എറണാകുളം ജില്ലാ നേതൃത്വത്തെ വെട്ടിനിരത്താന്‍ സിപിഎം

  • നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം: എറണാകുളത്തെ നേതാക്കൾക്കെതിരെ നടപടി വരും

എറണാകുളം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ പരാജയത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ ഈ മാസം തുടങ്ങുന്ന സിപിഎം സമ്മേളനങ്ങള്‍ക്ക് മുമ്പേ നടപടിയുണ്ടാകും. ഇതിനുമുന്നോടിയായി ജില്ലയിലെ മുതിര്‍ന്ന നേതാക്കളായ സികെ മണിശങ്കര്‍, എന്‍ സി മോഹനന്‍ അടക്കമുളളവരോട് പാര്‍ടി വിശദീകരണം തേടി. തൃപ്പൂണിത്തുറയടക്കമുളള മണ്ഡലങ്ങളില്‍ കനത്ത വോട്ടു ചേര്‍ച്ചയുണ്ടായെന്നും പരാജയം തടയാന്‍ മുതിര്‍ന്ന നേതാക്കള്‍ ശ്രമിച്ചില്ലെന്നുമാണ് അന്വേഷണ കമ്മീഷനുകളുടെ കണ്ടെത്തല്‍.

സിപിഎം സ്ഥാനാര്‍ഥികള്‍ മല്‍സരിച്ച തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി മല്‍സരിച്ച പെരുമ്പാവൂ‍ര്‍ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ചായിരുന്നു ഏറ്റവും അധികം പരാതികള്‍ ഉയര്‍ന്നത്. ഗോപി കോട്ടമുറിക്കല്‍, കെ ജെ ജേക്കബ്, സിഎം ദിനേശ് മണി, പി എം ഇസ്മേയേല്‍ എന്നിവരാണ് ഈ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ കാരണങ്ങള്‍ തേടിയത്.

ഇവര്‍ നല്‍കിയ റിപ്പോ‍ര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സികെ മണിശങ്കര്‍, എന്‍ സി മോഹനന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി എന്‍ സുന്ദരന്‍, വിപി ശശീന്ദ്രന്‍, പി കെ സോമന്‍, ഏരിയാ സെക്രട്ടറിമാരായ പി വാസുദേവന്‍, പി എം സലീം, ഷാജു ജേക്കബ് കെ ഡി വിന്‍സന്‍റ് എന്നിവരോട് വിശദീകരണം തേടാന്‍ തീരുമാനിച്ചത്. ഈ മാസം 15ന് പാര്‍ടി സമ്മേളനങ്ങള്‍ തുടങ്ങും മുന്‍പേ തന്നെ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കാനാണ് നീക്കം. തൃപ്പൂണിത്തുറയില്‍ എം സ്വരാജിനുവേണ്ടി പാ‍ര്‍ട്ടി നേതൃത്വം വേണ്ട പോലെ പ്രവര്‍ത്തിച്ചില്ലെന്നും ഏരൂരിലടക്കം വന്‍ വോട്ടുചോര്‍ച്ചയുണ്ടായെന്നുമാണ് അന്വേഷണ കമ്മീഷനുകളുടെ കണ്ടെത്തല്‍.

തൃക്കാക്കരയില്‍ പാര്‍ട്ടിക്കായി മത്സരിച്ച സ്വതന്ത്ര സ്ഥാനാ‍ര്‍ഥി ഡോ.ജോ ജേക്കബിനും കാര്യമായ പിന്തുണ കിട്ടിയില്ല. പിറവത്ത് മത്സരിച്ച ഇടതു സ്ഥാനാ‍ര്‍ഥി ഡോ.സിന്ധുമോള്‍ ജേക്കബിനെതിരെ ഏരിയ സെക്രട്ടറി ഷാജു ജേക്കബ് തന്നെ വാട്സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റിട്ടത് ഗുരുതര വീഴ്ചയായും കണ്ടെത്തി. സംസ്ഥാനത്തൊട്ടാകെ ഇടത് തരംഗമുണ്ടായിട്ടും എറണാകുളം ജില്ലയില്‍ അത് പ്രതിഫലിക്കാതിരുന്നത് പാര്‍ട്ടി വീഴ്ചയെന്നാണ് കണ്ടെത്തല്‍.

Related posts

Leave a Comment