മരം മുറിക്കേസ്; സിപിഎമ്മിനെതിരെ സിപിഐ മുഖ്യമന്ത്രിയുടെ ഓഫീസിന് പ്രത്യേക താൽപ്പര്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച, വയനാട് ഉൾപ്പെടെ ഒമ്പത് ജില്ലകളിൽ നടന്ന മരം മുറി വിവാദത്തിൽ സിപിഎമ്മും മുഖ്യമന്ത്രിയുടെ ഓഫീസും പാർട്ടിയെ ഒറ്റപ്പെടുത്തിയെന്ന് സിപിഐ. മരം മുറിക്കുന്നതിന് അനുമതി നൽകിയതിലും അതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയതിലും മുഖ്യമന്ത്രിക്കും പങ്കുണ്ടെന്നിരിക്കെ മുൻ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനെയും മുൻ വനം മന്ത്രി കെ രാജുവിനെയും പ്രതിക്കൂട്ടിലാക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചതെന്നാണ് പ്രധാനമായും സിപിഐയുടെ പരാതി. സിപിഐയെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ കൂട്ടു നിൽക്കുന്നുവെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പ്രത്യേക താൽപ്പര്യമുണ്ടെന്നുമുള്ള അതൃപ്തി നേതൃത്വം സിപിഎമ്മിനെ അറിയിച്ചു.
മുട്ടിൽ മരം മുറി വിവാദത്തിൽ സിപിഐയെ മാത്രം കുരുക്കിലാക്കാൻ സിപിഎം ശ്രമിച്ചുവെന്ന വികാരമാണ് പ്രധാനമായും സിപിഐ നേതാക്കൾ പങ്കുവെയ്ക്കുന്നത്. മരം മുറിക്കുന്നതിലുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിന്റെ ശശീന്ദ്രൻ എംഎൽഎ ഉൾപ്പെടെ കത്ത് നൽകിയിരുന്നു. ഇക്കാര്യം ഗൗരവമായി പരിശോധിക്കണമെന്ന് തീരുമാനിച്ചതും നടപടികൾ തുടങ്ങിയതും മുഖ്യമന്ത്രിയാണ്. പലതവണ ഇതിനായി യോഗം ചേർന്നു. സർവകക്ഷി യോഗത്തിലും വിഷയം അവതരിപ്പിച്ചു. എന്നാൽ, സർക്കാർ ഇറക്കിയ ഉത്തരവിന്റെ മറവിൽ നടന്ന വ്യാപകമായ മരം മുറി തെളിവു സഹിതം പുറത്തുവന്നതോടെ സിപിഐയെ ഒറ്റപ്പെടുത്തുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചതെന്നാണ് നേതാക്കൾ വിശദീകരിക്കുന്നത്. ഉത്തരവ് ഇറക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യേക താൽപ്പര്യമെടുത്തത് സംബന്ധിച്ച് പറയാതെ എല്ലാ കുറ്റവും സിപിഐയുടെ മേൽ ചാർത്തുകയാണ്. വനം മന്ത്രി എകെ ശശീന്ദ്രൻ തന്റെ ഭാഗം ന്യായീകരിക്കാനായി മനഃപൂർവും മുൻ മന്ത്രിമാരുടെ മേൽ പഴിചാരുകയും കുറ്റപ്പെടുത്തുകയും ചെയ്തു. എന്നിട്ടും അതിനെ സിപിഎം നേതൃത്വമോ മുഖ്യമന്ത്രിയോ വിലക്കിയില്ല. മുട്ടിൽ‍ മരം മുറി സംബന്ധിച്ചുള്ള ചാനൽ ചർച്ചകളിൽ സിപിഐ നേതാക്കൾ പങ്കെടുക്കാത്തതിന്റെ കാരണവും ഇതാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
സർക്കാർ നേരിടുന്ന ഏതു പ്രതിസന്ധിയിലും ഇടതു സൈബർ സേനകൾ സമൂഹമാധ്യമങ്ങളിൽ പ്രതിരോധം തീര്‍ക്കാറുണ്ട്. എന്നാല്‍ മരം മുറി വിവാദത്തില്‍ സിപിഐയെ കുറ്റപ്പെടുന്ന പ്രചാരണങ്ങള്‍ക്ക് സിപിഎം മൗനാനുവാദം നല്‍കിയെന്നാണ് സിപിഐയിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍.
സ്വര്‍ണക്കടത്ത് വിവാദം ആളിക്കത്തിയപ്പോള്‍ പാര്‍ട്ടി മുഖപത്രമായ ജനയുഗത്തില്‍ അതിനെതിരെ മുഖപ്രസംഗമെഴുതിയതും സിപിഎമ്മിന്റെ നിലപാടിനെതിരെയുള്ള മുന്നറിയിപ്പായിരുന്നുവെന്ന് നേതാക്കൾ പറയുന്നു. പുറത്തുവരുന്ന രേഖകളിലെല്ലാം പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് മുന്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനാണ്. എന്നാൽ, സര്‍വകക്ഷിയോഗങ്ങളുടെ തീരുമാനത്തിനുപരി ഉത്തരവിറക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പ്രത്യേക താത്‌പര്യമുണ്ടായിരുന്നു. അതേസമയം, സിപിഎം മന്ത്രിമാരും പാർട്ടിയും പ്രതിസന്ധിയിലാകുമ്പോഴൊന്നും ഒരുകാലത്തും സിപിഐ സംരക്ഷിച്ചിട്ടില്ലെന്നാണ് സിപിഎം നേതാക്കൾ പറയുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സിപിഎം അഴിമതിക്ക് കൂട്ടുനിൽക്കുന്നുവെന്ന് ആരോപിച്ച് മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാരെ പങ്കെടുപ്പിക്കാതിരുന്ന സംഭവങ്ങൾ വരെ സിപിഐ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെന്നും സിപിഎം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

Related posts

Leave a Comment