ തോണ്ടുന്നത്. മാധ്യമങ്ങളിലെ വിമർശനങ്ങൾക്ക് മറുപടിയുമായി രം​ഗത്തു വന്ന ദേവസ്വം മന്ത്രി, കൈകൂപ്പാത്തതും തീർത്ഥം കുടിക്കാത്തതും തൻറെ രീതിയാണെന്ന് അവകാശപ്പെട്ടു. ദൈവത്തിൻറെ പേരിൽ മോഷ്ടിക്കുന്നവർ മാത്രം ദൈവത്തെ പേടിച്ചാൽ മതിയെന്നും പറഞ്ഞു. മണ്ഡലമകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നപ്പോൾ സന്നിധാനത്തുണ്ടായിരുന്ന ദേവസ്വംമന്ത്രി കൈ കൂപ്പാതിരുന്നതും തീർത്ഥം കുടിക്കാതിരുന്നതിനും എതിരെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.
സിപിഎം നേതാവ് കൂടിയായ ദേവസ്വം പ്രസിഡന്റ് ആചാരം പാലിച്ചിട്ടുണ്ടെന്നും മന്ത്രി അങ്ങിനെ ചെയ്തില്ല എന്നും വിമർശകർ ചൂണ്ടികാട്ടി. വീഡിയോ ചർച്ചയാകുന്നതിനിടെയാണ് കെ. രാധാകൃഷൻ വിശദീകരണവുമായി രംഗത്തെത്തിയത്. ക്ഷേത്രങ്ങളുടേയും വിശ്വാസികളുടേയും സംരക്ഷണത്തിന് സർക്കാർ എന്ത് ചെയ്യുന്നു എന്നാണ് വിമർശകർ പരിശോധിക്കേണ്ടെതെന്നും ദേവസ്വംമന്ത്രി പറഞ്ഞു. കൊവിഡും മഴയും കാരണമാണ് താൽക്കാലിക നിയന്ത്രണം കൊണ്ടുവന്നതെന്നും തീർത്ഥാടകരെ എല്ലാ കാലത്തും നിയന്ത്രിക്കണമെന്ന് സർക്കാറിന് ഉദ്ദേശമില്ലെന്നും മന്ത്രി അറിയിച്ചു.

Related posts

Leave a Comment