ട്രെയിനിലെ കവർച്ച: പ്രത്യേക സംഘം അന്വേഷിക്കും

തിരുവനന്തപുരം: നിസാമുദ്ദീൻ എക്സ്പ്രസിലെ യാത്രക്കാരിൽ നിന്നും സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർച്ച ചെയ്ത സംഭവത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കും. എറണാകുളം റെയിൽവേ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. അതേസമയം, മോഷ്ടാവെന്ന് സംശയിക്കുന്ന അസ്ഹർ പാഷ സ്വന്തം പേരിൽ ടിക്കറ്റെടുത്തല്ല സഞ്ചരിച്ചതെന്ന് പൊലീസ് കണ്ടെത്തി. അസ്ഹർ പാഷ ആഗ്രയിൽ നിന്നും തൊട്ടടുത്ത സീറ്റിൽ യാത്ര ചെയ്തുവെന്നാണ് മോഷണത്തിനിയായ സ്ത്രീയുടെ മൊഴി. റിസർവേഷൻ കമ്പാട്ടുമെന്റിലായിരുന്നു യാത്ര. പക്ഷെ അസ്ഹറെന്ന പേരിൽ ടിക്കറ്റ് റിസർവ്വ് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. ഒന്നുകിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തു. അല്ലെങ്കിൽ വ്യാജ പേരിൽ ടിക്കറ്റെടുത്തുവെന്നാണ് സംശയം. രാത്രിയിൽ എസി-റിസർവേഷൻ കമ്പാട്ടുമെൻറിൽ തനിച്ച്  യാത്ര ചെയ്യുന്ന സ്ത്രീകളെയാണ് അസ്ഹർ അടക്കമുള്ള സ്ഥിരം മോഷ്ടാക്കൾ ലക്ഷ്യം വയ്ക്കുന്നത്.കോയമ്പത്തൂരിനും ഈറോഡിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് സംശയം. ഓരോ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞദിവസം കവർച്ചക്ക് ഇരയായ മൂന്നു സ്ത്രീകളും അസ്ഹറിൽ നിന്നും ഭക്ഷണമൊന്നും വാങ്ങിയിട്ടില്ല. സ്ത്രീകള്‍ ശുചിമുറിയിൽ പോയപ്പോള്‍  ഇവരുടെ പക്കലുണ്ടായിരുന്ന കുപ്പിവെള്ളത്തിൽ മയക്കുമരുന്ന് കലർത്തുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. വൈദ്യ പരിശോധനക്കു ശേഷം മൂന്നു സ്ത്രീകളും ആശുപത്രിവിട്ടു.

Related posts

Leave a Comment