ഖജനാവ് കാലി: മന്ത്രി ചിഞ്ചുറാണിയും വിദേശത്തേക്ക് ;

  • മന്ത്രിയുടെ യാത്ര യു എ ഇയിലേക്ക്
  • മെയ് അഞ്ചിന് പോയി ഒമ്പതിന് തിരിച്ചെത്തും
  • ചെലവ് സർക്കാർ വഹിക്കും, ഉത്തരവ് പുറത്തിറങ്ങി

നിസാർ മുഹമ്മദ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പോയതിന് പിന്നാലെ മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ ചിഞ്ചുറാണിയും വിദേശത്തേക്ക്. മെയ് അഞ്ചിന് കേരളത്തിൽ നിന്ന് യാത്ര തിരിക്കുന്ന മന്ത്രി ഒമ്പതിനാണ് കേരളത്തിൽ തിരിച്ചെത്തുക. മന്ത്രിയുടെ യാത്രാ ചെലവുകൾ സർക്കാരാണ് വഹിക്കുന്നത്. ഇത് സംബന്ധിച്ചുള്ള പൊതുഭരണ വകുപ്പിന്റെ ഉത്തരവ് വ്യാഴാഴ്ച ഇറങ്ങി. ദൈനംദിന ചെലവുകൾക്ക് പോലും പണം കണ്ടെത്താൻ പ്രയാസമുള്ളതിനാൽ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കെയാണ് മന്ത്രിയുടെ ഊരുചുറ്റലിന് ഖജനാവിൽ നിന്ന് പണം അനുവദിച്ച് ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.
മെയ് ആറുമുതൽ എട്ടുവരെ യു എ ഇയിൽ നടക്കുന്ന ലോക മലയാളി കൗൺസിലിന്റെ 2022 കുടുംബ സംഗമം പരിപാടിയിൽ പങ്കെടുക്കാനാണ് ജെ ചിഞ്ചുറാണിയുടെ വിദേശയാത്ര. യു എ ഇയിലെ താമസവും ഭക്ഷണവും മറ്റു ചെലവുകളും വഹിക്കാൻ സംഘാടകർ ഒരുക്കമാണെന്ന് അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. മന്ത്രിയുടെ വിദേശയാത്രയെ അനുഗമിച്ച് പേഴ്സണൽ സ്റ്റാഫിൽ നിന്ന് ആരെങ്കിലും പോകുന്നുണ്ടോ? ഉദ്യോഗസ്ഥരോ കുടുംബാംഗങ്ങളോ ഒപ്പമുണ്ടോ? എന്നത് ഉത്തരവിൽ സൂചിപ്പിച്ചിട്ടില്ല. അതേസമയം, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനിടെ മന്ത്രിമാരുടെ വിദേശയാത്രകളും മറ്റ് ധൂർത്തും ആർഭാടങ്ങളും ഒഴിവാക്കപ്പെടേണ്ടതാണെന്ന വിമർശനം സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്ന് ഉയരുന്നുണ്ട്.
ഇക്കഴിഞ്ഞ 23-നാണ് മുഖ്യമന്ത്രി പിണറായി വിജയൻ മിനസോട്ടയിലെ മയോ ക്ലിനിക്കിൽ തുടർ ചികിൽസയ്ക്കായി അമേരിക്കയിലേക്ക് മൂന്നാം തവണയും യാത്ര തിരിച്ചത്. മെയ് പത്തിന് അദ്ദേഹം തിരിച്ചെത്തുമെന്നാണ് വിവരം.  2018ലാണ് ആദ്യമായി അമേരിക്കയിൽ ചികിൽസയ്ക്കു പോയത്. പിന്നീട് ഈ വർഷം ജനുവരി 11 മുതൽ 26 വരെയും അവിടെ ചികിൽസ തേടി. ഇതിനിടെ, കഴിഞ്ഞ തവണത്തെ ചികിൽസയ്ക്കായി 29,82,039 രൂപ ചെലവായെന്ന അപേക്ഷയിൽ പിശകുണ്ടായതും പിന്നീട് അത് തിരുത്തി വേഗത്തിൽ പണം അനുവദിച്ചതുമെല്ലം വാർത്തയായിരുന്നു.

Related posts

Leave a Comment