ഉയർന്ന ടിപിആർ നിരക്ക്; ആശങ്ക പങ്കുവെച്ച് കേന്ദ്രമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് രോഗസ്ഥിരീകരണ നിരക്ക് (ടിപിആർ) പത്തിന് മുകളിൽ തുടരുന്നതിൽ ആശങ്ക പങ്കുവെച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്രസംഘം രോഗവ്യാപനം തടയുന്നതിൽ നിതാന്ത ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി വീണാ ജോർജ് എന്നിവരോട് നിർദ്ദേശിച്ചു. ജനസാന്ദ്രതയുടെ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അതിന് മറുപടി നൽകിയത്. മറ്റ് സംസ്ഥാനങ്ങളിലേതിന് സമാനമായി ജനങ്ങൾ കൂട്ടത്തോടെ പാർക്കുന്ന പ്രദേശങ്ങളിലാണ് ടിപിആർ നിരക്ക് വർധനയെന്നും സമ്പൂർണ വാക്സിനേഷനുള്ള നടപടികൾക്ക് തടസം വാക്സിൻ്റെ ലഭ്യതക്കുറവാണെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. കേരളത്തിന് കൂടുതൽ വാക്‌സിൻ ലഭ്യമാക്കുമെന്ന് മൻസുഖ് മാണ്ഡവ്യ ഉറപ്പുനൽകി. വാക്‌സിനേഷനിൽ കേരളം രാജ്യ ശരാശരിയേക്കാൾ മുന്നിലാണെന്നും കേരളത്തിലെ കോവിഡ് മരണ നിരക്ക് കുറവാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി  രാജേഷ് ഭൂഷൺ അഭിപ്രായപ്പെട്ടു.
ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലേക്ക് കേരളത്തിന് ഒരു കോടി 11 ലക്ഷം വാക്‌സിനെങ്കിലും അനുവദിക്കണമെന്ന ആവശ്യമാണ് സംസ്ഥാനം മുന്നോട്ടുവെച്ചത്. ഘട്ടംഘട്ടമായി വാക്‌സിൻ ലഭ്യത ഉറപ്പാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. രാജ്യം വാക്‌സിൻ ഉത്പാദനം വർദ്ധിപ്പിച്ചതിനാൽ കേരളത്തിന് ആവശ്യമുള്ള വാക്‌സിൻ നൽകാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺടാക്‌സ് ട്രേസിങ്ങിൽ കേരളം കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ മുന്നറിയിപ്പ് നൽകി. കേരളത്തിൽ ഒരാൾക്ക് കോവിഡ് ബാധിച്ചാൽ സുഹൃത്തുക്കളിലേക്കും സഹപ്രവർത്തകരിലേക്കും വരെ രോഗം വ്യാപിക്കുന്നു. മറ്റു സംസ്ഥാനങ്ങളിൽ ബന്ധുക്കളിലേക്കു മാത്രമായി രോഗവ്യാപനം ചുരുക്കാൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓണത്തിന് സംസ്ഥാനം കൂടുതൽ ജാഗ്രത പുലർത്തണമെന്നും കേന്ദ്രസംഘം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related posts

Leave a Comment