ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ടി.പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി.

തിരുവനന്തപുരം: ടി.പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ഇന്ന് കസ്റ്റംസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഷാഫിയെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവര്‍ ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് സംഘത്തിലെ അംഗമാണ് അര്‍ജ്ജുന്‍ ആയങ്കിയെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഷാഫിക്കു പുറമെ അര്‍ജ്ജുന്‍ ആയങ്കിയുടെ ഭാര്യ അമല, പ്രതികള്‍ ഉപയോഗിച്ച സിം കാര്‍ഡുകളുടെ ഉടമയായ സക്കീന എന്നിവരോടും ഹാജരാകാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു സ്വകാര്യ ടീവീചാനലിനോട് നടത്തിയ പ്രതികരണത്തിൽ അര്‍ജ്ജുന്‍ ആയങ്കിയുമായി തനിക്കൊരു ബന്ധവുമില്ലെന്ന് ഷാഫി അവകാശപ്പെട്ടിരുന്നു. സ്വര്‍ണ്ണക്കടത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും ഷാഫി പറഞ്ഞു. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത അര്‍ജ്ജുന്‍ ആയങ്കി ഒളിവില്‍ കഴിഞ്ഞത് മുഹമ്മദ് ഷാഫിയ്ക്ക് ഒപ്പമാണെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു. അര്‍ജ്ജുന്‍ ആയങ്കിയുമായി കണ്ണൂരില്‍ തെളിവെടുപ്പിന് എത്തിയ കസ്റ്റംസ് സംഘം മുഹമ്മദ് ഷാഫിയുടെ വീട്ടിലും തെളിവെടുപ്പ് നടത്തി.

Related posts

Leave a Comment