ബംഗാളിലെ ട്രെയിൻ അപകടം; മരണം 9 ആയി

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിക്കാനീര്‍ -ഗുവാഹത്തി എക്‌സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. പരിക്കേറ്റ് ആശുപത്രികളില്‍ ചികിത്സയിൽ കഴിയുന്ന 37 പേരിൽ ആറുപേരുടെ നില ഗുരുതരമാണ്. ഇവരെ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും സിലിഗുരിയിലെ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. മറ്റുള്ളവര്‍ ജല്‍പായുഗിരിയിലെയും മെയ്‌നാഗുരിയിലെയും ആശുപത്രികളിലാണ് കഴിയുന്നത്. വ്യാഴാഴ്ച ബംഗാളിലെ ജല്‍പായുഗിരി ജില്ലയിലെ മെയ്‌നാഗുരി പട്ടണത്തിന് സമീപം ബിക്കാനീര്‍ -ഗുവാഹത്തി എക്‌സ്പ്രസിന്റെ 12 കോച്ചുകളാണ് അപകടത്തില്‍പെട്ടത്. പെട്ടന്ന് വന്‍ കുലുക്കമുണ്ടായി ബോഗികള്‍ മറിയുകയായിരുന്നുവെന്ന് രക്ഷപ്പെട്ട യാത്രക്കാരിലൊരാള്‍ പറഞ്ഞു. ചില ബോഗികള്‍ ഒന്നിനുമീതെ ഒന്നായാണ് കിടന്നിരുന്നത്. പാളത്തിലുണ്ടായ വിള്ളലാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ റെയില്‍വേ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ലക്ഷം രൂപയും സാധാരണ പരിക്കുള്ളവര്‍ക്ക് 25,000 രൂപയും സഹായമായി നൽകും. അപകടത്തെപ്പറ്റി ഉന്നതതല അന്വേഷണത്തിന് റെയില്‍വേ ഉത്തരവിട്ടിട്ടുണ്ട്.

Related posts

Leave a Comment