ദാരിദ്ര്യം പുകയുന്ന അടുക്കളയിൽ നിന്ന് പിണറായിക്കുനേരെ ചൂലെടുക്കുന്ന നാളെ വിദൂരമല്ല ; ഭരണപരാജയത്തിന്റെ നൂറ് നാളുകൾ

ആദർശ് മുക്കട

കൊച്ചി : രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറിയിട്ട് 100 ദിനങ്ങൾ പിന്നിടുയാണ്. സർവ്വ മേഖലകളിലും പരാജയമായ സർക്കാർ കേരളത്തിന്റെ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. കോവിഡ് എന്ന മഹാമാരി സംസ്ഥാനത്തെ കാർന്നു തിന്നുമ്പോൾ സംസ്ഥാന സർക്കാർ കയ്യുംകെട്ടി നോക്കിയിരിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ആദ്യ പിണറായി സർക്കാർ കോവിഡ് പ്രതിരോധത്തെ രാഷ്ട്രീയമായി ഉപയോഗിച്ചാണ് അധികാരത്തിൽ വീണ്ടും എത്തുന്നത്.ഗവൺമെന്റിന്റെ വിവിധ ക്ഷേമ പദ്ധതികൾ പോലും മുഖ്യമന്ത്രിയും കൂട്ടരും രാഷ്ട്രീയമായി ഉപയോഗിച്ച് ജനങ്ങൾക്കിടയിൽ വ്യാപക പ്രചരണം നടത്തി. ഇത്തരം രാഷ്ട്രീയ കുതന്ത്രങ്ങൾ ആണ് വീണ്ടും കേരളത്തിൽ പിണറായി സർക്കാരിന് അധികാരം ഏൽപ്പിച്ചത്. കിറ്റും പെൻഷനും ക്ഷേമപദ്ധതികളും സർക്കാർ രാഷ്ട്രീയ ആയുധമാക്കിയപ്പോൾ അതിൽ തെറ്റിദ്ധരിച്ചു വോട്ടു ചെയ്ത ജനം ഇപ്പോഴാണ് അമളി മനസ്സിലാക്കിയത്.

ആദ്യ പിണറായി സർക്കാർ അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിക്കുളിച്ചു നിൽക്കുകയായിരുന്നു. സ്വർണ്ണക്കടത്ത് പോലെയുള്ള ഗുരുതരമായ രാജ്യദ്രോഹക്കേസിൽ പോലും മുഖ്യമന്ത്രിയുടെ ഓഫീസും പ്രൈവറ്റ് സെക്രട്ടറിയും ഭാഗമായത് കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യ സംഭവമാണ്. അതുപോലെതന്നെ പിഎസ്‌സി ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയമായി ഉപയോഗിച്ചതും സ്വന്തം പാർട്ടിക്കാരെ തിരികെ കയറ്റിയതും കേരളത്തിന്റെ ഭരണ ചരിത്രത്തിൽ ഒരിടത്തും കേട്ടുകേൾവിപോലുമില്ലാത്ത കാര്യങ്ങളാണ്. സംസ്ഥാനത്തെ മുഴുവൻ സർവകലാശാലകളും സർക്കാർ സംവിധാനങ്ങളും ഭരണപക്ഷ താൽപര്യങ്ങൾക്ക് അനുസൃതമായി സംസ്ഥാനത്ത് ഉപയോഗിക്കപ്പെട്ടു.സാധാരണക്കാരന്റെ അവകാശങ്ങളും ആവശ്യകതകളും നിഷേധിക്കപ്പെടുന്ന ദുർഭരണം ആണ് കേരളത്തിൽ നടന്നിരുന്നത്.ഇങ്ങനെയൊക്കെ ആണെങ്കിലും കോവിഡ് വരുത്തിവെച്ച ഭീതിജനകമായ സാഹചര്യത്തിൽ ഭരണപക്ഷത്തിനും മുഖ്യമന്ത്രിക്കും എതിരെ വന്ന ആരോപണങ്ങളെ വെള്ള പൂശുന്നതിൽ സർക്കാർ വിജയിച്ചു. ഈ വെള്ളപൂശൽ ആണ് രണ്ടാമത് പിണറായി അധികാരത്തിലേറ്റിയത്.

രണ്ടാം പിണറായി സർക്കാർ എല്ലാ രീതിയിലും അഹങ്കാരവും അഹന്തയും വെച്ച് പെരുമാറിയിരുന്നു തുടക്കം. എല്ലാ വകുപ്പുകളും എല്ലാ മന്ത്രിമാരും മുഖ്യമന്ത്രിയുടെ ഇംഗിതത്തിനു വഴങ്ങി നിലപാട് എടുക്കേണ്ട സാഹചര്യമാണുള്ളത്. ഇതിൽ പല ഘടകകക്ഷി നേതാക്കന്മാർക്കും സ്വന്തം പാർട്ടിയിലെ നേതാക്കൾക്കും പോലും വലിയതോതിലുള്ള അതൃപ്തിയുണ്ട്. മറ്റെല്ലാ സംസ്ഥാനങ്ങളും കോവിഡിനെ പ്രതിരോധിക്കുമ്പോഴും കേരളത്തിന്റെ അവസ്ഥ ഓരോ ദിവസവും കൂടുതൽ ദുസ്സഹമായി തുടരുകയാണ്. കോവിഡ് മൂലമുള്ള മരണങ്ങൾ ഒരു വശത്ത് കൂടുമ്പോൾ മറുവശത്ത് സർക്കാർ വകുപ്പുകളുടെ ഏകോപനത്തിലെ കുറവ് മൂലവും ലോക്ഡൗൺ നയത്തിലെ അശാസ്ത്രീയ മൂലവും പട്ടിണിയിലായ ജനം വ്യാപകമായി ആത്മഹത്യയിലേക്ക് എത്തുന്നുമുണ്ട്.എല്ലാ മേഖലകളിലും പരാജയത്തിൽ നിന്നു എതിർ ശബ്ദങ്ങളോട് അസഹിഷ്ണുത വെച്ചുപുലർത്തി മുന്നോട്ടു പോകുന്ന സർക്കാരിനെതിരെ ജനം തെരുവിലിറങ്ങുന്ന നാളെ വിദൂരമല്ല. രണ്ടാം പിണറായി സർക്കാരിനെ അധികാരത്തിലേറ്റിയ വലിയൊരു വിഭാഗം കേരളത്തിലെ വീട്ടമ്മമാരാണ്. അടുക്കളയിൽ ദാരിദ്ര്യം പുകയുന്ന രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഇതേ വീട്ടമ്മമാർ സർക്കാരിനെതിരെ ചൂല് എടുക്കുന്ന സാഹചര്യമാണുള്ളത്. ഇതേ സമീപനം തുടർന്നാൽ കേരളം കൂടുതൽ ദുരിത കയത്തിലേക്ക് വീണുപോകുമെന്നതിൽ സംശയമില്ല.

Related posts

Leave a Comment