ഓണം ഇളവുകള്‍ഃ ടിപിആര്‍ ഇരുപതു ശതമാനം കടക്കും

തിരുവനന്തപുരംഃ ഓണക്കാലത്തെ ഇളവുകള്‍ മൂലം സംസ്ഥാനത്ത് കോവിഡ് വ്യാപനത്തില്‍ വലിയ വര്‍ധനവുണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധര്‍. പ്രതിദിന ടിപിആര്‍ ഇരുപതു ശതമാനത്തിനു മുകളിലേക്ക് ഉയരുമെന്നാണ് ആശ‌ങ്ക. തിരുവോണ ദിവസം മാത്രം 17 ശതമാനത്തിനു മുകളിലായിരുന്നു രോഗസ്ഥിരീകരണം. പരിശോധനയും വാക്സിനേഷനും ഏറ്റവും കുറഞ്ഞ ദിവസവും ഇന്നലെയായിരുന്നു. ത്വരിത ഗതിയിലുള്ള വാക്സിനേഷനും സ്വയം നിയന്ത്രണങ്ങളുമാണ് ഏറ്റവും അവശ്യം വേണ്ടത്. എന്നാല്‍ സംസ്ഥാനത്ത് വാക്സിനേഷനില്‍ വലിയ കുറവാണ് ഓണക്കാലത്തുണ്ടായത്. ഈ മാസം പതിമൂന്നിന് അഞ്ചര ലക്ഷം പേര്‍ക്കു വാക്സിന്‍ നല്‍കിയെങ്കില്‍ ഇന്നലെ അതു വെറും മുപ്പതിനായിരം പേര്‍ക്കു മാത്രമാണ്.

ഓണക്കാലത്ത് ഏറ്റവും കൂടുതല്‍ രോഗസാധ്യത പ്രതീക്ഷിക്കുന്നതു കുട്ടികളിലാണ്. ഇവര്‍ക്കാകട്ടെ വാക്സിന്‍ നല്‍കാനുമാവുന്നില്ല. കുട്ടികളിലെ വാക്സിന്‍ പരീക്ഷണത്തിനു പെട്ടെന്നു അനുമതി നല്‍കാനുള്ള നീക്കത്തിലാണ് ഡ്രഗ് കണ്‍ട്രോളര്‍. അനുമതി നേടി, അടുത്തമാസം പകുതിയോടെ കുട്ടികള്‍ക്കുള്ള വാക്സിന്‍‌ സൈകോവ് ഡി വിതരണത്തിനു സജ്ജമാക്കുമെന്ന് നിര്‍മാതാക്കളായ സൈഡസ് കാഡില അറിയിച്ചു. രണ്ടു മുതല്‍ 12 വയസു വരെയുള്ള കുട്ടികളില്‍ നല്‍കാനാണ് നിര്‍ദേശം. 66 ശതമാനം വരെ ഫലപ്രാപ്തി തെളിയിച്ചിട്ടുണ്ടെന്ന് നിര്‍മാണ കമ്പനി അറിയിച്ചു. വാക്സിന്‍റെ വില കൂടി അംഗീകരിക്കപ്പെട്ടാല്‍ ഒരു മാസത്തിനുള്ളില്‍ വാക്സിന്‍ വ്യാപകമാകും.

Related posts

Leave a Comment