ഫസലിനെ കൊലപ്പെടുത്തിയത് ടിപി വധക്കേസിലെ പ്രതികൾഃ സിബിഐ

കണ്ണൂർ: തലശ്ശേരിയിലെ പത്ര വിതരണക്കാരൻ ഫസലിനെ കൊലപ്പെടുത്തിയത് ടിപി വധക്കേസിലെ കുറ്റവാളികളായ കൊടിസുനിയും സംഘവുമാണെന്നു സിബിഐ. സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും കേസിൽ പങ്കുണ്ടെന്നും സിബിഐ ആവർത്തിക്കുന്നു. സിബിഐ തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു.
മൂന്ന് മാസം നീണ്ട തുടരന്വേഷണത്തിൽ കേസിൽ ആർഎസ്എസ് പ്രവർത്തകരാണ് വധത്തിന് പിന്നിലെന്ന വാദം തെറ്റെന്ന് തെളിഞ്ഞുവെന്നാണ് സിബിഐ വാദിക്കുന്നത്. തങ്ങളുടെ ആദ്യ അന്വേഷണ റിപ്പോർട്ട് തന്നെയാണ് ശരിയെന്നാണ് സിബിഐ തുടരന്വേഷണ റിപ്പോർട്ടിലും പറയുന്നത്.
2006 ഒക്ടോബർ 22-നാണ് പത്രവിതരണക്കാരനായ ഫസൽ തലശ്ശേരി സെയ്ദാർ പള്ളിക്ക് സമീപത്ത് വച്ച് കൊല്ലപ്പെടുന്നത്. സിപിഎം പ്രവർത്തകനായ ഫസൽ പാർട്ടി വിട്ട് എൻഡിഎഫിൽ ചേർന്നതിലുള്ള എതിർപ്പ് മൂലമായിരുന്നു കൊലപാതകം എന്നായിരുന്നു ആരോപണം.
കേസിൽ സിപിഎമ്മിന് ബന്ധമില്ലെന്നും താനടക്കം നാല് ആർഎസ്എസ് പ്രവർത്തകരാണ് ഫസലിനെ കൊലപ്പെടുത്തിയത് എന്ന് ആർഎസ്എസ് പ്രവർത്തകൻ സുബീഷ് കുറ്റസമ്മതമൊഴി നൽകിയിരുന്നു.
എന്നാൽ സുബീഷിൻറെ ഈ വെളിപ്പെടുത്തൽ പൊലീസ് കസ്റ്റഡിയിൽ വച്ച് പറയിപ്പിച്ചതാണെന്നാണു സിബിഐയുടെ പുതിയ റിപ്പോർട്ടിൽ പറയുന്നത്.

Related posts

Leave a Comment