തക്കാളി @ 120 ; സംസ്ഥാനത്ത് പച്ചക്കറിക്കും പലവ്യഞ്ജനത്തിനും തീവില

സംസ്ഥാനത്ത് ഒരു കിലോ തക്കാളിക്ക് 120 രൂപ! വിലയില്‍ തക്കാളിയോട് മല്‍സരിക്കുകയാണ് മറ്റു പച്ചക്കറികളും. 30 മുതല്‍ 40 രൂപ വരെയുണ്ടായിരുന്ന പല പച്ചക്കറികള്‍ക്കും 60 മുതല്‍ 100 രൂപ വരെയായി. വലിയ ഉള്ളിക്ക് ചില്ലറ വില്‍പനശാലകളില്‍ ദിനംപ്രതി വില വര്‍ധിച്ചുകൊണ്ടിരിക്കയാണ്.
തമിഴ്നാട്ടില്‍ പ്രളയത്തില്‍ വിളനാശം സംഭവിച്ചതോടൊപ്പം കേന്ദ്ര-കേരള സര്‍ക്കാരുകള്‍ തോന്നുംപടി വര്‍ധിപ്പിക്കുന്ന ഇന്ധവിലയും നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനക്ക് പ്രധാന കാരണമാണ്.
പച്ചക്കറിക്കൊപ്പം പലവ്യഞ്ജന സാധനങ്ങള്‍ക്കും സംസ്ഥാനത്ത് വില കുത്തനെ കൂടുന്നു. അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്കാണ് വിലക്കയറ്റം.
ഇതര സംസ്ഥാനങ്ങളിലെ മഴയും വിളനഷ്ടവുമാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. കേരളത്തിലേക്കെത്തുന്ന ആന്ധ്ര കുറുവയ്ക്കും ബോധനയ്ക്കും കിലോഗ്രാമിന് മൂന്നു രൂപ വരെ വില കൂടി. കുറുവ അരി ശ്രീലങ്കയിലേക്ക് കൂടി കയറ്റി അയക്കാന്‍ തുടങ്ങിയതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് മൊത്തവ്യാപാരികള്‍ പറയുന്നത്.
അതിനിടെ, പയറുവര്‍ഗങ്ങള്‍ക്കും മസാലസാധനങ്ങള്‍ക്കും വില കുത്തനെ കൂടി. വന്‍പയറിന് 95ല്‍ നിന്ന് 110 ആയും മഞ്ഞളിന് 120ല്‍ നിന്ന് 150 ആയും കടുകിന് 90ല്‍ നിന്ന് 105 ആയും മല്ലിക്ക് 110ല്‍ നിന്ന് 120 ആയും കടലയ്ക്ക് 80ല്‍ നിന്ന് 95 രൂപയുമായാണ് വില വര്‍ധിച്ചത്. മൊത്തവിലയാണിതെല്ലാമെന്നിരിക്കെ, ചില്ലറ വില്പനശാലകളിലൂടെ സാധാരണക്കാരന്റെ കൈയിലേക്ക് ഇവയെത്തുമ്പോള്‍ വീണ്ടും കിലോയ്ക്ക് 20 രൂപ വരെ വില വര്‍ധനവുണ്ടാകും. വിപണിയില്‍ സര്‍ക്കാര്‍ വേണ്ടരീതിയില്‍ ഇടപെട്ടില്ലെങ്കില്‍ ജനങ്ങള്‍ക്ക് പട്ടിണി കിടക്കേണ്ട സാഹചര്യമാണ്.

Related posts

Leave a Comment