മലപ്പുറം നിലമ്പൂരിൽ പാരമ്പര്യ വൈദ്യൻ ഷാബ ശെരീഫിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. 3177 പേജുള്ള കുറ്റപത്രമാണ് നിലമ്പൂർ സിജെഎം കോടതിയിൽ നൽകിയത്. കേസിൽ മൊത്തം 12 പ്രതികൾ ആണുള്ളത്. കേസിൽ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. അന്വേഷണത്തിൻ്റെ ഭാഗമായി ശേഖരിച്ച ഡിഎൻഎ സാംപിളുകളുടെ പരിശോധനാ ഫലം ഇതുവരെ വന്നിട്ടില്ല. അധിക കുറ്റപത്രം സമർപ്പിക്കുമ്പോൾ അതോടൊപ്പം ഡിഎൻഎ പരിശോധനാഫലം കൂടി നൽകുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി.കേസിൽ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ ഭാര്യ വയനാട് മേപ്പാടി സ്വദേശി ഫസ്നയെ കഴിഞ്ഞ ആഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2019 ആഗസ്ത് ഒന്നിനാണ് ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുവന്നത്. ഒന്നേകാൽ വർഷത്തോളം വീട്ടിൽ തടങ്കലിലാക്കി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഫസ്നയ്ക്ക് കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നും പൊലീസ് സംശയിക്കുന്നു.
പാരമ്പര്യ വൈദ്യന്റെ കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു
