ക്യാന്‍സര്‍ സമയത്ത് ‘മതം മാറ്റാന്‍’ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ഇന്നസെന്‍റ്

തിരുവനന്തപുരം: ക്യാൻസറിനെ ചിരിച്ചുകൊണ്ട് നേരിട്ട അപൂർവ്വം ചില വ്യക്തികളിൽ ഒരാളാണ് സിനിമ നടൻ ഇന്നസെന്റ്. വേദന നിറഞ്ഞ ക്യാൻസർ ചികിത്സയ്ക്കിടയിലും തന്റെ അനുഭവങ്ങൾ ക്യാൻസർ വാർഡിലെ ചിരി എന്ന താരത്തിന്റെ പുസ്തകത്തിലൂടെ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. വിഷമങ്ങളും വേദനകളും കാട്ടാതെ അതും ഒരു തമാശ രൂപേണയായിരുന്നു അദ്ദേഹം എഴുതിയത്. ഇതിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്.

പുസ്തകം ഹിന്ദി, കന്നഡ, തമിഴ്, ഉർദു, ഇറ്റാലിയൻ, ഇംഗ്ലീഷ് തുടങ്ങിയ വിവിധ ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തൻറെ ക്യാൻസർ കാലത്തെ കൂടുതൽ അനുഭവങ്ങൾ ബിഹൈൻഡ് വുഡ്സ് എന്ന ചാനലിലെ അഭിമുഖത്തിൽ തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ഇന്നസെന്റ്. സംവിധായകനും നടനുമായ മേജർ രവിയായിരുന്നു ഇന്നസെന്റിന്റെ അഭിമുഖം ചെയ്തത്. ഇന്നസെന്റ് വെളിപ്പെടുത്തുന്നത് ഇങ്ങനെ, എന്റെ ഭാര്യക്ക് രോഗം വന്നപ്പോഴാണ് ഞാൻ പരിഭ്രാന്തനായത് എന്നാണെന്നാണ് ഡോ. ഗംഗാധരൻ പറഞ്ഞത്.

നല്ലൊരു വിശ്വാസിയാണ് ഞാൻ. ഉള്ള മതത്തിൽ തന്നെ നിന്നുകൊണ്ടുള്ള കാര്യങ്ങൾ മതി എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ആ സമയത്താണ് ചിലർ വന്ന് ഇപ്പോഴുള്ളത് ശരിയല്ല കെട്ടോ, സത്യം വേറെ ഒന്നാണ് എന്നൊക്കെ പറഞ്ഞ് വരുന്നത്. അസുഖ കാല സമയത്തായിരുന്നു ഇത് കൂടുതലായി ഉണ്ടായത്. ഒരു ദിവസം ഒരു ഭാര്യയും ഭർത്താവും വന്നു. രണ്ട് മൂന്ന് പ്രാവശ്യം വിളിച്ചതിന് ശേഷമാണ് വന്നത്. ഞാൻ വല്ലതും പറഞ്ഞ് അവരെ മുഷിപ്പിക്കും എന്നതിനാൽ ഭാര്യ ആലീസ് അവർ വരുന്നതിനോട് താൽപര്യപ്പെട്ടിരുന്നില്ല.

ഞാൻ ആണെങ്കിൽ അവർ വന്ന് പറയുന്നതിന്റെ ഒരു സുഖം അനുഭവിക്കാനുള്ള ഒരു തയ്യാറെടുപ്പിലുമായിരുന്നു.അവർ വന്നതിനെ കുറിച്ച്‌ ഞാൻ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. സംസാരിച്ച്‌ തുടങ്ങിയപ്പോൾ എനിക്ക് ഭ്രാന്താണോ എന്ന സംശയം ഉണ്ടായി. അവർ വലിയ വചനങ്ങൽ ഒക്കെ ചൊല്ലുമ്ബോൾ ഞാൻ ഒന്നും അറിയാത്തവനെപ്പോലെ ഏത് ദിവസമായിരുന്നു യേശു അദ്ദേഹത്തിന്റെ വസതിയിൽ വന്നത് എന്ന് ഞാൻ തിരിച്ച്‌ ചോദിച്ചു. ഒടുവിൽ എന്നെ സഹിക്കാൻ വയ്യാതെ അവർ സ്തോത്രം പറഞ്ഞ് തിരികെ പോയി.

പിന്നെ ഒരാൾ വന്നിരുന്നു. അയാളുടെ മതത്തിലേക്ക് മാറാനായിരുന്നു ആവശ്യം. അവിടേയും യേശുവുണ്ട്. കുറേനാളായി കത്തോലിക്കാ സഭയിൽ തന്നെ നിൽക്കുന്നു. ബോറ‍ടിച്ച്‌ തുടങ്ങി എന്നൊക്കെ ഞാൻ പറഞ്ഞു. ഒരു മാറ്റം വേണം. നിങ്ങളുടെ സഭയിലേക്ക് ഞങ്ങൾ ആറ് പേര് വരാം പക്ഷെ എന്ത് തരും എന്ന് ചോദിച്ചു. അതോടെ സ്തോത്രം എന്നും പറഞ്ഞും അവരും പോയി. അവർക്കൊക്കെ പുറത്ത് നിന്നും നല്ല ഫണ്ടിങ് വരുന്നുണ്ടെന്നും ഇന്നസെന്റ് പറയുന്നു.

Related posts

Leave a Comment