ട്രാവന്‍കൂര്‍ ഷുഗേഴ്സ് തട്ടിപ്പ്ഃ ജവാന്‍ റം ഉത്പാദനം നിര്‍ത്തി

തിരുവല്ലഃ പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ ഷുഗേഴ്സ് തല്‍ക്കാലം പ്രവര്‍ത്തനം നിര്‍ത്തി വച്ചു. ഇവിടെ ഉത്പാദിപ്പിച്ചിരുന്ന ജനപ്രിയ മദ്യം ജവാന്‍ റം ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ ഉത്പാദനം നിര്‍ത്തി വച്ചു. ഇടതു മുന്നണി സര്‍ക്കാരിന്‍റെ കാലത്ത് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നടക്കുന്ന തീവെട്ടിക്കൊള്ളയുടെ ചെറിയൊരു അറ്റം മാത്രമാണ് തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്സിലെ തട്ടിപ്പ്. ഈ ഫാക്റ്ററിയിലേക്കു കൊണ്ടു വന്ന ഇരുപതിനായിരത്തോളം ലിറ്റര്‍ സ്പിരിറ്റ് ജീവനക്കാരില്‍ ചിലരും സ്പിരിറ്റ് ലോബിയും അവരുമായി ബന്ധമുള്ള ഭരണ ലോബിയും ചേര്‍ന്നു മറിച്ചു വിറ്റതാണ് പ്രതിസന്ധിക്കു കാരണം.

പോതുമേഖലയില്‍ സംസ്ഥാനത്തു മദ്യം ഉത്പാദിപ്പിക്കുന്ന പ്രമുഖ സ്ഥാപനമാണ് പണ്ട് മന്നം മെമ്മോറിയല്‍ ഷുഗര്‍ മില്ല് പ്രവര്‍ത്തിച്ചിരുന്ന ട്രാവന്‍കൂര്‍ ഷുഗേഴ്സ്. മധ്യപ്രദേശ് അടക്കമുള്ള സംഥലങ്ങളില്‍ നിന്ന് സ്പിരിറ്റ് എത്തിച്ചാണ് ഇവിടെ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം നിര്‍മിച്ചിരുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്ന തട്ടിപ്പിന്‍റെ കൃത്യമായ ചിത്രം ഇനിയും വ്യക്തമല്ല.

സ്പിരിറ്റ് കൊണ്ടു വന്ന ടാങ്കറിലെ ഡ്രൈവര്‍മാരുടെ സഹായത്തോടെ, ഫാക്റ്ററിയിലെ തന്നെ ഉന്നത ഉദ്യാഗസ്ഥരാണ് സ്പിരിറ്റ് കടത്തിനു നേതൃത്വം നല്‍കിയതെന്നാണു പ്രാഥമിക വിവരം. എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കെയ്റ്റ് എന്‍ജിനീയറിംഗ് എന്ന സ്ഥാപനത്തിനാണ് സ്പിരിറ്റ് കൊണ്ടു വരാനുള്ള കരാര്‍ ലഭിച്ചത്. ഇവര്‍ എത്തിക്കുന്ന ടാങ്കറില്‍ നിന്നാണ് സ്പിരിറ്റ് കാണാതായത്. എന്നാല്‍ സ്പിരിറ്റ് ആര്‍ക്കാണു മറിച്ചു വിറ്റതെന്നോ എത്ര രൂപയ്ക്കാണു വിറ്റതെന്നോ കൃത്യമായ വിവരമില്ല.

ടാങ്കറിന്‍റെ ഡ്രൈവര്‍മാരാണ് സ്പിരിറ്റ് മറിച്ചു വിറ്റതെന്നാണു ഇതുവരെയുള്ള വിവരം. ഇവരില്‍ നിന്ന് ഫാക്റ്ററിയുടെ വെയര്‍ ഹൗസ് മാനെജര്‍ അരുണ്‍കുമാര്‍ ഇരുപത്തഞ്ചു ലക്ഷം രൂപ കൈപ്പറ്റിയെന്നു പൊലീസിനു മൊഴി ലഭിച്ചിട്ടുണ്ട്. എന്നാല്‍ അരുണ്‍കുമാര്‍ അക്കാര്യം സമ്മതിക്കുന്നില്ല.

ഫാക്റ്ററി ജനറല്‍ മാനെജര്‍ അലക്സ് ഏബ്രഹാം, പ്രൊഡക്‌ഷന്‍ മാനെജര്‍ ഷാഹിം, മാനെജര്‍ മേഘ മുരളി എന്നിവര്‍ക്കും സ്പിരിറ്റ് കടത്തില്‍ പങ്കുണ്ടെന്നു പോലീസ് സംശയിക്കുന്നു. ഇവര്‍ക്കെതിരേ ഗൂഢാലോചന, വഞ്ചന, അബ്കാരി ചട്ടം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു.

Related posts

Leave a Comment