ട്രാൻസ്ജൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സ് ആത്മഹത്യ ചെയ്ത സംഭവം ; കേന്ദ്ര സാമൂഹികനീതി വകുപ്പ് മന്ത്രി വിരേന്ദ്ര കുമാർ കാട്ടിക്കിന്റെ ശ്രദ്ധയിൽപ്പെടുത്തി ഡീൻ കുര്യാക്കോസ് എംപി

കൊച്ചി : ട്രാൻസ്ജൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സ് ആത്മഹത്യ ചെയ്ത സംഭവം ഉയർത്തിക്കാണിച്ചു, ട്രാൻസ്ജൻഡർ സമൂഹം അനുഭവിക്കുന്ന വിഷമതകൾ ഡീൻ കുര്യാക്കോസ് എംപി കേന്ദ്ര സാമൂഹികനീതി വകുപ്പ് മന്ത്രി വിരേന്ദ്ര കുമാർ കാട്ടിക്കിന്റെ ശ്രദ്ധയിൽപ്പെടുത്തി നടപടികൾ ആവശ്യപ്പെട്ടു. സമഗ്രമായ ഒരു ഇടപെടലിലൂടെ മാത്രമേ ഈ വിഷയത്തിൽ പരിഹാരം കാണാൻ കഴിയൂ എന്ന്, എംപി അറിയിച്ചു. എല്ലാ മെഡിക്കൽ കോളേജുകളിലും ട്രാൻസ്ജൻഡർ സൗഹൃദ സെല്ലുകൾ വേണം. ലിംഗമാറ്റ ശാസ്ത്രക്രിയ എന്നത് കേവലം ഒരു സർജറി മാത്രമല്ല, കൗൺസിലിംഗ് അടക്കമുള്ള സമഗ്രമായ സൈക്കോളജിക്കൽ കെയർ ലഭിക്കേണ്ട സംഗതിയാണ്. ഇതിനായി WPATH എന്ന സംഘടന മുന്നോട്ട് വെച്ചിട്ടുള്ള സ്റ്റാൻഡേർഡ്‌സ് ഓഫ് കെയർ (SoC) പാലിക്കുന്ന കേന്ദ്രങ്ങൾ തിരഞ്ഞെടുത്ത മെഡിക്കൽ കോളേജുകളിൽ സ്ഥാപിക്കണം. SOGIESC (Sexual Orientation, Gender Identity and Expression and Sex Characteristics) ഗെയിഡ്ലൈനുകൾ പാലിച്ചുകൊണ്ട് വിദ്യാഭ്യാസ സംവിധാനത്തിൽ മാറ്റങ്ങൾ വരുത്തി ട്രാൻസ്ജൻഡർ സൗഹൃദ പഠനാന്തരീക്ഷം സ്‌കൂളുകളിലും കോളേജുകളിലും കൊണ്ട് വരണം. പഠനത്തോടൊപ്പം ബോധവൽക്കരണം കൂടി ഉൾപ്പെടുത്തുന്ന കാര്യങ്ങൾ എല്ലാ കോഴ്‌സുകളിലും ഉൾപ്പെടുത്തണം. മെഡിക്കൽ പാഠ്യപദ്ധതിയിൽ ട്രാൻസ്ജൻഡർ ശരീരശാസ്ത്രം കൂടി ഉൾപ്പെടുത്തി പരിഷ്കരിക്കണം എന്നും എംപി ആവശ്യപ്പെട്ടു. കുട്ടികൾക്കും കൗമാരക്കാർക്കും പ്രത്യേക പരിഗണന നൽകി, ഈ പദ്ധതികൾ നടപ്പിൽ വരുത്തണം. സർജറികൾ പരാജയപ്പെട്ടാൽ ഗവണ്മെന്റ് ഇടപെട്ട് നിയമസഹായം നൽകണം എന്നും ആവശ്യപ്പെട്ടു. ആവശ്യങ്ങൾ പരിഗണിക്കുമെന്നും നടപടി എടുക്കുമെന്നും മന്ത്രി അറിയിച്ചു. സംഭവത്തെക്കുറിച്ച് കേരളാഗവൺമെന്റിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് സംസ്ഥാനഗവണ്മെന്റ് ഇത് വരെ കൈമാറിയിട്ടില്ല എന്നും മന്ത്രി ശ്രീ ഡീൻ കുര്യാക്കോസ് എംപിയെ അറിയിച്ചു.

Related posts

Leave a Comment