കെഎസ്ആർടിസി സമരം അടിച്ചമർത്തും ; ഭീഷണി മുഴക്കി ഗതാഗത മന്ത്രി ; സ്വകാര്യ ബസുകളും സമരത്തിലേക്ക്


തിരുവനന്തപുരം: ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കാതെ വഞ്ചിച്ച സർക്കാർ നടപടിക്കെതിരെ സമരം നടത്തുന്ന കെഎസ്ആർടിസി ജീവനക്കാർക്ക് നേരെ ഭീഷണി മുഴക്കി ഗതാഗത മന്ത്രി. കെഎസ്ആർടിസി ജീവനക്കാരുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് നൽകിയ വാഗ്ദാനം മറച്ചുവെച്ചാണ് സമരം ചെയ്യുന്ന ജീവനക്കാർക്കെതിരെ കടുത്ത നടപടി എടുക്കുമെന്ന് മന്ത്രി ആന്റണി രാജു ഭീഷണി മുഴക്കിയത്. സമരം നടത്തിയതിനാൽ ഇനി ശമ്പള പരിഷ്കരണ ചർച്ചയുടെ ആവശ്യം പോലുമില്ലെന്നാണ് ഇന്നലെ മാധ്യമങ്ങൾക്ക് മുന്നിൽ മന്ത്രി പ്രതികരിച്ചത്. അതേസമയം, യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുകളും സമരത്തിലേക്ക് നീങ്ങുകയാണ്. ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല സമരം നടത്താനാണ് സംഘടനകളുടെ തീരുമാനം. വിദ്യാര്‍ഥികളുടെ ഉള്‍പ്പെടെ നിരക്ക് വര്‍ധിപ്പിക്കണമെന്നും ഡീസല്‍ സബ്‌സിഡി നല്‍കണമെന്നും ആവശ്യം ഉന്നയിച്ചാണ് സ്വകാര്യ ബസുകൾ പണിമുടക്കാനൊരുങ്ങുന്നത്.
കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിനിടെ കെഎസ്ആർടിസി യൂണിയനുകളുടെ പണിമുടക്ക് അംഗീകരിക്കാനാവില്ല. 30 കോടി രൂപയുടെ അധിക ബാധ്യത വരുന്ന ശമ്പള പരിഷ്‌കരണമാണ് യൂണിയനുകള്‍ ആവശ്യപ്പെട്ടത്. അത് ചര്‍ച്ച ചെയ്യാന്‍ 30 മണിക്കൂര്‍ സമയം പോലും സര്‍ക്കാരിന് നല്‍കിയില്ല. അതിനാല്‍ ഈ സമരം നടത്തിയതില്‍ ഒരു ന്യായീകരണവും ഇല്ലെന്ന് മന്ത്രി പറഞ്ഞു. 80 കോടി രൂപയാണ് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നത്. അങ്ങനെയുള്ളപ്പോള്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുന്നത് ശരിയാണോയെന്ന് യൂണിയനുകള്‍ ആലോചിക്കണം. സമരം കയ്യും കെട്ടി നോക്കി നില്‍ക്കാനാകില്ലെന്നും ഇത്തരം പ്രവണത തുടരാനാണ് തീരുമാനമെങ്കില്‍ സര്‍ക്കാര്‍ നിയമ നിര്‍മ്മാണത്തിലേയ്ക്ക് പോകും. കെഎസ്ആർടിസിയെ അവശ്യ സര്‍വീസായി പ്രഖ്യാപിക്കുന്നത് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സ്കൂളുകള്‍ തുറന്ന, ശബരിമല സീസണ്‍ ആരംഭിച്ച സമയത്ത് തന്നെയുള്ള ഈ പണിമുടക്ക് അനാവശ്യമാണെന്നും മന്ത്രി പറഞ്ഞു.
ഭരണാനുകൂല സംഘടനയായ എംപ്ലോയിസ് അസോസിയേഷനും ബിഎംഎസ് എംപ്ലോയിസ് സംഘും 24 മണിക്കൂറാണ് സമരം പ്രഖ്യാപിച്ചിരുന്നത്. എഐടിയുസിയുടെ ട്രാൻസ്പോർട്ട് എംപ്ലോയിസ് യൂണിയനും യുഡിഎഫ് നേതൃത്വത്തിലുള്ള ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷനും ഇന്നും സരം തുടരും. സമരത്തെ നേരിടാന്‍ ഡയസ്നോണ്‍ ബാധമാക്കി ഉത്തരവിറക്കിയിരുന്നു. ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കുമെന്നാണ് സർക്കാരിന്റെ മുന്നറിയിപ്പ്. കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്കരണ കരാറിന്‍റെ കാലാവധി 2016 ഫെബ്രുവരിയില്‍ അവസാനിച്ചതാണ്. അഞ്ചുവര്‍ഷം പിന്നിടുമ്പോഴും ശമ്പളപരിഷ്കരണം വാക്കിലൊതുങ്ങുകയാണെന്ന് സമരത്തിൽ പങ്കെടുക്കുന്ന അംഗീകൃത യൂണിയനുകൾ കുറ്റപ്പെടുത്തുന്നു.

Related posts

Leave a Comment