Featured
പുത്തുമലയേക്കാള്‍ വലിയ ദുരന്തം: ഹൃദയഭേദകമായി വയനാട്
കല്‍പ്പറ്റ: പുത്തുമലയിലെ ദുരന്തത്തിന് അഞ്ചാണ്ട് തികയാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് വയനാടിന്റെ ഹൃദയം തകര്‍ത്ത് മറ്റൊരു ഉരുള്‍പൊട്ടിയത്. 2019ലെ ദുരന്തഭൂമിയില്‍നിന്ന് ഏറെ അകലെയല്ല മുണ്ടക്കൈയും ചൂരല്‍മലയും. അര്‍ധരാത്രി പിന്നിട്ട വേളയില്‍ പ്രകൃതി നടത്തിയ സംഹാര താണ്ഡവം പുറംലോകമറിഞ്ഞത് മണിക്കൂറുകള്‍ പിന്നിട്ട ശേഷമാണ്. മൃതദേഹങ്ങള്‍ പലതും ഒഴുകിയെത്തിയ നിലയില്‍ സമീപ ജില്ലയിലെ ചാലിയാര്‍ നദിയില്‍നിന്ന് നടുക്കത്തോടെയാണ് കണ്ടെത്തിയത്.
ഉറക്കത്തിലാണ്ട മുണ്ടക്കൈയിലെ നാനൂറോളം കുടുംബങ്ങളെ ഉരുള്‍പൊട്ടല്‍ ബാധിച്ചതായാണ് വിവരം. മരണത്തിന്റെ ഇരുണ്ട കൈകള്‍ എത്ര ജീവനുകള്‍ നിത്യ നിദ്രയിലേക്ക് കവര്‍ന്നെടുത്തുവെന്നത് ഇതുവരെ തിട്ടപ്പെടുത്താനായിട്ടില്ല. മുണ്ടക്കൈയിലെ ചെറുപട്ടണത്തെ നാമാവശേഷമാക്കിയ ഉരുള്‍പൊട്ടല്‍ സമാനതകളില്ലാത്ത ദുരന്തമാണ്. പുത്തുമലയേക്കാള്‍ പലമടങ്ങ് നാശമാണ് മുണ്ടക്കൈയില്‍ ഉണ്ടായിരിക്കുന്നതെന്ന് പുറത്തുവരുന്ന ഹൃദയഭേദകമായ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
ചൂരല്‍മലയിലെ ഒരു സംഘം ആളുകള്‍, തങ്ങളുടെ അയല്‍വാസികളായ പലരെയും കാണുന്നില്ലെന്ന ആശങ്ക മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു. പുത്തുമലയേക്കാള്‍ വലിയ ദുരന്തമാണ് ഇന്നത്തേതെന്നും അവര്‍ പറയുന്നു. മുമ്പെങ്ങും കാണാത്ത വിധം സൈന്യം ഉള്‍പ്പെടെ എത്തിയാണ് മുണ്ടക്കൈയിലും ചൂരല്‍മലയിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മണ്ണിനടിയില്‍ എത്രപേര്‍ അകപ്പെട്ടുവെന്നതിന് യാതൊരു വ്യക്തതയുമില്ല. കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ നൂറുകണക്കിനു പേര്‍ മണ്ണിനടിയില്‍ പെട്ടിരിക്കാം.
അര്‍ധരാത്രിയിലെ ഉരുള്‍പൊട്ടലിനുശേഷം രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് വീണ്ടും ഉരുള്‍പൊട്ടലുണ്ടായത്. നിരവധി പേരെ കാണാനില്ലെന്ന വീട്ടുകാരുടെ സഹായഅഭ്യര്‍ഥനകളും പുറത്തുവരുന്നുണ്ട്. അഗ്‌നിരക്ഷാ സേനയുടെയും എന്‍.ഡി.ആര്‍.എഫിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വൈകാതെ സൈന്യമെത്തും. ദുരന്തഭൂമിയില്‍ പലയിടത്തുനിന്നായി ഇതുവരെ 45 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ഛിന്നഭിന്നമായ മനുഷ്യ ശരീരങ്ങള്‍ ചാലിയാറിന്റെ കുത്തൊഴുക്കില്‍ കിലോമീറ്ററുകള്‍ പിന്നിട്ട് നിലമ്പൂരില്‍ എത്തിയപ്പോഴുള്ള കാഴ്ച ആരുടെയും കരള്‍ പിളര്‍ക്കുന്നതാണ്. മലപ്പുറം ജില്ലയില്‍ ചാലിയാര്‍ പുഴയില്‍നിന്നും 11 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. പോത്തുകല്ല് പഞ്ചായത്ത് പരിധിയിലെ വിവിധ കടവുകളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇരുട്ടി കുത്തി, അമ്പുട്ടാന്‍ പൊട്ടി, കുനിപ്പാല, മച്ചിക്കൈ, ഭൂദാനം, വെള്ളിലമാട്, മുണ്ടേരി കമ്പി പാലം എന്നീ കടവുകളില്‍ നിന്നും മൃതദേഹങ്ങള്‍ ലഭിച്ചിട്ടുണ്ട്.
2019 ഓഗസ്റ്റ് എട്ടിന് രാത്രിയാണ് പുത്തുമലയില്‍ 17 പേരുടെ ജീവനെടുത്ത പേമാരി പെയ്തിറങ്ങിയത്. ഉരുള്‍പൊട്ടി ഒഴുകിയെത്തിയ മണ്ണും പാറക്കൂട്ടങ്ങളും വെള്ളവും മേപ്പാടി പച്ചക്കാട് താഴ്വാരത്തെ പുത്തുമലയെ പാടെ തകര്‍ത്തു. ദുരന്ത ശേഷം നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ 12 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. എന്നാല്‍ കാണാതായ അഞ്ചു പേര്‍ എവിടെയെന്ന നൊമ്പരമേറിയ ചോദ്യം ഇന്നും അവശേഷിക്കുകയാണ്.
Delhi
കൊൽക്കത്തയിലെ ഡോക്ടർ കൊല്ലപ്പെട്ട സംഭവം; കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്ന് സിബിഐ
ന്യൂഡൽഹി: കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്ന് സിബിഐകുറ്റപത്രം. മുഖ്യപ്രതി സഞ്ജയ് റോയ് ഒറ്റയ്ക്കാണ് ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്നും സിബിഐ കുറ്റപത്രം വ്യക്തമാക്കുന്നു.
കൊൽക്കത്ത സീൽദയിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് സിബിഐ 45 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കുറ്റകൃത്യം നടന്നിട്ട് 58 ദിവസങ്ങൾക്ക് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
പ്രാദേശിക പോലീസിനൊപ്പം സിവിക് വോളന്റീറായ സഞ്ജയ് റോയി ഓഗസ്റ്റ് ഒൻപതിനാണ് കുറ്റകൃത്യം ചെയ്‌തത്. ജൂനിയർ ഡോക്ടർ സെമിനാർ ഹാളിൽ വിശ്രമിക്കവെയായിരുന്നു സംഭവമെന്നും സിബിഐ പറയുന്നു. കൂട്ടബലാത്സംഗക്കുറ്റങ്ങൾ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ, കൂടുതൽ സാധ്യതകൾ തുടർന്നുള്ള അന്വേഷണത്തിലുണ്ടാകാമെന്നും സിബിഐ കൂട്ടിച്ചേർത്തു.
Delhi
എഡിജിപി അജിത് കുമാറിനെ മാറ്റിയത് ആർഎസ്എസ് ചുമതലയിൽ നിന്ന്; ഷാഫി പറമ്പിൽ എംപി
ന്യൂഡൽഹി: എഡിജിപി എം.ആർ. അജിത്ത് കുമാറിനെ ആർഎസ്എസ് ചുമതലയിൽ നിന്നാണ് ഗതികെട്ട് മാറ്റിയതെന്ന് ഷാഫി പറമ്പിൽ എംപി. പോലീസ് യോഗങ്ങളിൽ ഇപ്പോഴും അജിത് കുമാറിന് പങ്കെടുക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു സെക്കന്റ് പോലും വൈകാതെ നടപടി എടുക്കേണ്ട വിഷയത്തിൽ ആർഎസ്എസിന്റെ തീരുമാനം കാത്തിരിക്കുകയായിരുന്നു സംസ്ഥാന സർക്കാർ. അതുകൊണ്ടാണ് നടപടി വൈകിയതെന്നും ഷാഫി കുറ്റപ്പെടുത്തി.
അജിത്ത് കുമാറിനെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് വേണ്ടി വാർത്താകുറിപ്പ് വിതരണം ചെയ്‌തത് ക്രൂരമായ നടപടിയാണ്. മലപ്പുറത്തെ മാത്രമല്ല ഒരു സംസ്ഥാനത്തെ തന്നെയാണ് ഇതിലൂടെ ഒറ്റുകൊടുത്തത്.
മലപ്പുറത്തെ നിരോധിക്കപ്പെട്ട സംഘടനകളുടെ കേന്ദ്രമാക്കി മുദ്രകുത്തിയതിനു പിന്നിൽ ആർഎസ്എസ് അജണ്ടയാണ്. സീതാറാം യെച്ചൂരി മരിച്ചു കിടക്കുന്ന ദിവസം മുഖ്യമന്ത്രിക്ക് വേണ്ടി ഇതുപോലൊരു വാർത്താകുറിപ്പ് വിതരണം ചെയ്‌തത് എന്തിനാണെന്നും ഷാഫി ചോദിച്ചു.
Cinema
ലഹരിക്കേസ് പ്രതി ഓം പ്രകാശിനെ സന്ദർശിച്ചവരിൽ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും
കൊച്ചി: കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശ് ഉൾപ്പെട്ട മയക്കുമരുന്ന് കേസിൽ മലയാള സിനിമാതാരങ്ങളും. ഓംപ്രകാശിനെ സന്ദർശിച്ച താരങ്ങളുടെ പേര് പോലീസ് പുറത്തുവിട്ടു. യുവതാരങ്ങളായ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓംപ്രകാശിനെ സന്ദർശിച്ചതായാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും എത്തിയിരുന്നതായി പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്.
കുപ്രസിദ്ധ ഗുണ്ടാ നേതാവാണ് ഓം പ്രകാശ്. കൊച്ചി മരട് പൊലീസാണ് കഴിഞ്ഞ ദിവസം ഓംപ്രകാശിനെ കസ്റ്റഡിയില്‍ എടുത്തത്. ബോള്‍ഗാട്ടിയിലെ ഡിജെ പരിപാടിക്ക് എത്തിയതാണെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. ഓം പ്രകാശിന്റെ സാന്നിദ്ധ്യം രണ്ട് ദിവസമായി കൊച്ചിയില്‍ ഉണ്ടായതിനാലാണ് പൊലീസ് പരിശോധന നടത്തിയത്.
-
Featured2 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
News1 month ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business2 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education4 weeks ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Ernakulam2 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News2 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
News2 months ago
സർക്കാർ നിർദ്ദേശങ്ങൾ ശമ്പള സംഭാവന നിർബന്ധമാക്കുന്നത്: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
-
Education2 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login