ട്രെയിനിൽ യുവതിക്ക് ആക്രമണം; റെയിൽവേ പൊലീസ് കുറ്റപത്രം നൽകി

തിരുവനന്തപുരം: മുളന്തുരിത്തിയിൽ ഓടുന്ന തീവണ്ടിയിൽ വെച്ച് യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്ന കേസിൽ റെയിൽവേ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ആകെ അഞ്ച് പ്രതികളുള്ള കേസിൽ ആലപ്പുഴ നൂറനാട് ഉളവക്കാട് സ്വദേശിയായ ബാബുക്കുട്ടനാണ് ഒന്നാം പ്രതി. യുവതിയുടെ സ്വർണ്ണാഭരണങ്ങൾ വിൽക്കാനും ബാബുക്കുട്ടനെ ഒളിവിൽ കഴിയാനും സഹായിച്ച പ്രദീപ്, മുത്തു, സുരേഷ്, അച്ചു എന്നിവരാണ് മറ്റ് പ്രതികൾ. കൊലപാതകശ്രമം, കവർച്ച, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പുനലൂർ പാസഞ്ചറിൽ വെച്ചാണ് മുളംതുരുത്തി സ്വദേശിനിയായ യുവതിക്ക് നേരെ ആക്രമണമുണ്ടായത്. കവർച്ചയ്ക്ക് ശേഷമായിരുന്നു ആക്രമണം. ട്രെയിനിൽ നിന്ന് എടുത്ത് ചാടിയ യുവതിയുടെ തലക്ക് പരിക്കേറ്റിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ മെയ് നാലിന് ബാബുക്കുട്ടൻ പിടിയിലായത്. രണ്ടു ഡിവൈഎസ്പിമാർ അടങ്ങുന്ന ഇരുപതംഗ സംഘമാണ് പ്രതിക്കായി അന്വേഷണം നടത്തിയത്. വീടുമായും ബന്ധുക്കളുമായും അകന്നു കഴിയുന്നയാളാണ് ബാബുക്കുട്ടൻ. മറ്റൊരു കേസിൽ ജയിൽ ശിക്ഷ ഏപ്രിൽ പന്ത്രണ്ടാം തീയതിയാണ് പുറത്തിറങ്ങിയത്. നൂറനാട് പൊലീസ് സ്റ്റേഷനിലാണ് ഇയാൾക്കെതിരെ കൂടുതൽ കേസുകളുള്ളത്. ട്രെയിനിൽ വച്ച് യാത്രക്കാരിയെ ഭീഷണിപ്പെടുത്തി മാല തട്ടിയ സംഭവത്തിൽ കൊല്ലം റെയിൽവേ പോലീസ് മുമ്പ് പിടികൂടിയിട്ടുണ്ട്. സംഭവത്തിൽ ഹൈക്കോടതിയും വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു.

Related posts

Leave a Comment